ADVERTISEMENT

പോകുന്നവർ പോകട്ടെയെന്ന് 1964 ഏപ്രിലിൽ സിപിഐ അധ്യക്ഷൻ എസ്.എ.ഡാങ്കെയും, പോകണമെങ്കിൽ പോകാമെന്ന് 2007 ഓഗസ്റ്റിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പറഞ്ഞു. ഡാങ്കേ പറഞ്ഞതു കേട്ടു പോയവർ സിപിഎമ്മുണ്ടാക്കി. മൻമോഹൻ പറഞ്ഞത് ഒരുമിച്ചിരുന്നു കേട്ടത് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറൽ സെക്രട്ടറി എ.ബി.ബർദനുമാണ്. 11 മാസം കഴിഞ്ഞപ്പോൾ ഇടത് – യുപിഎ ബന്ധം അവസാനിച്ചു.

ശല്യം തീർന്നു എന്നുകൂടി ഡാങ്കെ പറഞ്ഞിരുന്നു. ശല്യം മടുത്തിട്ടെന്നോണമാണു മൻമോഹൻ, കാരാട്ടിനോടും ബർദനോടും പിണങ്ങിപ്പറഞ്ഞതെന്നാണ് ആ വാക്കുകൾ പരസ്യമാക്കപ്പെട്ട അഭിമുഖത്തിന്റെ തുടക്കത്തിൽ പറയുന്നത്. ഇടതുപാർട്ടികൾ മൻമോഹനെ ചങ്ങലയ്ക്കിട്ട് അടിമയാക്കാൻ ശ്രമിച്ചെന്നാണ് അതെപ്പറ്റി കോൺഗ്രസ് പിന്നീട് ആരോപിച്ചത്.

2011ലെ ലോകകപ്പ് ക്രിക്കറ്റിൽ പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യ – പാക്കിസ്ഥാ‍ൻ സെമി ഫൈനലിനെത്തിയ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കൊപ്പം മൻമോഹൻ സിങ്, പ്രധാനമന്ത്രിയായിരിക്കെ ഗുജറാത്തിലെത്തിയ മൻമോഹൻ സിങ്ങിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി.
2011ലെ ലോകകപ്പ് ക്രിക്കറ്റിൽ പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യ – പാക്കിസ്ഥാ‍ൻ സെമി ഫൈനലിനെത്തിയ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കൊപ്പം മൻമോഹൻ സിങ്, പ്രധാനമന്ത്രിയായിരിക്കെ ഗുജറാത്തിലെത്തിയ മൻമോഹൻ സിങ്ങിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി.

ഇടതു പിന്തുണയോടെയാണ് 2004ൽ യുപിഎ സർക്കാർ രൂപീകരിച്ചത്. ആ വർഷം മേയിൽ സോണിയ ഗാന്ധിയുടെ വീട്ടിൽ സന്ധ്യായോഗത്തിലേക്ക് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് എത്തിയത് സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങ്ങുമായാണ്. അമർ സിങ്ങിനു ക്ഷണമില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയപ്പോൾ മറ്റൊന്നുകൂടി ഉദ്ദേശിച്ചു; പിന്തുണയുടെ പേരിൽ സർക്കാരിനെ സ്വാധീനിക്കാനാണു ശ്രമമെങ്കിൽ നടക്കില്ല.

5 വർഷവും സർക്കാരിന് ഇടതുപിന്തുണയുണ്ടാകുമെന്ന് മൻമോഹനു ജ്യോതി ബസുവിന്റെ വാക്കുണ്ടായിരുന്നു. സുർജിത് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കോൺഗ്രസിന് ആശങ്കയുമുണ്ടായിരുന്നു. 2005 ഏപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ മൻമോഹന്റെ വസതിയിൽ അത്താഴത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞതും സുർജിത് മാറില്ലെന്നാണ്. അത്താഴം പൂർത്തിയാകുംമുൻപേ, കാരാട്ട് ജനറൽ സെക്രട്ടറിയാകുമെന്ന് ടിവി ചാനലിൽ വാർത്ത വന്നു. തന്നെ മാറ്റി പ്രണബ് മുഖർജിയെയോ എ.കെ.ആന്റണിയെയോ പ്രധാനമന്ത്രിയാക്കാൻ സിപിഎം ശ്രമിക്കുമെന്നു മൻമോഹൻ കരുതിയിരുന്നതായാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയത്; സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിനു തൊട്ടുമുൻപ് സിപിഎം ‘ഇടത് അനുകൂല’ പ്രധാനമന്ത്രിക്കായി ശ്രമിച്ചെന്നും.

ഇടതിന്റെ പിന്തുണയ്ക്കും മൻമോഹൻ സിങ് സർക്കാരിന്റെ നയങ്ങൾക്കുമുള്ള വ്യവസ്ഥകളെന്നോണമാണ് പൊതു മിനിമം പരിപാടിയുണ്ടാക്കിയത്. മേൽനോട്ടത്തിന് യുപിഎ – ഇടത് ഏകോപനസമിതിയുമുണ്ടാക്കി. ഇന്ത്യ – യുഎസ് ആണവക്കരാറിനെച്ചൊല്ലി തർക്കമായപ്പോൾ ആ വിഷയത്തിൽ മറ്റൊരു സമിതി രൂപീകരിച്ചു. 

