എംഎൽഎയുടെ കാറിന് മാർഗതടസ്സം: ഗർഭിണിക്കും ഭർത്താവിനും നേരെ ആക്രമണം
Mail This Article
കാട്ടാക്കട ( തിരുവനന്തപുരം ) ∙ എംഎൽഎയുടെ വാഹനത്തിനു മാർഗതടസ്സം സൃഷ്ടിച്ച കാർ നീക്കിയില്ലെന്ന പേരിൽ ഗർഭിണിക്കും ഭർത്താവിനും നേരെ ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ അറസ്റ്റിലായ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യത്തിൽവിട്ടു.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓഡിറ്റോറിയത്തിനു മുൻപിൽ ആക്രമണത്തിനിരയായത്. ഇവർ സഞ്ചരിച്ച കാറിന്റെ ഗ്ലാസുകളും അടിച്ചു തകർത്തു. തൊട്ടുപിന്നിൽ അരുവിക്കര എംഎൽഎ ജി.സ്റ്റീഫന്റെ കാർ ഉണ്ടായിരുന്നെന്നും ഈ വാഹനത്തിനു കടന്നുപോകാൻ തടസ്സം സൃഷ്ടിച്ചെന്ന പേരിലാണ് ആക്രമിച്ചതെന്നും മർദനമേറ്റ അമ്പലത്തിൻകാല ബിനിത ഭവനിൽ ബിനീഷ് ബി.രാജ് പറഞ്ഞു.
കാർ അടിച്ചുതകർത്ത് ബിനീഷിനെ ആക്രമിക്കുമ്പോൾ, എട്ടു മാസം ഗർഭിണിയായ ഭാര്യ നീതുരാജും കാറിലുണ്ടായിരുന്നു. ‘കാർ സ്റ്റാർട്ട് ആയില്ലെന്ന കാര്യം പറയാൻ ഡോർ തുറന്നപ്പോഴേ ചേട്ടനെ ഇടിക്കാൻ തുടങ്ങി. ഇടിക്കല്ലേ എന്നു കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല’– നീതുരാജ് പറഞ്ഞു. മർദനത്തിനിടെ ബിനീഷിന്റെ ഒന്നരപ്പവന്റെയും നീതുരാജിന്റെ മുക്കാൽ പവന്റെയും മാല നഷ്ടമായി. അതേസമയം, നടന്ന സംഭവങ്ങളെക്കുറിച്ചു കേട്ടറിവു മാത്രമേയുള്ളൂവെന്നും താനോ ഡ്രൈവറോ കാറിൽ ഉണ്ടായിരുന്നില്ലെന്നും ജി.സ്റ്റീഫൻ എംഎൽഎ പ്രതികരിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ ഇന്നലെ വൈകിട്ട് പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങി. തൂങ്ങാംപാറ കൂന്താണി എള്ളുവിള എം.ബി.മനു, കിള്ളി മുതയിൽ സുമേഷ് ഭവനിൽ എസ്.സുമിത്ത്, മുതയിൽ മുഷിറ മൻസിലിൽ എസ്.വി.ആദർശ്, മുതയിൽ പുണർതം ഭവനിൽ അനൂപ് അർജുൻ എന്നിവരാണ് പ്രതികൾ.