നവകേരള ബസ്: മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര ചൈനയിൽനിന്ന്; പടി കയറേണ്ട, ബസിന്റെ ഉള്ളിലെത്താൻ ലിഫ്റ്റ്
Mail This Article
തിരുവനന്തപുരം ∙ നവകേരള സദസ്സിന് ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേരയെത്തിയത് ചൈനയിൽനിന്ന്. ബസിന്റെ നമ്പർ കെഎൽ 15 എ 2689. ബസ് കഴിഞ്ഞ ഏഴിന് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധനയും നടത്തി. ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിക്കാമെന്നു കരുതിയെങ്കിലും പിന്നീടു തീരുമാനം മാറ്റി. ഇവിടെ റജിസ്ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്‌ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.
നവകേരള സദസ്സിന് തീരുമാനമെടുത്ത ശേഷം ഒരുക്കം ആലോചിക്കാൻ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകി. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും പിന്നീട് 180 ഡിഗ്രി കറങ്ങുന്ന കസേരയിലേക്കെത്തി. നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേരയെത്തിയത്. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിനു കൈമാറുമെന്നു കരുതിയ ബസ് വൈകിയത്.
ബസിൽ പടി കയറേണ്ടതില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു ബസ് യാത്ര ചെയ്യുന്നത് പൊതുഗതാഗതത്തിനു പ്രോത്സാഹനമാകുമെന്ന് ഗതാഗത സെക്രട്ടറിയും കെഎസ് ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ പറഞ്ഞു.