ആലപ്പുഴയിലെ ‘ടെക്ജൻഷ്യ’യ്ക്ക് 50 ലക്ഷം രൂപ കേന്ദ്രപുരസ്കാരം
Mail This Article
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ ടെക് ഇന്നവേഷൻ ചാലഞ്ചിൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ കമ്പനിയായ 'ടെക്ജൻഷ്യ'യ്ക്ക് വീണ്ടും മിന്നും ജയം. ഐടി മന്ത്രാലയം നടത്തിയ 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചി'ൽ 50 ലക്ഷം രൂപയുടെ പുരസ്കാരമാണ് ടെക്ജൻഷ്യ നേടിയത്.
കമ്പനി വികസിപ്പിച്ച തത്സമയ വിഡിയോ പരിഭാഷ സോഫ്റ്റ്‌വെയർ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഒരു വർഷക്കാലത്തേക്ക് 10 ഇന്ത്യൻ ഭാഷകളിൽ നടപ്പാക്കാനുള്ള കരാറും പുരസ്കാരത്തിന്റെ ഭാഗമാണ്. 10 ലക്ഷം രൂപ വീതം വാർഷിക മെയ്ന്റനൻസ് ഗ്രാന്റും ലഭിക്കും. 2020ൽ കേന്ദ്രം നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി–കൺസോൾ (ഭാരത് വിസി) എന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ തയാറാക്കി ടെക്ജൻഷ്യ ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടിയിരുന്നു.
ടെക്ജൻഷ്യ വികസിപ്പിച്ചത്
ഇന്ത്യയിലെ പല ഭാഷകൾ സംസാരിക്കുന്നവർ ഒരു വിഡിയോ കോൺഫറൻസിൽ ഒന്നിക്കുമ്പോൾ ഏതുഭാഷയിൽ സംസാരിച്ചാലും ഓരോരുത്തർക്കും അവരവർ തിരഞ്ഞെടുക്കുന്ന ഭാഷയിൽ കേൾക്കാം. പരിഭാഷകന്റെ ആവശ്യമില്ല. ഇതാണ് ടെക്ജൻഷ്യ വികസിപ്പിച്ച മൾട്ടി ലിങ്ഗ്വൽ വെബിനാർ സോഫ്റ്റ്‌വെയർ. കേന്ദ്രസർക്കാർ വികസിപ്പിക്കുന്ന ഡിജിറ്റൽ ഭാഷാസംവിധാനമാണു ഭാഷിണി. നിലവിൽ 12 ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ഇതുപയോഗിച്ചാണു പരിഭാഷ സംവിധാനം പ്രവർത്തിക്കുന്നത്.