ചെങ്കോട്ടയിലെ കരിക്കും നന്ദ്റിയും
Mail This Article
∙അണ്ണാ ചെങ്കോട്ടേല് കരിക്കു കിട്ടാനില്ലെന്ന്.
അതിന് ചെങ്കോട്ടയില് ആരെടേ കരിക്കു കുടിക്കുന്നത്. എല്ലാം ഇങ്ങോട്ട് എറക്കുകയല്ലേ...
അതു തന്നാ പറഞ്ഞത്. അവന്മാര് എല്ലാം വെട്ടിയെറക്കി കൊല്ലത്തോട്ടു കൊണ്ടുവന്നിരിക്കിയാ. അമ്മാതിരി ചൂടായിരുന്നില്ലേ... മെയിൻ ആശ്രാമത്താരുന്നു. ചൂടിന്റെ പൂരം... പുള്ളാരും ബന്ധുക്കളും സാറമ്മാരുമൊക്കെ കരിക്ക് വാങ്ങിച്ചടിക്കുവാരുന്നു...
നിനക്കെന്ത്! ലവരെല്ലാം കൂടെ കുടിച്ച് തീർക്കട്ടെടേ. ഫുള്ള് മിനറൽസല്ലേ... പിന്നെ ഇയാള് ചൂടിനെ കുറ്റം പറയണ്ട. ആശ്രാമത്ത് ഇച്ചിരി സൈഡിലോട്ടു മാറിയാ നല്ല പച്ചപ്പില്ലേ. അതും പോട്ട്, ജവഹറ് ബാലഭവനിലെ വേദിയിലോട്ട് ചെല്ല്. നമ്മടെ അഷ്ടമുടിക്കായലിന് എട്ടു കൊമ്പാണേല്, ബാലഭവനിലെ ഉറക്കംതൂങ്ങിമരത്തിന് ഏഴു കവരമാണ്. പടർന്നങ്ങനെ വിടർന്നങ്ങനെ നിൽക്കുവല്ലേ. ക്രിസ്തുരാജിന്റെ മൂലയിൽ നിൽക്കുന്ന ഭയങ്കരമായ രണ്ടു മരങ്ങളോ... അതിന്റെ കീഴേ നെറേ പുള്ളാരാരുന്നു. ടികെഡിഎംഎച്ച്എസ്സിലെ അരയാലിന്റെ കുളിർമയോ... അതു വിട്. നമ്മള് ഡീസന്റായിട്ടല്ലേടേ കലോത്സവം നടത്തിയത്. കൊച്ചുകൊച്ചു വിഷമം എല്ലാടത്തും ഒള്ളതാ... സ്നേഹം കൊടുത്താ അത് കൊല്ലത്തു കിട്ടുന്നതു പോലെ വേറെവിടേം കിട്ടത്തില്ല. അറിയാവോ...
ഓ അതാരുന്നു ഇല്ലേ... കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്.
അത് സ്നേഹത്തിന്റെ കാര്യമായിരുന്നു ഉദ്ദേശിച്ചത്. പറഞ്ഞുപറഞ്ഞങ്ങ് തെറ്റിദ്ധരിക്കപ്പെട്ടു പോയതാ... അപ്പം ശരി. ഞങ്ങടെ നാട്ടീ വന്ന എല്ലാ പുള്ളാർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും സാറന്മാർക്കും ആപ്പീസർമാർക്കുക്കൊക്കെ റൊമ്പ നന്ദ്റി.