പാക്കിസ്ഥാനിയെന്ന വിളി മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ല: സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനിയെന്നും മിയാൻ ടിയാൻ (മുസ്‌ലിംകളെ അഭിസംബോധന ചെയ്യുന്ന പ്രയോഗം) എന്നും ഒരാളെ വിളിക്കുന്നതു മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. മോശം അർഥത്തിലുള്ളതാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റം ചുമത്താനാകില്ലെന്നു നിരീക്ഷിച്ച കോടതി, പ്രതിയെ വിട്ടയച്ചു.
ഉർദു വിവർത്തകൻ കൂടിയായ ജാർഖണ്ഡിലെ സബ് ഡിവിഷനൽ ഓഫിസ് ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണിത്. വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകൻ തന്നെ പാക്കിസ്ഥാനിയെന്നും മിയാൻ ടിയാൻ എന്നും വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു പരാതി. ജാർഖണ്ഡ് ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നു സ്ഥാപിക്കാൻ പരാതിക്കാരനു കഴിഞ്ഞില്ലെന്നു ജഡ്ജിമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.