വീട്ടിൽ നോട്ട്: ചീഫ് ജസ്റ്റിസിന് മറുപടി; ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടി ജഡ്ജി

Mail This Article
ന്യൂഡൽഹി ∙ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ ചാക്കുകണക്കിനു പണം കണ്ടെത്തിയതിനു പിന്നിൽ ഗൂഢാലോചന സംശയിച്ചുകൊണ്ടാണു ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ ചീഫ് ജസ്റ്റിസിനു മറുപടി നൽകിയത്. താൻ മുറി സന്ദർശിക്കുമ്പോൾ അവിടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും തീ കത്തിയതിന്റെ ചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറുപടിയിലുണ്ട്.പഴയ തടിയുപകരണങ്ങളും മെത്തയും ഉൾപ്പെടെ സാധനങ്ങൾ കൂട്ടിയിടുന്ന മുറിയിൽ ആരാണു പണം സൂക്ഷിക്കുകയെന്ന ചോദ്യം അദ്ദേഹം മറുപടിയിൽ ഉന്നയിച്ചിട്ടുണ്ട്. മുറിയിൽനിന്നു യാതൊന്നും നീക്കം ചെയ്തിട്ടില്ലെന്നാണ് ജീവനക്കാരോടു ചോദിച്ചതിൽനിന്നു മനസ്സിലായതെന്നും വിശദീകരിച്ചു.
-
Also Read
ക്ഷയരോഗികളെ ദത്തെടുത്ത് മേഘാലയ സർക്കാർ
ഡൽഹി പൊലീസ് കൈമാറിയ, നോട്ടുകെട്ടുകൾ വ്യക്തമായി കാണുന്ന വിഡിയോയും ചിത്രങ്ങളും കാട്ടിയപ്പോഴും ഗൂഢാലോചനയുണ്ടെന്ന തരത്തിലായിരുന്നു ജസ്റ്റിസ് വർമ പ്രതികരിച്ചത്. സ്റ്റോർ മുറിയിലേക്ക് പൊതുമരാമത്തുവകുപ്പിലെ ജീവനക്കാർക്കുവരെ പ്രവേശനമുണ്ടായിരുന്നെന്നും വ്യക്തമാക്കി. എന്നാൽ, പുറത്തുനിന്ന് ആളെത്താൻ സാധ്യതയില്ലെന്ന ബോധ്യത്തിൽ കൂടിയാണ് വിശദ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ നിലപാടെടുത്തതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ സമിതിയെ നിയോഗിച്ചതും.
15നു വൈകിട്ടു വിവരമറിഞ്ഞ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപ്പോൾത്തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു റിപ്പോർട്ട് ചെയ്തു. ലക്നൗവിലായിരുന്ന ചീഫ് ജസ്റ്റിസ് 16ന് ആണ് സംഭവസ്ഥലം സന്ദർശിച്ചത്. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ജസ്റ്റിസ് വർമയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാർ പറഞ്ഞതനുസരിച്ച് സ്ഥലത്തുനിന്നു നീക്കിയെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ടിലുണ്ട്.
അന്വേഷണം തേടി ഹർജി
ജസ്റ്റിസ് വർമയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നാഷനൽ ലോയേഴ്സ് ക്യാംപെയ്ൻ എന്ന സംഘടനയുടെ പേരിൽ അഭിഭാഷകൻ മാത്യൂസ് ജെ.നെടുമ്പാറ സുപ്രീം കോടതിയിൽ ഹർജി നൽകി.
വസതിക്കു പുറത്ത് കത്തിക്കരിഞ്ഞ നോട്ടുകളെന്ന് വെളിപ്പെടുത്തൽ
ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിക്കു പുറത്ത് തുഗ്ലക് ക്രസന്റ് റോഡിൽ കത്തിക്കരിഞ്ഞ നോട്ടുകളുടെ ഭാഗം കണ്ടെത്തിയിരുന്നതായി ശുചീകരണത്തൊഴിലാളികൾ. നോട്ടുകെട്ടുകൾ ഇവിടെനിന്നു മാറ്റിയതിനെക്കുറിച്ചു കൂടുതൽ ദുരൂഹത ഉയരുന്നതിനിടെയാണു വെളിപ്പെടുത്തൽ. നോട്ട് ഉൾപ്പെടെ കത്തിയതിന്റെ അവശിഷ്ടങ്ങൾ താനോ കുടുംബക്കാരോ മാറ്റിയിട്ടില്ലെന്നാണു ജസ്റ്റിസ് വർമയുടെ വാദം.