പുക പരിശോധന: നടന്നത് തട്ടിപ്പ് !

Mail This Article
തിരുവനന്തപുരം ∙ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു നൽകേണ്ടത് 6 മാസത്തേക്ക് ചുരുക്കി വർഷങ്ങളോളം സംസ്ഥാനം വാഹന ഉടമകളെ വലച്ചു. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ 6 മാസത്തേക്ക് സർട്ടിഫിക്കറ്റ് നൽകിയവർക്കെല്ലാം അത് ഒരു വർഷത്തേക്ക് നീട്ടി നൽകാനും പുക പരിശോധന കേന്ദ്രങ്ങളോട് വിശദീകരണം തേടാനും നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കാനും നിർദേശം നൽകുമെന്നു ട്രാൻസ്പോർട്ട് കമ്മിഷണർ എംആർ.അജിത്കുമാർ അറിയിച്ചു.
പുക പരിശോധന സർട്ടിഫിക്കറ്റിന്റെ പേരിൽ നടന്നത് ജനങ്ങളുടെ കീശ കൊള്ളയടി ആയിരുന്നെന്നു വൈകിയാണ് സർക്കാർ തിരിച്ചറിഞ്ഞത്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് പുക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റാണ്. പിന്നീട് വീണ്ടും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. ഇൗ ഇനത്തിലും സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പൊലീസിനും മോട്ടർ വാഹനവകുപ്പിനും പിഴ അടച്ചും ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
നിലവിൽ ബിഎസ് 3 വാഹനങ്ങൾക്കു മാത്രമാണ് 6 മാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ ബിഎസ് 4 വാഹനങ്ങൾക്കും മുകളിലോട്ടും ഒരു വർഷത്തെ പുക പരിശോധന സർട്ടിഫിക്കറ്റാണ് നൽകുന്നത്. 2012 ൽ കേന്ദ്രസർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ നടപ്പായില്ല. ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി ചിലർ ഉന്നയിച്ചതോടെയാണ് മോട്ടർ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത് .
പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈനിൽ
∙ പുക പരിശോധന സർട്ടിഫിക്കറ്റ് ഇൗ മാസം മുതൽ ഓൺലൈനാക്കുന്നതിനും തീരുമാനമായി. ഇനി വാഹൻ സോഫ്റ്റ് വെയറും ഇൗ പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. പുക പരിശോധനയ്ക്ക് വാഹനം കേന്ദ്രത്തിലെത്തിച്ചാൽ പുക പരിശോധന നടക്കുന്നത് സോഫ്റ്റ് വെയറിലാണ്. വിവരങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ െസർവറിലേക്ക് അപ് ലോഡ് ചെയ്യും. സർട്ടിഫിക്കറ്റിന്റെ കാലപരിധി കഴിയുമ്പോൾ വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശവും ലഭിക്കും.
പുക പരിശോധന ഫീസ്
ഇരുചക്രം: 80 രൂപ
മുചക്ര വാഹനം : പെട്രോൾ–80, ഡീസൽ–90
ലൈറ്റ് മോട്ടർ വെഹിക്കിൾ: പെട്രോൾ –100, ഡീസൽ –110
ഹെവി മോട്ടർ വെഹിക്കിൾ: 150
English Summary: Vehicle air pollution test in controversy