അമേരിക്കൻ വിപണി വീഴ്ച, താരിഫ് ചർച്ചകൾ, ഇവി പോളിസി, എംഎസ് സിഐ റീജിഗ്ഗ്, ഇന്ത്യൻ വിപണിയിൽ ഇനിയും തകർച്ചയോ?

Mail This Article
അമേരിക്കൻ താരിഫ് ഭീഷണിയിൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഇന്ത്യൻ വിപണി മുന്നേറാനാകാതെ നഷ്ടം കുറിച്ചു. ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചകളാണ് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ നിർണായകമായത്. സർവീസ് പിഎംഐ ഡേറ്റയിലെ വീഴ്ചയെ തുടർന്ന് വെള്ളിയാഴ്ച അമേരിക്കൻ വിപണി 2025ലെ ഏറ്റവും വലിയ തിരുത്തൽ നേരിട്ടത് തിങ്കളാഴ്ച ഏഷ്യൻ വിപണികളുടെ ഓപ്പണിങ് നിരക്കുകളെ സ്വാധീനിക്കും.
മുൻആഴ്ചയിൽ 22929 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 22795 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 75311 പോയിന്റിലേക്കും ഇറങ്ങി. ഐടി, ഫാർമ, എഫ്എംസിജി, ഓട്ടോ സെക്ടറുകൾ കഴിഞ്ഞ ആഴ്ച്ചയിൽ 2%ൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
വലിയ തിരുത്തൽ നേരിട്ടു കഴിഞ്ഞ സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളിൽ കഴിഞ്ഞ ആഴ്ച വാങ്ങൽ വന്നത് പ്രതീക്ഷയാണ്. നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകൾ കഴിഞ്ഞ ആഴ്ചയിൽ ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടിയത് റീട്ടെയ്ൽ നിക്ഷേപകർക്ക് ആശ്വാസമായി.

ജിയോ നിഫ്റ്റി-50യിൽ
അൻപത് ഓഹരികളുടെ സൂചികയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി-50യിലേക്ക് ജിയോ ഫൈനാൻസും സൊമാറ്റോയും ഇടംപിടിക്കുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ബിപിസിഎലിനും ബ്രിട്ടാനിയക്കും പകരമായിട്ടാണ് ജിയോ ഫൈനാൻസും സൊമാറ്റോയും നിഫ്റ്റിയിൽ എത്തുന്നത്. മാർച്ച് 28നാണ് നിഫ്റ്റിയുടെ അർദ്ധവാർഷിക മാറ്റങ്ങൾ നിലവിൽ വരിക.
എംഎസ് സിഐ റീജിഗ്ഗ് ഈയാഴ്ച
ഫെബ്രുവരി 28ന് വിപണി അവസാനിച്ചതിന് ശേഷം എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ മാറ്റങ്ങൾ നിലവിൽ വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ അദാനി ഗ്രീൻ എനർജിക്ക് പകരമായി ഹ്യുണ്ടായി മോട്ടോഴ്‌സ് ഇടംപിടിക്കും.
എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഇന്ത്യൻ ഹെവി വെയ്റ്റ് കമ്പനികളുടെ വെയിറ്റേജ് കുറയുന്നത് ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്
ഇനിയും തകരുമോ ഇന്ത്യൻ ഐടി?
ട്രംപ് നികുതികൾ ഏപ്രിലിൽ തീരുമാനമാകുമെന്ന സൂചന ഇന്ത്യൻ ഐടി, ഫാർമ അടക്കമുള്ള അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതികൾ നടത്തുന്ന സെക്ടറുകളിൽ നാശം വിതച്ചു തുടങ്ങി. 200 ഡിഎംഎക്ക് തൊട്ട് താഴെ വന്ന നിഫ്റ്റി ഐടിക്ക് 40,000 പോയിന്റിലെ പിന്തുണ നിർണായകമാണ്.
‘ഡീപ്‌സീക്ക് വിപ്ലവ’ത്തിന് ശേഷം ചൈനയുടെ ഐടി സെക്ടർ ശക്തമാകുമെന്നും ഇന്ത്യൻ ഐടി നാശോന്മുഖമാണെന്ന വാദവും ശക്തമാകുന്നത് ഇന്ത്യൻ ഐടി സെക്ടറിലേക്കുള്ള നിക്ഷേപങ്ങളെയും സ്വാധീനിക്കും. അതിന് പുറമെയാണ് ഇന്ത്യൻ ഐടി മേഖലയും അമേരിക്കയുടെ ‘നികുതി’ ചക്രത്തിൽ കുടുങ്ങുമോ എന്ന ഭീതി.
