‘മകളുമായുള്ള പ്രണയം പ്രകോപിപ്പിച്ചു; അനീഷിനെ കുത്തിയതു കരുതിക്കൂട്ടി’

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ അയൽവീട്ടിൽ കോളജ് വിദ്യാർഥി അനീഷ് ജോർജിനു (19) കുത്തേറ്റത് അബദ്ധത്തിലല്ലെന്നും മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ട്. അനീഷും തന്റെ മകളും തമ്മിലുള്ള പ്രണയമാണു വിരോധത്തിനു കാരണമെന്നു പ്രതി സൈമൺ ലാലൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങൾ നീണ്ട ആലോചനയ്ക്കൊടുവിലാണെന്നുമാണു പൊലീസ് നിഗമനം.
അനീഷിനെ തടഞ്ഞുവച്ചു സൈമൺ നെഞ്ചിലും മുതുകിലും കുത്തിയെന്നും ഭാര്യയും മകളും എതിർത്തിട്ടും പിന്മാറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടർന്ന് വാട്ടർ മീറ്റർ ബോക്സിൽ കത്തി ഒളിപ്പിച്ച ശേഷം സൈമൺ അടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലേക്കു പോയി. പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അനീഷ് മരിച്ചിരുന്നു. സംഭവത്തിൽ ഭാര്യയും മകളും സൈമണിനെതിരായാണു മൊഴി നൽകിയത്. പെൺകുട്ടിയെയും അമ്മയെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും.
മകളുമായുള്ള പ്രണയവും വീട്ടിൽ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. ക്രിസ്മസിനു തലേന്നു രാത്രി അനീഷ് മകളെ കാണാൻ വരുമെന്നു കരുതി സൈമൺ ഉറക്കമിളച്ചു കാവലിരുന്നു. ആയുധവും കരുതിയിരുന്നു. എന്നാൽ അനീഷ് വന്നില്ല.
അമ്മയെ വിളിച്ചത് ആക്രമണത്തിന് തൊട്ടുമുൻപ്
അനീഷിന്റെ അമ്മയുടെ മൊബൈൽ ഫോണിലേക്കു പ്രതി സൈമൺ ലാലന്റെ ഭാര്യ വിളിക്കുന്നത് അനീഷ് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ്. പുലർച്ചെ 3.20ന് ആയിരുന്നു ഈ ഫോൺ വിളി. പക്ഷേ ഉറക്കത്തിൽ അവർ അതു കേട്ടില്ല. 10 മിനിറ്റിനകം സൈമണിന്റെ കുത്തേറ്റ് അനീഷ് വീണു. പുലർച്ച് 1.37 ന് അനീഷിന്റെ ഫോണിൽ നിന്നു സൈമണിന്റെ മകളുടെ ഫോണിലേക്കു വിളി പോയിട്ടുണ്ട്. വീട്ടിൽ അനീഷ് എത്തുന്നതിനു തൊട്ടുമുൻപായിരിക്കണം ഈ വിളിയെന്നു കരുതുന്നു.
English Summary : Remand report of Pettah Anish murder