ഛായാഗ്രഹണകലയിലെ പണ്ഡിതനും പ്രമാണിയും
Mail This Article
തിരുവനന്തപുരം ∙ ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ അപാര പാണ്ഡിത്യമുള്ള ക്യാമറാമാനായിരുന്നു രാമചന്ദ്രബാബു. പ്രധാന നടന്മാർ ഡബിൾ റോളിൽ അഭിനയിക്കുന്ന സിനിമകളിൽ അതു ഗംഭീരമാക്കാൻ സംവിധായകർ ആശ്രയിച്ചിരുന്നതു രാമചന്ദ്രബാബുവിനെയാണ്. ഒരേ നടൻ തന്നെ രണ്ടാമത്തെ കഥാപാത്രവുമായി സംഘട്ടനം നടത്തുന്നതു പോലുള്ള രംഗങ്ങൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടു തിരശ്ശീലയിലെത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ഐ.വി.ശശിയുടെ ‘അലാവുദ്ദീനും അദ്ഭുതവിളക്കും’ മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമാണ്. സാങ്കേതിക പ്രശ്നം മൂലം ഇൗ ചിത്രത്തിന്റെ റിലീസ് വൈകിയതിനാൽ പിന്നാലെ വന്ന ‘തച്ചോളി അമ്പു’ രേഖകളിൽ ആദ്യ സിനിമാസ്കോപ് ചിത്രമായി. മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമായ ‘പടയോട്ട’ത്തിന്റെ ഛായാഗ്രാഹകനും ഇദ്ദേഹമായിരുന്നു. ശാന്തസ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. വളരെ നിശ്ശബ്ദമായി സ്വന്തം ജോലി തീർത്തിരുന്ന അദ്ദേഹത്തെ സഹപ്രവർത്തകരും ഏറെ ഇഷ്ടപ്പെട്ടിരുന്നു.
മലയാളസിനിമയുടെ യശസ്സ് രാജ്യാന്തര തലത്തിൽ എത്തിച്ച സംവിധായകരുടെ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിക്കാൻ രാമചന്ദ്രബാബുവിനു സാധിച്ചു. എം.ടി.വാസുദേവൻ നായരുടെയും കെ.ജി.ജോർജിന്റെയും ചിത്രങ്ങളിൽ തുടക്കകാലത്തു തന്നെ അവസരം ലഭിച്ചു. ‘നിർമാല്യം’ ദേശീയ അവാർഡും ‘സ്വപ്നാടനം’ സംസ്ഥാന അവാർഡും നേടി.
മലയാളിയാണെങ്കിലും രാമചന്ദ്രബാബു പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. ഹരിപ്പാട് താമല്ലാക്കൽ ശങ്കരമംഗത്തു വീട്ടിൽ പത്മിനിയുടെയും തൃക്കുന്നപ്പുഴ മംഗലം വീട്ടിൽ കുഞ്ഞന്റെയും മകൻ നാട്ടിൽ കണ്ട ആദ്യ സിനിമ ‘സ്‌ഥാനാർഥി സാറാമ്മ’യായിരുന്നു. അച്‌ഛനു ചെങ്കൽപേട്ടിനടുത്തു മധുരാന്തകത്തു ഹോട്ടൽ ബിസിനസായിരുന്നതിനാൽ രാമചന്ദ്രബാബുവും താഴെയുള്ള 6 മക്കളും തമിഴ്‌നാടിന്റെ മക്കളായി.
മദ്രാസ് ലയോള കോളജിലെ ബിരുദപഠനത്തിനു രസതന്ത്രം മുഖ്യവിഷയമാക്കിയതിലൂടെ രാമചന്ദ്രബാബു ഫൊട്ടോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കി. കോളജ് പഠനകാലത്തു ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾ ധാരാളമായി കണ്ടിരുന്ന ഇദ്ദേഹം ചിത്രകാരൻ കൂടിയായിരുന്നു. 1967 ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ പഠനത്തിന് അപേക്ഷിച്ചെങ്കിലും ആകെയുള്ള 12 സീറ്റിൽ പ്രവേശനം ലഭിക്കാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അദ്ദേഹം വരച്ച ചിത്രങ്ങൾ കയ്യിൽ കരുതിയതു പ്രവേശനം ലഭിക്കാൻ സഹായകമായി.
