ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ലഭ്യമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോ‍ളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ലാ, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് സംവിധാനം ലഭ്യമായിട്ടുള്ളത്.

ഇതിൽ 283 ആശുപത്രികളിൽ ഇ ഹെൽത്ത്  സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നു മന്ത്രി പറഞ്ഞു. ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതു വരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇതുവഴി ഒറ്റ കുടക്കീഴിൽ ഓൺലൈനായി ചെയ്യാൻ കഴിയും. വീട്ടിലിരുന്നു തന്നെ ഒപി ടിക്കറ്റും  അപ്പോയ്ന്റ്മെന്റും എടുക്കാനാകും. ഇതുവരെ 3.04 കോടി റജിസ്‌ട്രേഷനുകൾ നടന്നു. 32.40 ലക്ഷം (10.64 %) പെർമനന്റ് യുഎച്ച്‌ഐഡി ‍റജിസ്‌ട്രേഷനും 2.72 കോടി (89.36 %) താൽക്കാലിക റജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. ഓൺലൈൻ വഴി ഒരു ലക്ഷത്തോളം പേർ അഡ്വാൻസ്ഡ് അപ്പോയ്ന്റ്മെന്റ് എടുത്തു. 

 

 

എങ്ങനെ യുണീക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറി‍യൽ നമ്പർ സൃഷ്ടിക്കണം. ഇതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി റജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകണം. തുടർന്ന് ആധാർ ‍റജിസ്റ്റർ ചെയ്ത നമ്പറിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‍വേഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ  നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്ന്റ്മെന്റ് എടുക്കാൻ സാധിക്കും.

 

എങ്ങനെ  അപ്പോയ്ന്റ്മെന്റെടുക്കാം?

ലഭിച്ച തിരിച്ചറിയൽ നമ്പ‍റും പാസ്‍വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖ‍പ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്‌മെന്റും ‍തിരഞ്ഞെടുക്കുക. 

തുടർന്ന് അപ്പോയ്ന്റ്മെന്റ് വേണ്ട തീയതി ‍തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായ സമയം അനുസരിച്ചുള്ള ടോക്കൺ എടുക്കാം. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാം. 

ടോക്കൺ വിവരങ്ങൾ എസ്എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പ‍റുകളിൽ ബന്ധപ്പെടാം.

 

 

English Summary: E Health in Kerala government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com