‘പോല സ് മെഡൻ’ തിരുത്തും, പുതിയ മെഡൽ നൽകും; അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി
Mail This Article
തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി അക്ഷരത്തെറ്റുകളുള്ള മെഡലുകൾ വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം. ഡിജിപി എസ്.ദർവേഷ് സാഹിബാണ് അന്വേഷണത്തിനു നിർദേശിച്ചത്. മെഡലുകൾ സ്വീകരിച്ചവരിൽനിന്ന് അവ തിരികെ വാങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിനു നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി.
അക്ഷരത്തെറ്റുള്ള മെഡലിന്റെ ചിത്രം ഇന്നലെ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. അക്ഷരത്തെറ്റുള്ള മെഡലുകൾ ലഭിച്ചവർ ഉടൻ യൂണിറ്റ് ഓഫിസർക്ക് കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്.അക്ഷരപ്പിശകുള്ള മെഡലുകൾ നിർമിച്ച തിരുവനന്തപുരത്തെ ഭഗവതി ഇൻഡസ്ട്രീസിനോട് പുതിയ മെഡലുകൾ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്ര യുടെ’ എന്നാണു രേഖപ്പെടുത്തിയത്. പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോ ലസ് മെഡൻ’ എന്നും രേഖപ്പെടുത്തി. സർക്കാർ രേഖകളിൽ പൊലീസ് എന്ന് എഴുതുമ്പോൾ ‘പോ’ ഉപയോഗിക്കരുതെന്നും ‘പൊ’ എന്നാണു വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2022ൽ നിർദേശിച്ചിരുന്നു. അതും മെഡലിൽ തെറ്റിച്ചു.
പൊലീസ് ആസ്ഥാനത്തു പരിശോധന നടത്തിയശേഷമാണു മെഡലുകൾ വേദിയിലേക്കു കൊണ്ടുപോയതെന്നാണ് അവകാശപ്പെടുന്നത്. കരാറുകാർ 5 പാക്കറ്റുകളിൽ മെഡലുകൾ എത്തിച്ചു. ഓരോ പാക്കറ്റിൽനിന്നും ഓരോന്ന് പരിശോധിച്ചു. എല്ലാ മെഡലുകളിലും ഒരേ കാര്യം എഴുതിയിരിക്കുമ്പോൾ ഇടയ്ക്കുള്ളവയിൽ മാത്രം പിശകു സംഭവിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.
സംസ്ഥാന മുദ്രയിലും പിഴവ്
∙ പൊലീസ് മെഡലിലെ സംസ്ഥാനമുദ്രയിലും ഗുരുതരമായ പിഴവു സംഭവിച്ചു. മുദ്രയുടെ ഏറ്റവും താഴെയാണു ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തിയത്. 2010ൽ മുദ്ര പരിഷ്കരിച്ചിരുന്നു. അശോകസ്തംഭത്തിനും ശംഖുമുദ്രയ്ക്കും മധ്യേ ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തണമെന്നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. പൊലീസ് മെഡലിൽ 2010നു മുൻപുള്ള മുദ്രയാണ് ഉപയോഗിച്ചിരിക്കുന്നത്.