റെക്കോർഡുകളുടെ അച്യുതാനന്ദൻ
Mail This Article
ഇന്ന് (20-10-2023) 100 വയസ് പൂർത്തിയാക്കുന്ന വി.എസ്. അച്യുതാനന്ദൻ പല റെക്കോർഡുകൾക്കും ഉടമയാണ്.
∙ പ്രായത്തിൽ ഒന്നാമൻ
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് അച്യുതാനന്ദനാണ്. 14–ാം നിയമസഭയുടെ അവസാനം (2021 മേയ് 3) വരെ അംഗമായിരുന്ന വിഎസ് നിയമസഭയിൽ നിന്നു പടിയിറങ്ങുമ്പോൾ 97 വയസും 6 മാസവും 13 ദിവസവും (35,625 ദിവസം) പ്രായമുണ്ടായിരുന്നു. കെ.ആർ. ഗൗരിയമ്മയെ മറികടന്ന് 2010 ഓഗസ്‌റ്റ് 18 നാണ് വിഎസ് ഈ റെക്കോർഡ് സ്‌ഥാപിച്ചത്. പി.ആർ. കുറുപ്പിനെ പിന്നിലാക്കി കെ.ആർ. ഗൗരിയമ്മ 2004 ഒക്‌ടോബർ 31നാണ് കേരളനിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് കരസ്‌ഥമാക്കിയത്.
കേരള നിയമസഭയിൽ വിഎസ് അച്യുതാനന്ദൻ 7 തവണയായി 34 വർഷം 7 മാസം 21 ദിവസം (12,625 ദിവസം) അംഗമായിരുന്നു.
∙ മുതിർന്ന മുഖ്യമന്ത്രി; കാലാവധിയിൽ ഏഴാമത്
മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അച്യുതാനന്ദൻ. 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 82 വയസും 6 മാസവും 25 ദിവസവും (30,158 ദിവസം) ആയിരുന്നു പ്രായം. മറ്റു മുഖ്യമന്ത്രിമാർ പദവിയൊഴിയുമ്പോൾ പോലും ഈ പ്രായത്തിലെത്തിയിട്ടില്ല. ഇ.കെ. നായനാർ 2001 മേയ് 17ന് സ്ഥാനമൊഴിയുമ്പോൾ 81 വയസും 4 മാസവും 28 ദിവസവും (29,735 ദിവസം) ആയിരുന്നു പ്രായം.
കാലാവധിയിൽ 7–ാം സ്ഥാനത്താണ് അച്യുതാനന്ദൻ. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. 3 തവണയായി 4009 ദിവസം. കെ. കരുണാകരൻ (4 തവണ; 3246 ദിവസം), പിണറായി വിജയൻ (2 തവണ; 2704 ദിവസം, 2023 ഒക്ടോബർ 20 വരെ) സി. അച്യുതമേനോൻ (2 തവണ; 2640 ദിവസം), ഉമ്മൻ ചാണ്ടി (2 തവണ; 2459 ദിവസം), എ.കെ. ആന്റണി (3 തവണ; 2177 ദിവസം) എന്നിവരാണ് മുൻനിരയിൽ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത് പിണറായി വിജയൻ ആണ്.
∙ മന്ത്രിസഭ : മൂന്നാം സ്ഥാനം
അച്യുതാനന്ദൻ കൃത്യം 5 വർഷമാണ് (1826 ദിവസം) മുഖ്യമന്ത്രിയായിരുന്നത്. 2006 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത അച്യുതാനന്ദൻ മന്ത്രിസഭ പൊതുതിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 2011 മേയ് 14ന് രാജിവച്ചു; 18 വരെ കാവൽ മന്ത്രിസഭയായി തുടർന്നു. അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭയും (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം) രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയും മാത്രമാണ് (2011 മേയ് 18 – 2016 മേയ് 25; 1834 ദിവസം / 5 വർഷം 7 ദിവസം) 5 വർഷം കടന്ന മറ്റു മന്ത്രിസഭകൾ. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകളാണ് ഇതുവരെ അധികാരത്തിൽ വന്നത്.
∙ പ്രതിപക്ഷ നേതാക്കളിൽ ഒന്നാമൻ
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത് അച്യുതാനന്ദനാണ്. 9, 11, 13 നിയമസഭകളിലായി 5150 ദിവസം (14 വർഷം 1 മാസം 5 ദിവസം) അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. 2014 ഒക്‌ടോബർ 3–ന് ഇഎംഎസിനെ (4555 ദിവസം / 12 വർഷം 5 മാസം 21 ദിവസം) മറികടന്നാണ് വിഎസ് ഈ റെക്കോർഡിന് ഉടമയായത്.
∙ 24 മന്ത്രിമാർ : രണ്ടാം സ്ഥാനം
2006ൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 അംഗങ്ങളുമായി തുടങ്ങിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ പലപ്പോഴായി 24 പേർ മന്ത്രിമാരായി. കാലാവധി പൂർത്തിയാകുമ്പോൾ 20 പേരുണ്ടായിരുന്നു. 19 അംഗങ്ങളുമായി തുടങ്ങി 16 പേരുമായി കാലാവധി അവസാനിച്ച മൂന്നാം കരുണാകരൻ മന്ത്രിസഭയിൽ (1982 – 1987) മാത്രമാണ് ഇതിൽ കൂടുതൽ (26) പേർക്ക് മന്ത്രിമാരാകാനവസരം കിട്ടിയത്.