സാബു തോമസ് ജീവനൊടുക്കിയ സംഭവം: പൊലീസ് സംരക്ഷിക്കുന്നത് ആരെ?

Mail This Article
തൊടുപുഴ ∙ കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തിൽ ആരോപണവിധേയരുടെ സമ്മർദത്തിനു വഴങ്ങി അന്വേഷണസംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം.
പ്രതികൾ രണ്ടാമതും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അതു പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നു നിർദേശമുണ്ടെന്നും പൊലീസ് പറയുന്നു.
എന്നാൽ, സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കഴിയുന്നതു വരെ കേസിൽ പുരോഗതിയുണ്ടാകരുതെന്ന ഭരണപക്ഷ നിർദേശം അന്വേഷണസംഘം നടപ്പാക്കുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ശക്തമായ തെളിവുണ്ടായിട്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ പ്രതിയാക്കിയിട്ടില്ല. ആത്മഹത്യക്കുറിപ്പിൽ പേരുള്ള സൊസൈറ്റി ജീവനക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല.
കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ, വ്യാപാരിയായ കട്ടപ്പന പള്ളിക്കവല മുളങ്ങാശേരിൽ സാബു തോമസ് (56) ജീവനൊടുക്കിയത് കഴിഞ്ഞ ഡിസംബർ 20ന് ആണ്.
നിക്ഷേപത്തുക തിരികെക്കിട്ടാതെ വന്നതോടെയായിരുന്നു ആത്മഹത്യ. 42 ദിവസം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണപുരോഗതി ജില്ലാ പൊലീസ് മേധാവിയും വിലയിരുത്തുന്നില്ലെന്നാണു വിവരം.
കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുൾപ്പെട്ട കട്ടപ്പന സിഐ പഴയ എസ്എഫ്ഐക്കാരനാണെന്നു കോൺഗ്രസ് ആരോപണമുണ്ട്.