ADVERTISEMENT

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയും കുറ്റപത്രത്തിന്മേലുള്ള വാദവും 22ലേക്ക് മാറ്റി.

അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശം അനുസരിച്ച്  ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി ജി. സന്ദീപിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം പൂർത്തിയാകും. 

കുറ്റപത്രത്തിലെ ആരോപണങ്ങൾ ചോദ്യം ചെയ്താണ് പ്രതിഭാഗം വിടുതൽ ഹർജി നൽകിയത്. ഡോ. വന്ദനയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ഒരു കുറ്റം മാത്രമാണ് (മനഃപൂർവമല്ലാത്ത നരഹത്യ – ഐപിസി 308) പ്രതി ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്. ചെറിയൊരു കത്രിക കൊണ്ടുള്ള മുറിവുകൾ മരണകാരണമാകില്ല.

കൃത്യമായ സമയത്തു പരിചരണം നൽകാൻ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കഴിഞ്ഞില്ലെന്നും അതുകൊണ്ടാണു മരണമെന്നുമാണ് വിടുതൽ ഹർജിയിൽ പറഞ്ഞിരിക്കുന്നതെന്നു പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ബി.എ.ആളൂർ പറഞ്ഞു. 

പ്രതിക്കെതിരെ 24 ദൃക്സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷി പട്ടികയിലുള്ളതെന്നും വിടുതൽ ഹർജിക്ക് എതിരെ പ്രോസിക്യൂഷൻ ശക്തമായി നിലകൊള്ളുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതീപ് ജി. പടിക്കൽ പറഞ്ഞു. കൂടാതെ, ഒട്ടേറെ തെളിവുകളും പ്രതിക്കെതിരായുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിചാരണ നടപടികൾ വൈകിപ്പിക്കാനാണ് പ്രതിഭാഗം ശ്രമമെന്ന ‍ഡിവൈഎസ്പിയുടെ റിപ്പോർട്ട് സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.

പ്രതി സന്ദീപിന് ബന്ധുക്കളുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്ന പ്രതിഭാഗത്തിന്റെ അഭ്യർഥന മാനിച്ച് കോടതി 10 മിനിറ്റു സമയം അനുവദിച്ചു. എന്നാൽ, അമ്മയോടു മാത്രമേ സംസാരിക്കാവൂ എന്നു കോടതി നിർദേശിച്ചു. പ്രതി അമ്മയുമായി സംസാരിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂർ ഇടപെടാൻ ശ്രമിച്ചത് പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുണ്ടായി. 

കോടതി നടപടികൾ വീക്ഷിക്കാൻ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും എത്തിയിരുന്നു. 2023 മേയ് 10ന് പുലർച്ചെയാണ് ഡോ. വന്ദന ദാസ് കുത്തേറ്റു മരിക്കുന്നത്. പൊലീസ് അകമ്പടിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച സന്ദീപിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു.

English Summary:

Dr. Vandana Das murder case accused was presented in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com