ഡ്രൈവിങ്ങിൽ വേണ്ട, ബ്ലൂടൂത്ത് മിണ്ടാട്ടം; ഇനി നടപടി കടുപ്പിക്കും, ലൈസൻസ് പോകും
Mail This Article
തൃശൂർ ∙ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാൽ ഇനി ലൈസൻസ് പോകും. ഫോൺ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് ട്രാഫിക് പൊലീസ്. വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂവെങ്കിൽ, ഇനി ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്.
മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാൻഡ്സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി. ഇതിനും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രശ്നം സൃഷ്ടിച്ചിരുന്നു.
ഒഴിവാക്കുന്നതല്ലേ നല്ലത്?
നിയമം നടപ്പാക്കുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചു ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഒഴിവാക്കണമെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നു. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും.
ഇതുവഴി ഫോണിൽ സംസാരിക്കാൻ പ്രയാസവുമില്ല. എന്നാൽ, വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുള്ള എന്തും വാഹനത്തിൽ ഉപയോഗിക്കുന്നത് അപകടകരമാണ്.
English Summary: No bluetooth calling while driving