സിപിഐ ജില്ലാ സമ്മേളന ബോർഡിൽ അലന്റെയും താഹയുടെയും ചിത്രങ്ങൾ

Mail This Article
മഞ്ചേരി ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്നാം പിണറായി സർക്കാർ ജയിലിലടച്ച അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ചിത്രം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ബോർഡിൽ ചേർത്ത് സിപിഐ. മഞ്ചേരി മണ്ഡലം എഐഎസ്എഫ് സ്ഥാപിച്ച ബോർഡിലാണ്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പ്രമുഖർക്കൊപ്പം അലനും താഹയും ഇടം പിടിച്ചത്. റിപീൽ യുഎപിഎ എന്ന മുദ്രാവാക്യവും പൊതുപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്താൻ പാടില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയും ബോർഡിലുണ്ട്. ഈ മാസം 17,18,19 തീയതികളിൽ മഞ്ചേരിയിലാണു സിപിഐ ജില്ലാ സമ്മേളനം.
നിയമ വിരുദ്ധ പ്രവർത്തനം തടയൽ (യുഎപിഎ) പ്രകാരം 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരുമായ ആനി ബാബു, റോണ വിൽസൻ, ആനന്ദ് ടെൽത്തുംഡേ, ഷോമ സെൻ എന്നിവരുടെ ചിത്രങ്ങളും ബോർഡിലുണ്ട്.
English Summary: Picture of Alan and Thaha in CPI Poster