പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം കൊല്ലത്തേക്കുള്ള കാർ യാത്രയ്ക്കിടെ

Mail This Article
തിരുവനന്തപുരം ∙ ചടയമംഗലം മുൻ എംഎൽഎയും മിൽമ മുൻ ചെയർമാനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ (72) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കുള്ള കാർ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ പ്രയാറിനെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്നാക്ക വികസന കോർപറേഷന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് കോൺഗ്രസ് നേതാവായ പ്രയാർ.
മിൽമയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനായിരുന്ന പ്രയാർ, 5 തവണയായി 14 വർഷത്തോളം ഈ പദവി വഹിച്ചു. കൊല്ലം ജില്ലാ മിൽക്ക് സപ്ലൈസ് യൂണിയന്റെ പ്രസിഡന്റായിരിക്കെ, ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വർഗീസ് കുര്യനെ ഡൽഹിയിൽ കാണാനിടയായതാണു കേരളത്തിൽ മിൽമയുടെ പിറവിയിലേക്കു നയിച്ചത്.
കൊല്ലം ഓച്ചിറയ്ക്കു സമീപം പ്രയാറിൽ ക്ഷീരകർഷകനായ ആർ.കൃഷ്ണൻ നായരുടെയും അധ്യാപിക ജെ. മീനാക്ഷിയുടെയും മകനായ ഗോപാലകൃഷ്ണൻ കെഎസ്‍യു, യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റായി. സിപിഐയുടെ കുത്തക സീറ്റായ ചടയമംഗലത്തു നിന്നു 2001ൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രയാർ 2006 ൽ തോൽവിയറിഞ്ഞു. വോട്ടെടുപ്പിനു പിന്നാലെയുണ്ടായ റോഡ് അപകടത്തിൽ ദിവസങ്ങളോളം ഓർമ നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു.
2015ലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത്. 2017ൽ കാലാവധി ചുരുക്കിക്കൊണ്ടുള്ള ഓർഡിനൻസിലൂടെ പ്രയാറിനെ ഇടതു സർക്കാർ പുറത്താക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായ പ്രയാർ കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേർന്നിരുന്നു. നിലവിൽ കെപിസിസി അംഗമാണ്.
മൃതദേഹം ഇന്നലെ രാത്രി കൊല്ലം ചിതറയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ വിലാപയാത്രയായി കൊല്ലം ഡിസിസിയിൽ എത്തിച്ച് പൊതുദർശനത്തിനു ശേഷം 11ന് തിരികെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: എസ്.സുധർമ (റിട്ട. ഹെഡ്മിസ്ട്രസ്, കാഞ്ഞിരത്തുംമൂട്, യുപിഎസ്). മക്കൾ: ഡോ. റാണി കൃഷ്ണ (കുവൈത്ത്), ഡോ. വേണി കൃഷ്ണ (മെഡിസിറ്റി മെഡിക്കൽ കോളജ്, കൊല്ലം), ഡോ. വിഷ്ണു കൃഷ്ണൻ (ആസ്റ്റർ മെഡിസിറ്റി, കണ്ണൂർ). മരുമക്കൾ: ഡോ. ബിധു (എസ്ബിഎം ആശുപത്രി, കരുനാഗപ്പള്ളി), അരുൺകുമാർ (എൻജിനീയർ, എറണാകുളം), പാർവതി വേണുഗോപാൽ.
English Summary: Former MLA Prayar Gopalakrishnan Passes Away