2007 സെപ്റ്റംബറിൽ ഇടത് – യുപിഎ ആണവകാര്യ സമിതിയുണ്ടായി. 2008 ജൂലൈ 10നു നിശ്ചയിച്ചിരുന്ന ആണവകാര്യ സമിതി ചേർന്നില്ല. അതിന്റെ തലേന്നാണ് ഇടതു നേതാക്കൾ രാഷ്ട്രപതിയെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് അറിയിച്ചത്.പിന്തുണച്ച കാലത്ത് ഭരണത്തെയും നയങ്ങളെയും സംബന്ധിച്ചു മൻമോഹനും യുപിഎ അധ്യക്ഷ സോണിയയ്ക്കും കുറിപ്പു നൽകുക ഇടതിന്റെ രീതിയായിരുന്നു. പിന്നീട് സർക്കാർ പ്രതിസന്ധിയിലായ 2ജി സ്പെക്ട്രം വിഷയത്തിലുൾപ്പെടെ 20 കുറിപ്പുകളെങ്കിലും രണ്ടു വർഷത്തിൽ മൻമോഹനു ലഭിച്ചു. ചിലതിനു മറുപടിയുണ്ടായി, ചിലതിലെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടു, മറ്റു ചിലത് അവഗണിക്കപ്പെട്ടു. എന്തായാലും, ഒപ്പമുള്ളപ്പോൾ ഇടതുപക്ഷം റഫറിയെപ്പോലെ പെരുമാറിയെന്നും അതു സർക്കാരിന്റെ പ്രവർത്തനത്തിൽ അച്ചടക്കം ഉറപ്പാക്കിയെന്നും കോൺഗ്രസ്  പിന്നീടു പറഞ്ഞിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന ഉൾപ്പെടെ പല വിഷയങ്ങളിലും ഇടതുപാർട്ടികൾ മൻമോഹനുമായി ഉടക്കി. സർക്കാരിനു പിന്തുണ പിൻവലിക്കാനുള്ള വിഷയമാണോ ആണവക്കരാർ എന്നതിൽ സിപിഎം ബംഗാൾ ഘടകത്തിനു സംശയമുണ്ടായിരുന്നു. അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്നതിലും അതിനു കാരണം കാരാട്ടാണെന്ന് അദ്ദേഹം ആരോപിച്ചതിലും ബംഗാൾ നിലപാട് വ്യക്തമായിരുന്നു. ഇടതുപിന്തുണ പിൻവലിക്കപ്പെട്ടതിനു പിന്നാലെ, സോമനാഥിന്റെ നിയന്ത്രണത്തിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സർക്കാർ ജയിച്ചു. 2009ൽ യുപിഎയെ പരാജയപ്പെടുത്താനുള്ള ഇടതുശ്രമം എങ്ങുമെത്തിയതുമില്ല.

ലോക്സഭയിലേക്ക് ഒരു പയറ്റ്

മൻമോഹൻ സിങ് ലോക്സഭയിലേക്ക് ഒരു തവണയേ മത്സരിച്ചിട്ടുള്ളൂ; 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ. ബിജെപിയുടെ വി.കെ.മൽഹോത്രയായിരുന്നു മുഖ്യ എതിരാളി. വോട്ടെണ്ണിയപ്പോൾ 29,999 വോട്ടിനു മൻമോഹൻ തോറ്റു.

ജീവിതത്തിലെ ആദ്യ രാഷ്ട്രീയമത്സരത്തിലും മൻമോഹൻ തോൽവി രുചിച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃത്‌സർ ഹിന്ദു കോളജിൽ ബിരുദപഠനത്തിന്റെ അവസാന വർഷം കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ആ ‘പാളിയ’ പോരാട്ടം.

മടങ്ങിവന്നു, കരുത്തോടെ

2009ൽ രണ്ടാം തവണ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് രണ്ട് റെക്കോർഡുകൾക്കുടമയായി. നെഹ്‌റുവിനു ശേഷം ഇന്ത്യയിൽ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തിയ ആദ്യത്തെ പ്രധാനമന്ത്രി എന്നതാണ് ഒരു റെക്കോർഡ്. (നരേന്ദ്ര മോദിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരാൾ.)

കോൺഗ്രസിൽ നെഹ്‌റു - ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു തുടർച്ചയായി രണ്ടാമതൊരിക്കൽക്കൂടി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയും മൻമോഹനാണ്. റിസർവ് ബാങ്ക് ഗവർണറും കേന്ദ്ര ധനമന്ത്രിയും ആയിരുന്ന ഏക പ്രധാനമന്ത്രിയുമാണ് അദ്ദേഹം.

English Summary:

Manmohan Singh : Manmohan Singh's relationship with India's Left parties was marked by both cooperation and conflict. Their alliance, formed in 2004, ultimately fractured over disagreements, notably regarding the Indo-US nuclear deal, leading to the Left's withdrawal of support in 2008.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com