ശബരിമല തീർഥാടനം: കാനന പാത 31ന് തുറക്കും: മന്ത്രി

Mail This Article
ശബരിമല ∙ കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മകരവിളക്ക് തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനത്തു ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. 35 കിലോമീറ്റർ കാനനപാതയിൽ അഴുത മുതൽ പമ്പ വരെ 18 കിലോമീറ്റർ പെരിയാർ കടുവാ സങ്കേതത്തിലൂടെയാണു കടന്നുപോകുന്നത്. ഇത് പൂർണമായും തെളിച്ചു. വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ യാത്രയ്ക്ക് സമയ നിയന്ത്രണം ഉണ്ട്.
എരുമേലിയിൽ നിന്ന് രാവിലെ 5.30 മുതൽ 10.30 വരെ യാത്ര പുറപ്പെടുന്നവർക്കു മാത്രമേ സന്ധ്യയ്ക്കു മുൻപ് പമ്പയിൽ എത്താൻ കഴിയൂ. ഉച്ചയ്ക്ക് 12നു മുൻപ് അഴുത കടന്നുപോകണം. അതിനു ശേഷം വരുന്നവരെ കടത്തിവിടില്ല. വെർച്വൽ ക്യൂ ബുക്ക് ചെയ്ത 10,000 പേർക്കാണ് പ്രതിദിനം ഇതുവഴി യാത്ര ചെയ്യാനാകുക. തീർഥാടകർ കൂട്ടമായി വേണം പോകാൻ.
മണ്ഡലകാലത്തിന് പുണ്യ പരിസമാപ്തി
ശബരിമല ∙ ശരണകീർത്തനങ്ങൾ അയ്യപ്പസ്വാമിക്ക് ആരതിയാക്കി വിശുദ്ധിയുടെ പടവുകൾ താണ്ടിയെത്തിയ ഭക്തർക്ക് മണ്ഡലപൂജ ആത്മനിർവൃതിയുടെ പൊൻകിരണമായി. മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. രാവിലെ 10ന് നെയ്യഭിഷേകം പൂർത്തിയാക്കി മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തങ്കഅങ്കി ചാർത്തി 12.40ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നട തുറന്നു.
അത്താഴപ്പൂജയ്ക്കു ശേഷം മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാനത്തിലാക്കി നട അടച്ചു. ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കും. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14ന്. മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്ര നട അടയ്ക്കും.
Content Highlight: Sabarimala