പ്രതിഷേധ ടി ഷർട്ടിൽ ഡിഎംകെ, സഭ സ്തംഭിച്ചു

Mail This Article
ന്യൂഡൽഹി ∙ മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ചെത്തിയ ഡിഎംകെ അംഗങ്ങളുടെ നടപടിയിൽ പാർലമെന്റ് സ്തംഭിച്ചു.
തമിഴ്നാട് പൊരുതും എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ടും ഷാളും ധരിച്ചു ഡിഎംകെ അംഗങ്ങൾ പാർലമെന്റിനു മുന്നിൽ രാവിലെ പ്രതിഷേധിച്ചിരുന്നു. ലോക്സഭയിലും അംഗങ്ങൾ ഈ ടി ഷർട്ട് ധരിച്ചെത്തിയതോടെ ബിജെപി അംഗങ്ങൾ പ്രതിഷേധമുയർത്തി. സ്പീക്കർ ഓം ബിർലയും ഡിഎംകെ അംഗങ്ങളെ വിമർശിച്ചു. സ്പീക്കറുടെ പരാമർശത്തിനുശേഷവും പ്രതിഷേധം തുടർന്നതോടെ സഭാ നടപടികൾ 12 വരെ നിർത്തിവച്ചു.
പിന്നീടു സഭ ചേർന്നപ്പോൾ കൂടുതൽ അംഗങ്ങൾ ടിഷർട്ടും ഷാളും അണിഞ്ഞെത്തി. സഭാനടപടികൾ നിയന്ത്രിച്ചിരുന്ന കൃഷ്ണ പ്രസാദ് തെന്നട്ടി വീണ്ടും ഇവരോടു വസ്ത്രം മാറിവരാൻ നിർദേശിച്ചു. സഭാ ചട്ടം 349 ന്റെ ലംഘനമാണിതെന്ന് ഓർമിപ്പിച്ചുവെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. ഇതോടെ 2 വരെ സഭ നിർത്തിവച്ചു. പിന്നീടു ചേർന്നപ്പോഴും ഈ നില തുടർന്നതോടെയാണു സഭ പിരിഞ്ഞത്. ‘തമിഴ്നാട് പൊരുതും, തമിഴ്നാട് ജയിക്കും’എന്നെഴുതിയ ടിഷർട്ട് ധരിച്ചും ‘സംസ്കാരമില്ലായ്മ, ജനാധിപത്യമില്ലായ്മ’ എന്നെഴുതിയ ഷാൾ കഴുത്തിലുമണിഞ്ഞാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള വിസികെ എംപിമാരും കോൺഗ്രസ് അംഗവും പ്രതിഷേധങ്ങളിൽ ഭാഗമായിരുന്നു.
രാജ്യസഭയിലും പ്രതിഷേധ ടി ഷർട്ട് ധരിച്ചാണു ഡിഎംകെ അംഗങ്ങൾ എത്തിയത്. ഇതു ശ്രദ്ധയിൽപെട്ടയുടൻ 12 വരെ സഭ നിർത്തിവച്ച അധ്യക്ഷൻ ജഗ്ദീപ് ധൻകർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. 2നു വീണ്ടും സഭ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ സഭ പിരിയുന്നതായി ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചു.