ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ഇനി എന്തു വേണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 13നു തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനിക്കും. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിയോജിപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. മണികുമാറിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും മണികുമാറിനെതിരെ ഗവർണർക്കു പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചാൽ സർക്കാരിനോടു റിപ്പോർട്ട് തേടുകയാണു ഗവർണർ ചെയ്യുക. എങ്കിൽ മറുപടി ലഭിക്കും വരെ തീരുമാനം നീളും. 

നിയമസഭ പാസാക്കിയ 10 ബില്ലുകൾക്കു ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ല. ലോകായുക്തയുടെയും സർവകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറുടെയും അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ നിയമസഭാ സമ്മേളനം പാസാക്കുന്ന ബില്ലുകൾ കൂടി വൈകാതെ ഗവർണറുടെ അംഗീകാരത്തിനെത്തും. ബില്ലുകൾ അംഗീകരിക്കാത്ത ഗവർണർക്കെതിരെ കേസിനു പോകുമെന്നു സർക്കാർ ഭീഷണി മുഴക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല. പിഎസ്‍സി അംഗങ്ങളായി 2 പേരെ നിയമിക്കാനുള്ള സർക്കാർ ശുപാർശയ്ക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ അതും ഗവർണർ അംഗീകരിച്ചിട്ടില്ല. 

മണികുമാറിനെ നിയമിക്കാനുള്ള തീരുമാനം തള്ളണമെന്നാണു ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. 2018ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ഇതു സംബന്ധിച്ച പൊതു താൽപര്യ ഹർജികളിൽ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ തുടർന്നു വന്ന ചീഫ് ജസ്റ്റിസ് മണികുമാർ റിപ്പോർട്ടിൽ നടപടി സ്വീകരിച്ചില്ല. കോവിഡ് കാലത്തു സ്പ്രിൻക്ലർ കമ്പനിക്കു ഡേറ്റ മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാർ നടപടിക്കു വിസമ്മതിച്ചു. സർക്കാരിനെതിരായ അഴിമതിക്കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയതായി ചെന്നിത്തല കുറ്റപ്പെടുത്തി. 

സർവകലാശാലകളിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസലർമാരെ നിയമിച്ചതിന് എതിരെയുള്ള കേസുകളിൽ ഉൾപ്പെടെ മണികുമാറിന്റെ ഇടപെടൽ സംബന്ധിച്ച് ആരോപണമുണ്ടെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു. വിസിമാരുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്നു ഗവർണറെ തടയുന്നതായിരുന്നു അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ. ഇതു മൂലം സർവകലാശാലകൾക്കു തലവൻ ഇല്ലാത്ത അവസ്ഥയാണെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും കൺവീനർ എം.ഷാജർഖാനും പരാതിപ്പെട്ടു. 

English Summary : Human Rights Commission Chairman, appointment of Justice S. Manikumar will be decided by Governor

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com