കോവിഡ്കാല ഗ്ലൗസ് ഇറക്കുമതി: നഷ്ടം ഒരു കോടി; ലോകായുക്ത അന്വേഷിക്കുന്നു

Mail This Article
തിരുവനന്തപുരം∙ കോവിഡ് കാലത്തെ ഗ്ലൗസ് ഇറക്കുമതിയിലൂടെ സർക്കാരിന് ഒരു കോടി രൂപ നഷ്ടമായി. ഗുണമേന്മയില്ലാത്ത ഗ്ലൗസ് വിതരണം ചെയ്തതിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കുകയാണിപ്പോൾ. പച്ചക്കറി കച്ചവടത്തിനുവേണ്ടി കഴക്കൂട്ടത്തു തുടങ്ങിയ അഗ്രത ആവയോൺ എക്സിമിനാണ് ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ കരാർ നൽകിയത്. ഒരു കോടി ഗ്ലൗസ് 12.15 രൂപ നിരക്കിൽ ലഭ്യമാക്കാനായിരുന്നു കരാർ. എന്നാൽ 2021 മേയ് 27ലെ ഉത്തരവനുസരിച്ച് പരമാവധി 7 രൂപയ്ക്ക് ഗ്ലൗസ് വാങ്ങണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് അട്ടിമറിച്ച് ഗ്ലൗസിന്റെ വിലയിൽ 5.15 രൂപ വർധിപ്പിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം പേന കൊണ്ടു വെട്ടിത്തിരുത്തി. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നു തിരുത്തി. ഉൽപന്നത്തിനു ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്ന വ്യവസ്ഥ വെട്ടിമാറ്റി കമ്പനിക്ക് അനുകൂലമാക്കി.
സംസ്ഥാനത്ത് ഗ്ലൗസിന് വലിയ ക്ഷാമം ഇല്ലാതിരുന്ന കാലത്താണ് ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉൽപന്നം 50% മുൻകൂർ പണം നൽകി ഇറക്കുമതി ചെയ്തത്. യുകെയിലെ ആശുപത്രികൾക്കായി മലേഷ്യയിൽനിന്ന് എത്തിച്ച ഗ്ലൗസ് പിന്നീട് അവിടെനിന്നു കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഈ ഉൽപന്നം യുകെയിൽ ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
കീഴ്‌വഴക്കങ്ങൾ മറികടന്നു വിതരണക്കമ്പനിക്ക് 6.07 കോടി രൂപ മുൻകൂർ നൽകാൻ സർക്കാർ അനുമതി നൽകി. കേരളത്തിൽ എത്തിച്ച ഉൽപന്നത്തിൽ നിർമാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വിൽപന വിലയോ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 15 ദിവസത്തിനുള്ളിൽ 41.6 ലക്ഷം ഗ്ലൗസുകളാണ് കമ്പനി എത്തിച്ചത്. ഈ കാരണം പറഞ്ഞു കരാർ റദ്ദാക്കി. 50 ലക്ഷം ഗ്ലൗസുകൾക്ക് മുൻകൂർ പണം നൽകി. 41.6 ലക്ഷം മാത്രമേ വാങ്ങിയുള്ളൂ. ഒരു കോടി രൂപ ഇപ്പോഴും സ്ഥാപനത്തിൽ നിന്നു തിരിച്ചു പിടിച്ചിട്ടില്ല. പച്ചക്കറി കച്ചവട രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021ലാണ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കുന്നത്. വാർഷിക വിറ്റുവരവ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെബ്സൈറ്റും പ്രവർത്തനരഹിതമാണ്.