ജുഡീഷ്യൽ അന്വേഷണം വേണം: ഗവർണറെ കണ്ട് അൻവർ
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മുമായി തെറ്റിയ സ്വതന്ത്ര എംഎൽഎ പി.വി.അൻവർസ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസിനുമെതിരെ ഉന്നയിച്ച പരാതികൾ കൈമാറി. സർക്കാരും ഗവർണറും തമ്മിൽ പുതിയ പോർമുഖം തുറന്ന ദിവസമായിരുന്നു അൻവറിന്റെ സന്ദർശനം.
പൊലീസിനെതിരെ പുറത്തുകൊണ്ടുവന്ന തെളിവുകൾ ഗവർണർക്കു കൈമാറിയെന്ന് അൻവർ പറഞ്ഞു. ചില തെളിവുകൾ കൂടി കൈമാറുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടിയിൽ നിന്നു പുറത്താക്കിയതായി പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ സ്പീക്കറെ അറിയിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിലേക്കാണു തന്റെ സീറ്റ് മാറ്റിയതെന്ന് അൻവർ പറഞ്ഞു. താൻ സ്വതന്ത്രനാണ്. പ്രതിപക്ഷത്തിരിക്കണമെന്നു തീരുമാനിക്കാൻ ടി.പി.രാമകൃഷ്ണനോ സ്പീക്കർക്കോ അവകാശമില്ലെന്നും അൻവർ പറഞ്ഞു നിയമസഭ തുടങ്ങി മൂന്നു ദിവസമായിട്ടും അൻവർ സഭയിലെത്തിയിട്ടില്ല.