ടെസ്ലയുടെ വരവിനൊപ്പം അമേരിക്കൻ നികുതികളും, ഐടിയുടെ വീഴ്ചയും ഇന്ത്യൻ ജിഡിപിയിലും, ഇന്ത്യക്കാരുടെ വാങ്ങൽ ശേഷിയിലും ഇടിവുണ്ടാക്കിയേക്കാമെന്ന വാദവും ഓട്ടോ, കൺസ്യൂമർ, റിയൽ എസ്റ്റേറ്റ് മേഖലകളെ സ്വാധീനിച്ചേക്കാം.
ഇവി പോളിസി
ഇന്ത്യയുടെ പുതിയ ഇവി പോളിസിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിക്ക് മേൽ നിലവിൽ ഈടാക്കുന്ന 110% ഇറക്കുമതി നികുതി 15%ലേക്ക് കുറയ്ക്കുമെന്ന സൂചന ഇന്ത്യൻ ഇലക്ട്രിക് വാഹനനിർമാതാക്കൾക്ക് വൻ തിരുത്തൽ നൽകി. മഹിന്ദ്ര 6% വീണ വെള്ളിയാഴ്ച ഓട്ടോ സൂചിക 2.6% വീണിരുന്നു.

എന്നാൽ, 2024 മാർച്ചിൽ അവതരിപ്പിച്ച ‘സ്‌കീം റ്റു പ്രൊമോട്ട് ഇലക്ട്രിക്ക് പാസഞ്ചർ കാർ’ (എസ്എംഇസി) പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമായിരിക്കും കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതി തീരുവക്ക് വിദേശ ഇവി കമ്പനികൾ അർഹമാകുകയുള്ളു. വിദേശ ഇവി കമ്പനികൾ 4150 കോടി രൂപയുടെ നിക്ഷേപം നടത്തുകയും രണ്ടാം വർഷം തന്നെ 2500 കോടി രൂപയുടെ വില്പന ലക്ഷ്യം നേടുകയും അഞ്ചാം വര്‍ഷം തന്നെ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുകയും ചെയ്യേണ്ടി വരുമെന്നാണ് നിർദ്ദേശങ്ങൾ.
പണമൊഴുകുന്നത് ചൈനയിലേക്ക്
ചൈന ട്രംപിന്റെ വരവ് മുൻകൂട്ടിക്കണ്ട് സാമ്പത്തിക ഉത്തേജന നടപടികൾ കൊണ്ട് വന്ന നാൾ മുതൽ വിദേശ ഫണ്ടുകൾ ‘ഇന്ത്യയിൽ വിറ്റ് ചൈനയിൽ വാങ്ങുക’ എന്ന നയം കൃത്യമായി തുടരുന്നത് തന്നെയാണ് ഇന്ത്യൻ വിപണിക്ക് വൻതിരുത്തലുകൾ നൽകിയത്. ഒക്ടോബർ മുതൽ ഡോളർ കണക്കിൽ 400 ദശലക്ഷത്തിൽ കൂടുതൽ ഡോളർ ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തേക്കൊഴുകിയപ്പോൾ അതെ കാലയളവിൽ ചൈനീസ് വിപണിയിലേക്ക് 580 ദശലക്ഷം ഡോളറിന്റെ റെക്കോർഡ് വിദേശനിക്ഷേപം എത്തിച്ചേരുകയും ചെയ്തു.
മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സിന്റെ ചൈന സൂചിക കഴിഞ്ഞ ആറു മാസത്തിൽ 28% മുന്നേറിയപ്പോൾ എംഎസ് സിഐ ഇന്ത്യ 13%ൽ കൂടുതൽ ഇടിയുകയും ചെയ്തു.
പ്രിയം കുറയുന്നോ?

ബാങ്ക് ഓഫ് അമേരിക്ക ഫണ്ട് മാനേജർമാർക്കിടയിൽ നടത്തുന്ന സർവേ പ്രകാരം ഏഷ്യയിലെ ഏറ്റവും സ്വീകാര്യത കുറഞ്ഞ വിപണികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ വിപണി തുടരുന്നത്. ജപ്പാൻ ഏറ്റവും പ്രിയവിപണിയായി തുടരുമ്പോൾ തായ്‌വാനും ചൈനയുമാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിൽ. ജനുവരിയിൽ ചൈനയായിരുന്നു ഏറ്റവും മോശം വിപണിയെന്ന സ്ഥാനം നേടിയത്.
