ഡോ. ആർ. ചിദംബരം: വിട്ടുവീഴ്ചയില്ലാത്ത സമർപ്പണം, രാജ്യസ്നേഹം; ആണവ പരീക്ഷണങ്ങൾക്കു പിന്നിലെ ആൾക്കരുത്ത്
Mail This Article
ഡോ. ആർ. ചിദംബരം നേതൃത്വം നൽകിയ പൊഖ്റാൻ– 1 (1974), പൊഖ്റാൻ– 2 (1998) എന്നീ വിജയകരമായ പരീക്ഷണങ്ങളാണ് ആഗോള തലത്തിൽ ആണവ ശക്തിയെന്ന ഇന്ത്യയുടെ പദവി ഉറപ്പിച്ചത്. 1998 ലെ പരീക്ഷണത്തിനു പിന്നാലെ വ്യക്തിപരമായി അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പരീക്ഷണം വിജയിച്ചെന്ന ഇന്ത്യയുടെ വാദത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആണവ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം എന്നോടു സംസാരിച്ചു.
ഡോ. ചിദംബരം ഇന്ത്യൻ സർക്കാരിലെ ശാസ്ത്ര ഉപദേശക സമിതിയുടെ ചെയർമാൻ ആയിരിക്കെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. പൊതു– സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ഇന്ത്യയെ അതിവേഗം മുന്നോട്ടുനയിക്കാനുള്ള ധീരമായ ചുവടുവയ്പുകളാണ് അദ്ദേഹം സ്വീകരിച്ചത്. അടിസ്ഥാന ശാസ്ത്രത്തിൽ നടക്കുന്ന ഗവേഷണങ്ങൾ സാമ്പത്തിക, സാമൂഹിക പുരോഗതിക്ക് ഉപകാരപ്പെടണമെന്ന അദ്ദേഹത്തിന്റെ ആശയത്തോട് എനിക്കും യോജിപ്പുണ്ടായിരുന്നു.
പൗരാണികമായ അറിവുകളും ആധുനിക ശാസ്ത്രവും ഒരുമിച്ചുനിൽക്കണമെന്ന് ഞങ്ങൾ വിശ്വസിച്ചു. ഡോ. എം.എസ്. വല്യത്താൻ മുന്നോട്ടുവച്ച ആയുർവേദ ബയോളജി എന്ന സങ്കൽപത്തോട് യോജിക്കുകയും അതിനു വേണ്ട പല ഗവേഷണ പദ്ധതികളെയും പിന്തുണയ്ക്കുകയും ചെയ്തു. ശാസ്ത്ര പദ്ധതികൾക്ക് മികച്ച നേതൃത്വം നൽകിയ അദ്ദേഹം മികച്ചൊരു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സമർപ്പണവും രാജ്യസ്നേഹവും ഔദ്യോഗിക ജീവിതത്തിൽ ഉടനീളം അദ്ദേഹം പുലർത്തി. (സിഎസ്ഐആർ മുൻ ഡയറക്ടർ ജനറൽ ആണ് ഡോ. ആർ.എ. മഷേൽക്കർ)