ADVERTISEMENT

മലപ്പുറം ∙ ‘നമ്പർ 86, ദരിയാഗഞ്ച്, ന്യൂഡൽഹി–2’. രൂപീകരണത്തിന്റെ 75–ാം വർഷത്തിൽ മുസ്‌ലിം ലീഗിന് ന്യൂഡൽഹിയിൽ സ്വന്തം വിലാസമായി. പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനമായ ‘ഖാഇദെ മില്ലത്ത് സാംസ്കാരിക കേന്ദ്രം’ സ്ഥാപിക്കുന്നത് ഇവിടെയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബറിൽ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. 

പാർട്ടി രൂപീകരിച്ചതു മുതൽ ചെന്നൈ മണ്ണടിയിലെ ‘ഖാഇദെ മില്ലത്ത് മൻസിലാണ്’ പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനം. അഖിലേന്ത്യാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ പദ്ധതിയുടെ ഭാഗമായാണ് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുന്നത്. പാർട്ടിയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിലിന് അനുയായികൾ നൽകിയ സ്ഥാനപ്പേരാണ് ‘ഖാഇദെ മില്ലത്ത്’. 

1948 മാർച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത്. അന്നുമുതൽ ചെന്നൈയിലാണ് പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനം. ഇതിനിടെ, കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലേക്കു വരെ പാർട്ടി വളർന്നെങ്കിലും അഖിലേന്ത്യാ ആസ്ഥാനം ചെന്നൈയിൽ തുടർന്നു. ദേശീയതലത്തിൽ പാർട്ടിയെ വളർത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നേതൃത്വം സ്വയം വിമർശനം നടത്തിയിരുന്നു. അന്നു പ്രഖ്യാപിച്ച കർമപദ്ധതിയിലെ മുഖ്യ ഇനമായിരുന്നു ഡൽഹിയിലെ അഖിലേന്ത്യാ ആസ്ഥാനം. 

ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിൽ കെട്ടിടം കണ്ടെത്തി ഇടപാട് ഉറപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പാർട്ടി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം. ഇന്നു മുതൽ 31 വരെ ഇതിനായി ഫണ്ട് സമാഹരണ ക്യാംപെയ്ൻ നടക്കും. ആദ്യ സംഭാവനയായി പാണക്കാട് തങ്ങൾ കുടുംബം ഒരു ലക്ഷം രൂപ അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീനു കൈമാറി. പാർട്ടിയുടെ സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഖാഇദെ മില്ലത്ത് സെന്ററിനെ മാറ്റാനാണ് തീരുമാനം. ഡൽഹിയിൽ പഠിക്കുന്ന മലയാളി കുട്ടികൾക്ക് താമസ സൗകര്യമുൾപ്പെടെ വിഭാവനം ചെയ്യുന്നുണ്ട്. 

English Summary: Muslim league gets head quarters at Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com