അതെ സമയം മോർഗൻ സ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ എമർജിങ് വിപണി സൂചികയിൽ ചൈനക്കും തായ്‌വാനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണു.
തകർന്ന് അമേരിക്ക
വെള്ളിയാഴ്ച വന്ന അമേരിക്കയുടെ ഫെബ്രുവരിയിലെ സർവീസ് പിഎംഐ ഡേറ്റ 49.7 ലേക്ക് വീണതോടെ ജനുവരിയിൽ 52.7 കുറിച്ച കോംപോസിറ്റ് പിഎംഐ 50.4ലേക്കും വീണത് അമേരിക്കൻ വിപണിക്ക് വിനയായി. എന്നാൽ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വിപണി അനുമാനത്തിനും മുകളിൽ 51.6 കുറിച്ചത് അനുകൂലമാണ്.
മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെന്റ്, കൺസ്യൂമർ എക്സ്പെക്ടേഷൻ ഡേറ്റകളിലെ വീഴ്ചയും പണപ്പെരുപ്പ അനുമാനത്തിലെ വർധനയും വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണിയുടെ വീഴ്ചയെ സ്വാധീനിച്ചു. നാസ്ഡാക് വെള്ളിയാഴ്ച 2.20%വും, ഡൗ ജോൺസ് 1.69%വും വീണു.
ലോക വിപണി അടുത്ത ആഴ്ച
∙വെള്ളിയാഴ്ച വരുന്ന അമേരിക്കൻ പിസിഇ ഡേറ്റയും, വ്യാഴാഴ്ച വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അടുത്ത ആഴ്ചയിൽ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനകൾക്കൊപ്പം അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙ബുധനാഴ്ച ശിവരാത്രി ദിനത്തിൽ അവധിയായിരിക്കുന്ന ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ച വരുന്ന മൂന്നാം പാദ ആഭ്യന്തര ഉത്പാദനക്കണക്കുകൾ പ്രധാനമാണ്.
∙തിങ്കളാഴ്ച യൂറോ സോൺ സിപിഐയും ചൊവ്വാഴ്ച ജർമൻ ജിഡിപിയും വെള്ളിയാഴ്ച ജർമൻ സിപിഐ ഡേറ്റയും ഫ്രഞ്ച് ജിഡിപി ഡേറ്റയും വരുന്നത്.
ഓഹരികളും സെക്ടറുകളും
∙നിഫ്റ്റി 50യിലേക്ക് പുതുതായി വരുന്ന ജിയോ ഫിനാൻഷ്യൽ സർവീസസും, സൊമാറ്റോയും കൂടുതൽ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത് ഓഹരികൾക്ക് അനുകൂലമാണ്. ജിയോ ഫിനാൻഷ്യൽ സർവീസസ് ഏറ്റവും കുറഞ്ഞ നിരക്കിന് സമീപമാണ് വ്യാപാരം തുടരുന്നത്.
∙എംഎസ് സിഐ ക്യാപിറ്റൽ ഇൻഡക്സിലെ മാറ്റങ്ങൾ ഫെബ്രുവരി 28ന് നിലവിൽ വരുന്നതിന് മുന്നോടിയായി ഈയാഴ്ച ഓഹരികളിൽ വിറ്റുമാറലുകൾ നടന്നേക്കാം.
∙ഇൻഡസ് ഇന്‍ഡ് ബാങ്ക്, സൊമാറ്റോ, വരുൺ ബിവറേജസ്, ഡിക്‌സൺ, അദാനി എന്റർപ്രൈസസ്, വോൾട്ടാസ് മുതലായ കമ്പനികളുടെ എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ വെയിറ്റേജ് കൂടുന്നത് ഓഹരികളിലേക്ക് കൂടുതൽ പണമെത്തിക്കും.
∙എന്നാൽ എച് ഡി എഫ് സി ബാങ്ക്, റിലയൻസ്, ടിസിഎസ്, ഇൻഫി, മഹിന്ദ്ര, എൽ&ടി, ആക്സിസ് ബാങ്ക് എന്നിവയുടെ എംഎസ് സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ വെയിറ്റേജ് കുറയുന്നത് ഓഹരികളിലും ഒപ്പം നിഫ്റ്റിയിലും അനുരണനങ്ങൾ സൃഷ്ടിച്ചേക്കാം.