പുണെ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തുമ്പോൾ സഹപാഠിയായി കെ.ജി.ജോർജുമുണ്ടായിരുന്നു. ജോർജിന്റെ പ്രധാന വിഷയം സംവിധാനം തന്നെ. പിന്നീടു ഹിന്ദിയിൽ തിളങ്ങിയ ഡാനി ഡെൻസോങ്‌പ, ജയ ബച്ചൻ, രവി മേനോൻ എന്നിവരൊക്കെ അതേ ബാച്ചുകാർ. സീനിയർ ബാച്ചിൽ ജോൺ ഏബ്രഹാമും ബാലു മഹേന്ദ്രയും കബീർ റാവുത്തറും ജി.എസ്.പണിക്കരുമുണ്ടായിരുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ പ്രവർത്തിച്ചു തുടങ്ങിയ രാമചന്ദ്രബാബുവിന് സിനിമയുടെ സാങ്കേതിക മേഖലയിൽ ഉണ്ടായ ഒട്ടേറെ മാറ്റങ്ങളുടെ അമരക്കാരനാകാൻ ഭാഗ്യം ലഭിച്ചു. കറുപ്പും വെളുപ്പും ചിത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന ധാരണ ശരിയല്ലെന്നും അവയ്‌ക്കിന്നും പ്രസക്‌തിയുണ്ടെന്നും രാമചന്ദ്രബാബു വ്യക്തമാക്കിയിരുന്നു. വിഷയത്തിന്റെ അടിസ്‌ഥാനത്തിൽ വേണം കറുപ്പോ, വെളുപ്പോ, വർണമോ ഉത്തമമെന്നു നിശ്‌ചയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമയെ പഠിച്ചൊരാൾ, പങ്കുവച്ചൊരാൾ...വേണു
എന്നും എപ്പോഴും കാണുന്നൊരാളാണ് പെട്ടെന്നൊരു ദിവസം യാത്രയാകുന്നത്. സിനിമയെ കുറിച്ച് എപ്പോഴും പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നൊരാളാണ് രാമചന്ദ്രബാബു സാർ. പഠിച്ച കാര്യങ്ങൾ ഞങ്ങളോടെല്ലാം പങ്കുവയ്ക്കാനും അദ്ദേഹം ഉത്സുകനായിരുന്നു.
നിർമാല്യം, യവനിക, ഒരു വടക്കൻ വീരഗാഥ തുടങ്ങി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ എത്രയോ ചിത്രങ്ങൾക്കാണ് ബാബു സാർ ക്യാമറ ചലിപ്പിച്ചത്. അദ്ദേഹം സിനിമയ്ക്കു നൽകിയ സംഭാവനകൾ അതുല്യമാണ്. സാങ്കേതികത്തികവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എന്തും അച്ചടക്കത്തോടെ, ഏകമനസ്കനായി ചെയ്യുന്നൊരാൾ. ഛായാഗ്രഹണവുമായി ബന്ധപ്പെട്ട സങ്കേതങ്ങൾ അദ്ദേഹം കയ്യടക്കത്തോടെ, പൂർണതയോടെ ഉപയോഗിച്ചു.
കുട്ടിക്കാലം മുതലേ ഞാൻ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കൗതുകത്തോടെ കണ്ടിരുന്നിട്ടുണ്ട്. സിനിമ എന്തെന്നറിയാത്ത പ്രായത്തിൽ കണ്ട ആ ചിത്രങ്ങൾ പിന്നീട് ചലച്ചിത്രപഠനം തുടങ്ങിയ കാലത്ത് പുതിയൊരു മനസ്സോടെ പലവട്ടം വീണ്ടും കണ്ടു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിനു പോയപ്പോൾ, മനസ്സിൽ തങ്ങിയ ചിത്രത്തെ കുറിച്ചു ചോദ്യം വന്നു. ബാബു സാർ ക്യാമറ ചെയ്ത സ്വപ്നാടനത്തെ പറ്റിയാണ് ഞാൻ ആവേശത്തോടെ സംസാരിച്ചത്.
എന്നും അദ്ദേഹം ഞങ്ങളുടെയൊക്കെ ഒപ്പമുണ്ടായിരുന്നു, നേടുന്ന അറിവുകൾ എല്ലാവർക്കും പങ്കുവച്ചു കൊണ്ട്. അദ്ദേഹം കാൽപനികനായിരുന്നില്ല, പണ്ഡിതനായിരുന്നു. അടുത്തിടെ പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ കൃതി ‘സെല്ലുലോയ്ഡ് സ്വപ്നാടകൻ’ സിനിമാ ചരിത്രത്തിന്റെ ഒരു അടരാണ്. മറ്റൊരിടത്തും രേഖപ്പെടുത്താതെ പോയ പല കാര്യങ്ങളും കൃത്യതയോടെ, പാണ്ഡിത്യത്തോടെ ചേർത്തുവച്ച ഒന്ന്. അകാലത്തിലാണ് അദ്ദേഹം പിരിഞ്ഞുപോകുന്നത്. ഇനിയുമൊരുപാട് ചെയ്യാൻ ബാക്കിവച്ച്...
English summary: Cinematographer Ramachandra Babu life story