ADVERTISEMENT

കൊച്ചി ∙ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പിന് ഉപയോഗിച്ച തോക്കുകളുടെ ഉറവിടം കണ്ടെത്താൻ കേസിലെ നാലാം പ്രതി അൽത്താഫ് ഖാനെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും. വെടിവയ്പു നടത്താനുള്ള തോക്കുകൾ അടങ്ങിയ ബാഗും വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കും കൊച്ചിയിലെത്തിച്ചയാളെ അൽത്താഫ് ഖാനറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഒന്നാം പ്രതി ബിലാൽ, രണ്ടാം പ്രതി വിപിൻ വർഗീസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് അൽത്താഫ് ഖാന്റെ പേരു പുറത്തുവന്നത്. വെടിവയ്പിനു ശേഷം രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ പേപ്പർ ബ്യൂട്ടി പാർലറിന്റെ മുന്നിൽ ഉപേക്ഷിക്കാൻ നിർദേശിച്ചതും അൽത്താഫ് ഖാനാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വെടിവയ്പു നടത്താനുള്ള മാസ്റ്റർ പ്ലാനും ആയുധങ്ങളും നൽകിയതാരാണെന്ന് അൽത്താഫിനറിയാമെന്നായിരുന്നു അവരുടെ മൊഴി. 

അൽത്താഫ് അറസ്റ്റിലായതോടെ കുറ്റകൃത്യത്തിന്റെ മുഴുവൻ ഗൂഢാലോചനയും നടത്തിയതു രവി പൂജാരിയാണെന്നായിരുന്നു മൊഴി. അൽത്താഫിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) രവി പൂജാരിയെ 6 ദിവസം തുടർച്ചയായി ചോദ്യം ചെയ്തത്.

ഇരകളെ നേരിട്ടു ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കി പണം ചോദിക്കുന്നതല്ലാതെയുള്ള കാര്യങ്ങളിൽ രവി പൂജാരിക്കു വ്യക്തമായ അറിവില്ലെന്നാണ് അന്വേഷണ സംഘത്തിനിപ്പോൾ ബോധ്യപ്പെടുന്നത്. കുറ്റകൃത്യം നടന്ന ദിവസങ്ങളിൽ രവി പൂജാരി വിദേശത്താണെന്നും വ്യക്തമാണ്. രവി പൂജാരിക്കു ജാമ്യം നൽകാതിരിക്കാനുള്ള കാരണങ്ങൾ എടിഎസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ശ്രമിക്കുമെന്നും വാദിച്ചു. 

റിമാൻഡിലായ രവി പൂജാരിയെ ഇന്നലെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു പൂജാരിയെ പാർപ്പിക്കുന്നത്.

ഫോൺവിളി ലൊക്കേഷൻ തെറ്റായി കാട്ടി

ഇന്റർനെറ്റ് ഫോൺവിളികളുടെ ഐപി വിലാസവും ലൊക്കേഷനും തെറ്റായി കാണിക്കുന്നതിനുള്ള മൊബൈൽ ആപ്പുകളും രവി പൂജാരി ഇരകളെ വിളിക്കാൻ ഉപയോഗിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. സെനഗൽ, മലേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നാണു രവി പൂജാരി ഇന്ത്യയിലേക്കു വിളിച്ചതെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. വിളിക്കുന്നയാളുടെ യഥാർഥ ലൊക്കേഷൻ തെറ്റായി കാണിക്കുന്ന മൊബൈൽ ആപ്പുകൾ ഡാർക്നെറ്റിൽ ലഭ്യമാണ്. ചോദ്യംചെയ്യലിൽ കുറ്റം മുഴുവൻ ഏറ്റുപറയുമ്പോഴും സാങ്കേതികമായ ചോദ്യങ്ങളോട് അജ്ഞത നടിക്കുന്ന നിലപാടാണു രവി പൂജാരി സ്വീകരിച്ചത്.

English Summary: Beauty parlor shooting kochi: Investigation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com