കെഎസ്ആർടിസി പ്രതിസന്ധി: പരിഹാര പാക്കേജിന് മുഖ്യമന്ത്രിയുടെ അനുമതി

Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി പ്രതിസന്ധിക്കു പരിഹാരം കാണാൻ ഗതാഗതവകുപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. മുഖ്യമന്ത്രി അനുമതി നൽകിയ നിർദേശങ്ങൾ ട്രേഡ് യൂണിയനുകളുമായി മന്ത്രിമാർ 17 ന് ചർച്ച ചെയ്യും.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതോടൊപ്പം, ഡ്യൂട്ടി പ്രൊട്ടക്‌ഷനിൽ നിൽക്കുന്ന ട്രേഡ് യൂണിയൻ പ്രവർത്തകരുടെ എണ്ണം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ആവശ്യം. നിലവിൽ എല്ലാ ഡിപ്പോയിലും ഉൾപ്പെടെ ഡ്യൂട്ടി പ്രൊട്ടക്‌ഷനിൽ 329 പേരുണ്ട്. ഇതു സംസ്ഥാനതലത്തിൽ മാത്രമായി ചുരുക്കാനാണു നിർദേശം.
250 കോടി രൂപയുടെ ഒറ്റത്തവണ സഹായം, ഇപ്പോൾ മാസം തോറും നൽകുന്ന 50 കോടി രൂപയുടെ സഹായം 6 മാസം കൂടി തുടരുക എന്നീ ആവശ്യങ്ങളും ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു മുന്നിൽ വച്ചു. സിംഗിൾ ഡ്യൂട്ടി കൂടി വരുമ്പോൾ 800 ബസുകൾ ദിവസവും അധികം സർവീസ് നടത്താം. ഇതുവഴി മാസ വരുമാനം 25 കോടിയാകും. ഇതിൽ ചെലവു കഴിഞ്ഞാൽ 8 കോടിയെങ്കിലും മിച്ചമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.
അതേസമയം, ഡീസൽ പ്രതിസന്ധി മൂലം ഇന്നും സർവീസുകൾ മുടങ്ങും. ഇന്നലെ വരുമാനത്തിൽ നിന്ന് 1 കോടി രൂപ എണ്ണക്കമ്പനികൾക്കു നൽകിയതിനാൽ കുറച്ചു സർവീസുകൾക്ക് ഇന്ധനം ലഭിക്കും.
English Summary: Chief minister gives saction to ksrtc package