ഡിവൈഎഫ്ഐ നേതാവിനെ തടഞ്ഞു; മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർക്ക് ക്രൂര മർദനം

Mail This Article
കോഴിക്കോട് ∙ അനുമതിയില്ലാതെ ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മറ്റൊരു സംഘം എത്തി ക്രൂരമായി മർദിച്ചു; സംഭവം ചിത്രീകരിച്ച മാധ്യമ പ്രവർത്തകനും മർദനം.
അക്രമത്തിൽ 3 സെക്യൂരിറ്റി ജീവനക്കാരുൾപ്പെടെ 4 പേർക്ക് പരുക്ക്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ കെ.എ.ശ്രീലേഷ് (56), എൻ. ദിനേശൻ (61), രവീന്ദ്ര പണിക്കർ (62) എന്നിവർക്കും മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി.ഷംസുദ്ദീനുമാണ് (48) പരുക്കേറ്റത്. ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപതരയോടെയാണ് ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി അരുണും ഭാര്യയും പിതാവും ആശുപത്രിയിൽ പ്രധാന കവാടത്തിലൂടെ പ്രവേശിക്കാൻ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിനേശനും രവീന്ദ്ര പണിക്കരും സുരേഷ് ബാബുവും പാസില്ലാത്ത കാരണത്താൽ പ്രവേശനം തടഞ്ഞു.
സൂപ്രണ്ടിനെ കാണണമെന്നാണ് ഇവർ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടത്. അതിനായി ഒപി വഴി പോകാമെന്നു പറഞ്ഞു തിരിച്ചയച്ചെങ്കിലും ഇതിനിടയിൽ വാക്കുതർക്കം ഉണ്ടാകുകയും അരുണും കുടുംബവും ആശുപത്രിയിൽ കയറാതെ തിരിച്ചുപോവുകയുമായിരുന്നു. അൽപസമയത്തിനു ശേഷമെത്തിയ പത്തു പേരുടെ സംഘം ദിനേശനെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു.
തടയാനെത്തിയ മറ്റു രണ്ടു സെക്യൂരിറ്റി ജീവനക്കാരെയും ഇവരെ രക്ഷപ്പെടുത്താൻ എത്തിയ ഒരു വയോധികനെയും മർദിച്ചു. മർദനം മൊബൈൽ ഫോണിൽ പകർത്തിയതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. ആക്രമിച്ചവർ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നു പരുക്കേറ്റവർ പറഞ്ഞു.
English Summary: Security Guard Brutally Assaulted at Kozhikode Medical College