വിമാനനിരക്കു വർധന ഇന്ധനത്തിനുള്ള ‘വാറ്റ്’ മൂലം: മന്ത്രി

Mail This Article
ന്യൂഡൽഹി ∙ വിമാനയാത്രാനിരക്ക് കുറയണമെങ്കിൽ ഏവിയേഷൻ ഇന്ധനത്തിന് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ഉയർന്ന വിമാനനിരക്ക് സംബന്ധിച്ച് അംഗങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
വിമാനനിരക്കിന്റെ 45 ശതമാനത്തിനും കാരണം ഇന്ധനവിലയാണ്. തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ 29% വരെയാണ് വാറ്റ് ഈടാക്കുന്നത്. നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. 15 സംസ്ഥാനങ്ങൾ ഇതിനകം നികുതി 5 ശതമാനത്തിൽ താഴെയാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് തുടരുന്നു.
വിമാനക്കമ്പനികൾ തമ്മിൽ മത്സരിച്ച് നിരക്ക് കുറയ്ക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അടിസ്ഥാനനിരക്കിനൊപ്പം ചില ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾ അധികനിരക്ക് ഈടാക്കുന്നുണ്ട്.
നിരക്ക് അടിക്കടി മാറ്റാതിരിക്കാനുള്ള ചട്ടഭേദഗതി അടുത്തിടെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.