‘ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്’: ആവർത്തിച്ചുറപ്പിച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ മതനിരപേക്ഷത, സോഷ്യലിസം എന്നീ മൂല്യങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ കൂട്ടിച്ചേർത്തതിനെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടെ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാർലമെന്റിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. 1976 ൽ ഇന്ദിരാ ഗാന്ധി സർക്കാരാണ് 42–ാം ഭേദഗതിയിലൂടെ ‘സോഷ്യലിസ്റ്റ്’, ‘മതനിരപേക്ഷം’, ‘അഖണ്ഡത’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികത്തലേന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റെ വിധി.
‘നാം, ഇന്ത്യയിലെ ജനങ്ങൾ..’ മതനിരപേക്ഷം, സോഷ്യലിസ്റ്റ് എന്നീ വാക്കുകളുടെ അർഥം നിസ്സംശയം ഉൾക്കൊണ്ടിട്ടുണ്ടെന്നു കോടതി വിലയിരുത്തി. മൗലികവും ഭരണഘടനാപരമായ അവകാശങ്ങളെയോ അടിസ്ഥാനഘടനയെയോ ബാധിക്കുന്നില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഇത്തരം കൂട്ടിച്ചേർക്കലുകൾക്കോ നിയമനിർമാണത്തിനോ തടസ്സമില്ല. 44 വർഷത്തിനുശേഷം (2020 ലാണ് ഹർജി ഫയൽ ചെയ്തത്) ഭേദഗതി ചോദ്യം ചെയ്യുന്നതിനു ന്യായീകരണമില്ലെന്നും ഓർമിപ്പിച്ചു.
ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചുമാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. അവസരസമത്വവും ക്ഷേമവും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ‘സോഷ്യലിസ്റ്റ്’ എന്ന വാക്കിലുള്ളത്. വലതോ ഇടതോ ആയ ഏതെങ്കിലും സാമ്പത്തികനയമോ രീതിയോ ഭരണഘടനയും അതിന്റെ ആമുഖവും അടിച്ചേൽപിക്കുന്നില്ല. സമത്വം, സാഹോദര്യം, അന്തസ്സ്, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക–സാമ്പത്തിക–രാഷ്ട്രീയനീതി, മതവിശ്വാസസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്. ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്ന ഭരണഘടനാ വകുപ്പുകളും വിധിന്യായങ്ങളും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിശദ പരിശോധന അർഹിക്കുന്നില്ല
ഹർജികൾ കോടതിയുടെ വിശദ പരിശോധന അർഹിക്കുന്നില്ലെന്നും വിശദമായ വിധിന്യായം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബൽറാം സിങ്, ബിജെപി മുൻ രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി, അശ്വിനികുമാർ ഉപാധ്യായ എന്നിവരുടെ ഹർജി സുപ്രീം കോടതി തള്ളിയത്. വിഷയം വിശാല ബെഞ്ചിനു വിടണമെന്ന ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു.