ഡോ. ഉഷ ടൈറ്റസ് വിരമിച്ചു

Mail This Article
തിരുവനന്തപുരം ∙ ഐഎഎസ് ഉദ്യോഗസ്ഥയും ഉന്നതവിദ്യാഭ്യാസ, പരിസ്ഥിതി പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ഉഷ ടൈറ്റസ് സർവീസിൽനിന്നു വിരമിച്ചു. 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് ഡയറക്ടറായിരിക്കെ ജി20യിലും ബ്രിക്സ് ഡവലപ്മെന്റ് ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കിന്റെയും രൂപീകരണ ചർച്ചയിലും നിർണായക പങ്കു വഹിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കലക്ടറായിരുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറി, ഐഐടി മദ്രാസ് റജിസ്ട്രാർ പദവികളും വഹിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് അവസാനിപ്പിച്ചത്, പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം തുടങ്ങിയ ഉത്തരവുകൾ നൽകിയത് ഡോ. ഉഷ ടൈറ്റസാണ്.
റെയിൽവേ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ടൈറ്റസ് പി. കോശിയാണു ഭർത്താവ്. ഗോവ കസ്റ്റംസിലെ ജോയിന്റ് കമ്മിഷണർ അമൃത ടൈറ്റസ് മകളാണ്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് സഹോദരിയാണ്.