സഭാകേസ്: വിശ്വാസികളുടെ കണക്ക് നൽകി സർക്കാർ

Mail This Article
ന്യൂഡൽഹി ∙ ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട കേസിൽ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ എണ്ണം ഉൾപ്പെടെയുള്ള കണക്കുകൾ സംസ്ഥാന സർക്കാർ രഹസ്യരേഖയായി സുപ്രീം കോടതിക്കു കൈമാറി. ഇരു വിഭാഗത്തിനുമുള്ള പള്ളികൾ, ഓരോ വിഭാഗത്തിനും പൂർണ ഭരണച്ചുമതലയുള്ള പള്ളികൾ, തർക്കത്തിലുള്ള പള്ളികൾ, നിലവിലെ സ്ഥിതി തുടങ്ങിയവ വ്യക്തമാക്കാൻ ഡിസംബർ 17നു കോടതി നിർദേശിച്ചിരുന്നു. അതേസമയം, സർക്കാർ നൽകിയ വിവരങ്ങൾ 6 പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പരിഗണനയിലുള്ള കേസിൽ കണക്കിലെടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
സുപ്രീം കോടതി വിധികളിലൂടെ സഭാതർക്കം തീർപ്പാക്കിയതാണെന്നും പള്ളികൾ കൈമാറാൻ യാക്കോബായ സഭ ബാധ്യസ്ഥമാണെന്നും ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു. ഓർത്തഡോക്സ് പള്ളികളിൽ യാക്കോബായ സഭാംഗങ്ങളുടെ മൃതസംസ്കാരം നടത്തുന്നതു സംബന്ധിച്ചുള്ള സംസ്ഥാന നിയമം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ വിഷയത്തിൽ ഓർത്തഡോക്സ് സഭ മുൻ നിലപാട് മയപ്പെടുത്തിയതായി കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളോട് വിയോജിപ്പുണ്ടായാൽ പോലും ഇപ്പോൾ ജുഡീഷ്യൽ അച്ചടക്കം പാലിക്കാൻ അത് അംഗീകരിക്കുകയാണു വഴിയെന്നും വാക്കാൽ പറഞ്ഞു.
അതേസമയം, സുപ്രീം കോടതി വിധികൾ ചില പള്ളികളുമായി ബന്ധപ്പെട്ടു മാത്രമുള്ളതാണെന്നും അതിനാൽ ആ പള്ളികൾക്കു മാത്രമാണു ബാധകമാകുന്നതെന്നും യാക്കോബായ സഭയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ ശ്യാം ദിവാൻ വാദിച്ചു. ഓർത്തഡോക്സ് വിഭാഗത്തിനായി സി.യു.സിങ്, കൃഷ്ണൻ വേണുഗോപാൽ, യാക്കോബായ വിഭാഗത്തിനായി എ.രഘുനാഥ്, പി.കെ.മനോഹർ എന്നിവരും സംസ്ഥാന സർക്കാരിനു വേണ്ടി കപിൽ സിബൽ, സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശി എന്നിവരും ഹാജരായി.
സ്വാഗതം ചെയ്ത് ഇരുസഭകളും
കോട്ടയം / കൊച്ചി ∙ മലങ്കര സഭാക്കേസിൽ കണക്കെടുപ്പിനു പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് സഭ പ്രതികരിച്ചു.
സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതായി ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി.
പള്ളി ഏറ്റെടുക്കൽ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് യാക്കോബായ സഭയ്ക്കു വലിയ ആശ്വാസമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങൾ പൊതുതാൽപര്യത്തിനു യോജിച്ചതാണോയെന്നു പരിശോധിക്കാനുള്ള നിർദേശവും പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.