ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ  വിവാദ റാങ്ക് പട്ടിക സിൻഡിക്കറ്റ് യോഗത്തിലെ എൽഡിഎഫ് ഭൂരിപക്ഷം ഉപയോഗിച്ച് അംഗീകരിച്ചെങ്കിലും വൈസ് ചാൻസലർ ഒപ്പിടാതെ തീരുമാനം നടപ്പാവില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വൈസ് ചാൻസലർ സിൻഡിക്കറ്റ് തീരുമാനത്തിനെതിരെ സത്യവാങ്മൂലം നൽകുമെന്നാണ് അറിയുന്നത്. യുജിസി ചട്ടങ്ങൾ അനുസരിച്ചല്ല അധ്യാപക നിയമനമെന്നും ഇതു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നും അറിയിച്ചാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സത്യവാങ്മൂലം നൽകുക. കോടതി വിധിക്കു വിധേയമായി മാത്രമേ നിയമനം നടക്കൂവെന്ന് ഉറപ്പായതോടെയാണു വിസി തീരുമാനത്തിൽ ഒപ്പുവയ്ക്കാത്തതെന്നു സൂചനയുണ്ട്. 

വിരമിച്ച അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന വിസിയുടെ നിർദേശം എൽഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. പകരം വിവാദ റാങ്ക് പട്ടിക അംഗീകരിക്കാനായി വോട്ടെടുപ്പു വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. അതേസമയം, വിസിയുടെ ഇരട്ട നിലപാടാണെന്നു കോൺഗ്രസ് സിൻഡിക്കറ്റ് അംഗം വൈ.അഹമ്മദ് ഫസൽ പറഞ്ഞു. നിയമവിരുദ്ധമായ നിയമന നീക്കത്തെപ്പറ്റി വാർത്ത വന്ന ശേഷവും ഇടത് സിൻഡിക്കറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഇന്റർവ്യൂ വിസി തടഞ്ഞില്ല. വിസി രാഷ്ട്രീയം കളിക്കുകയാണെന്നും ഫസൽ ആരോപിച്ചു.

English Summary:

Kerala University VC Rejects Syndicate's Decision on Contract Faculty Appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com