ADVERTISEMENT

ന്യൂഡൽഹി ∙ ‍ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ട് കണ്ടെത്തിയ രാത്രിയിൽ, തുടർനടപടികൾക്ക് അനുവദിക്കാതെ പൊലീസിനെ ജഡ്ജിയുടെ പഴ്സനൽ അസിസ്റ്റന്റ് മടക്കിയയച്ചെന്നു സൂചന. വീട്ടിലെ തീപിടിത്തമറിഞ്ഞ് സഫ്ദർജങ്ങിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾക്കു പുറമേ അഞ്ചംഗ പൊലീസ് സംഘവുമെത്തിയിരുന്നു. രാവിലെ വന്നാൽ മതിയെന്നു നിർദേശത്തോടെയാണ് പിഎ പൊലീസിനെ പറഞ്ഞുവിട്ടത്. അപ്പോഴേക്കും കണ്ടെടുത്തിരുന്ന നോട്ടുകെട്ടുകളുടെ വിഡിയോ പൊലീസ് പകർത്തിയിരുന്നു. ഇതാണ് പിന്നീട് ചീഫ് ജസ്റ്റിസിനും മറ്റും നൽകിയത്. സംഭവം നടക്കുമ്പോൾ ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു.

പിറ്റേന്ന് രാവിലെ ചെന്നപ്പോഴും ‘പിന്നീട് വരൂ’ എന്നാണു പറഞ്ഞതെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഇതിനിടെ തീപിടിച്ചതടക്കമുള്ള നോട്ടുകെട്ടുകൾ പൂർണമായി നീക്കം ചെയ്യപ്പെട്ടിരുന്നു. ജഡ്ജിയുടെ ജീവനക്കാരുടെ അറിവോടെയാണോ പണം മാറ്റിയതെന്ന സംശയം മൂലം ഈ ദിശയിലും അന്വേഷണം നടക്കുന്നു. പിറ്റേന്ന് വൈകിമാത്രമാണ് സംഭവങ്ങൾ പൊലീസിന്റെ തലപ്പത്ത് അറിയുന്നത്. പൊലീസ് കമ്മിഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരമറിയിക്കാൻ 17 മണിക്കൂർ വൈകിയെന്നു വിമർശനമുയർന്നിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 

ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജഡ്ജിയുടെ വീട്ടിൽ പരിശോധന നടത്തി. ജസ്റ്റിസ് വർമ നിയമോപദേശം തേടിയെന്നും സൂചനയുണ്ട്. പ്രമുഖ അഭിഭാഷകരായ സിദ്ധാർഥ് അഗർവാൾ, മേനക ഗുരുസ്വാമി, അരുന്ധതി കാട്ജു, താര നരൂല എന്നിവർ ഇന്നലെ ജസ്റ്റിസ് വർമയെ വീട്ടിലെത്തി കണ്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിൽ സ്വീകരിക്കേണ്ട നിലപാട് അഭിഭാഷകരുമായി ജസ്റ്റിസ് വർമ ചർച്ച ചെയ്തെന്നാണു വിവരം.

അടിയന്തരമായി കേസ് കേൾക്കില്ല

സംഭവത്തിൽ പൊലീസ് അന്വേഷണത്തിനു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര ഇടപെടലിനു സുപ്രീം കോടതി വിസമ്മതിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജി നൽകിയ അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ ആവശ്യപ്പെട്ടെങ്കിലും ‘സോറി’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം. നടപടിക്രമം പാലിക്കാനും കേസിന്റെ അടിയന്തര പ്രാധാന്യം അറിയിച്ച് ഇ–മെയിൽ അയ്ക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

സാധാരണക്കാരായിരുന്നെങ്കിൽ അന്വേഷണ ഏജൻസികൾ പിന്നാലെ എത്തുമായിരുന്നുവെന്നും ജഡ്ജിയും സാധാരണക്കാരും തമ്മിൽ വ്യത്യാസം എന്താണെന്നും മറ്റൊരു ഹർജിക്കാരനായ ഹേമാലി സുരേഷ് കുർനെ ചോദിച്ചു. റജിസ്ട്രി പരിശോധിക്കാനായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

English Summary:

Justice Yashwant Verma Cash Case: Justice Yashwant Verma faces a police investigation after cash was discovered near his residence. The incident, involving a delayed police report and the intervention of his personal assistant, raises concerns about transparency and impartiality within the judicial system.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com