∙ടാറ്റ ടെക്‌നോളജീസ്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറിറ്റി (ഇറേഡ) എന്നീ ഓഹരികളും ഫെബ്രുവരി 28 മുതൽ എഫ്&ഓ സെഗ്മെന്റിൽ ഉൾപ്പെടുത്തുമെന്ന വാർത്ത ഓഹരികൾക്ക് മുന്നേറ്റം നൽകി.

∙ടെസ്‌ലയുടെ വരവ് ഇവി ഘടകങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് അവസരമായേക്കാം.
∙ഇന്ത്യയുടെ ഇറക്കുമതി താരിഫുകൾ വർദ്ധിക്കുന്നത് ഫാർമ മേഖലക്ക് ക്ഷീണമാകുമെങ്കിലും ഇന്ത്യൻ മരുന്നുകളുടെ ‘കുറഞ്ഞ’വിലകളും, ഇന്ത്യൻ മരുന്ന് കമ്പനികളുടെ വിശ്വാസ്യതയും ഇന്ത്യയുടെ വലിയ ജനസംഖ്യയും മറ്റ് വിപണികളിലെ സാധ്യതകളും ഫാർമ സെക്ടറിന് തിരിച്ചു വരവ് നൽകും.
∙റിന്യൂവബിൾ എനർജി മേഖലയുടെ വൻതകർച്ച നിക്ഷേപകർക്ക് അവസരമാണ്. സുസ്‌ലോൺ, വാരീ എനർജി എന്നിവ ഉയർന്ന നിരക്കിൽ നിന്നും വലിയ തിരുത്തലാണ് കുറിച്ചത്.
∙നിഫ്റ്റി-50യിലെ ഏറ്റവും അന്വേഷിക്കപ്പെടുന്ന ഓഹരി എന്ന വിശേഷണം ഒരു വിൽപന റേറ്റിങ് പോലുമില്ലാത്ത ഐസിഐസിഐ ബാങ്ക് തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം. ഓഹരി സുപ്രധാന പിന്തുണമേഖലക്ക് സമീപമാണ് തുടരുന്നത്.
∙2025 ലെ നിഫ്റ്റിയുടെ ഏറ്റവും മികച്ച ഓഹരിയായ ബജാജ് ഫിനാൻസിന് യുബിഎസ് 6800 രൂപയുടെ ഡിസ്‌കൗണ്ട് ലക്‌ഷ്യം കുറിച്ചത് ഓഹരിക്ക് കെണിയായേക്കാം.
രൂപ

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ഡോളറിനെതിരെ നേട്ടമുണ്ടാക്കിയ രൂപ 86.57/- നിരക്കിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ ഡേറ്റ മോശമാകുന്നത് ഡോളറിന് തിരുത്തൽ നൽകിയേക്കാവുന്നത് രൂപക്ക് പ്രതീക്ഷയാണ്.
സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണവില 2953 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിന്റെ ചലനങ്ങൾക്കൊപ്പം, വ്യാപാരയുദ്ധത്തിന്റെ വ്യാപ്തിയെയും, മിഡിൽ ഈസ്റ്റ് സമാധാന സാധ്യതകളെയും ആശ്രയിച്ചിരിക്കും സ്വർണത്തിന്റെ തുടർ ചലനങ്ങൾ.
ക്രൂഡ് ഓയിൽ
വെള്ളിയാഴ്ച 2%ൽ കൂടുതൽ ഇടിഞ്ഞ ബ്രെന്റ് ക്രൂഡ് ഓയിൽ ആഴ്ചയിലെ നേട്ടമെല്ലാം നഷ്ടമാക്കി 74.43 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. റഷ്യൻ ക്രൂഡ് ഓയിൽ ഉപരോധത്തിന് ഇളവ് വന്നേക്കാവുന്നതും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ട്രംപുമായി എഗ്രിമെന്റിൽ എത്തിയേക്കാവുന്നത് ക്രൂഡ് ഓയിലിന് വീണ്ടും ക്ഷീണമാണ്.
ബേസ് മെറ്റലുകൾ
ക്രൂഡ് ഓയിലിനൊപ്പം ബേസ് മെറ്റലുകളും വെള്ളിയാഴ്ച വൻ തകർച്ച നേരിട്ടു. കോപ്പർ, സിൽവർ, അലുമിനിയം എന്നിവ വെള്ളിയാഴ്ച ഓരോ ശതമാനത്തിൽ കൂടുതൽ വീണു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക