ന്യൂ ടാക്‌സ് റെജിമിലേക്ക് ഇനി ആര്‍ക്കൊക്കെ മാറാം? അങ്ങോട്ടുമിങ്ങോട്ടും കളം മാറ്റാനാകുമോ?

Mail This Article
ഈ വര്‍ഷത്തെ ബജറ്റില്‍ ന്യൂ ടാക്‌സ് റെജിം സ്വീകരിക്കുന്ന 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണല്ലോ. ഈ ഇളവ് അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് പ്രാബല്യത്തിലാവുക. അതായത് 2025-26 സാമ്പത്തിക വര്‍ഷം മുതല്‍. നടപ്പു സാമ്പത്തിക വര്‍ഷം അതായത് 2024-25 വര്‍ഷം 7 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് നികുതി ബാധ്യതയില്‍ നിന്ന് റിബേറ്റിലൂടെ ഒഴിവാക്കിയിരിക്കുന്നത്.
അടുത്തവര്‍ഷം എല്ലാവരും ന്യൂ റെജിമിലേക്ക് മാറുമെന്നതിന് സംശയമില്ല. എന്നാല്‍ ഈ വര്‍ഷം ഏത് റെജിം സ്വീകരിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഈ വര്‍ഷം ഓള്‍ഡ് റെജിം സ്വീകരിച്ചാല്‍ അടുത്തവര്‍ഷം ന്യൂ റെജിമിലേക്ക് മാറാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ഈ ആശങ്കയാല്‍ നടപ്പുവര്‍ഷം കൂടുതല്‍ ലാഭം ഓള്‍ഡ് റെജിം ആണെങ്കിലും ന്യൂ റെജിം സ്വീകരിച്ചേക്കാം എന്ന് തീരുമാനിച്ചിരിക്കുന്നവരും ഉണ്ട്.

അവരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പറയാന്‍ കഴിയില്ല. കാരണം ആര്‍ക്കൊക്കെ വര്‍ഷാവര്‍ഷം ഓള്‍ഡ് റെജിമില്‍ നിന്ന് ന്യൂ റെജിമിലേക്കും തിരിച്ചും മാറമെന്നും എത്രതവണ ഇങ്ങനെ മാറാമെന്നും ഒരിക്കല്‍ മാറിയാല്‍ ആര്‍ക്കൊക്കെ പിന്നെ തിരിച്ച് മാറാന്‍ അനുവദിക്കില്ല എന്നുമൊക്കെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമൊന്നും ഇല്ലാത്ത സാധാരണ ആദായ നികുതി ദായകര്‍ക്ക് ഓരോ വര്‍ഷവും ഏതു റെജിം വേണമെങ്കിലും മാറി മാറി തിരഞ്ഞെടുക്കാം. ഈ വര്‍ഷം ഓള്‍ഡ് റെജിം സ്വീകരിച്ചെങ്കില്‍ അടുത്തവര്‍ഷം ന്യൂ റെജിം സ്വീകരിക്കാം. അതിനടുത്ത വര്‍ഷം വേണമെങ്കില്‍ ഓള്‍ഡ് റെജിം(അന്ന് ഓള്‍ഡ് റെജിം ജീവനോടെ ഉണ്ടെങ്കില്‍) വീണ്ടും സ്വീകരിക്കാം.
എന്നാല്‍ ഇന്‍കം ഫ്രം ബിസിനസ് ഓര്‍ പ്രൊഫഷന്‍ ഉള്ളവരുടെ സ്ഥിതി അങ്ങനയേ അല്ല. അത്തരക്കാര്‍ക്ക് ഓരോ വര്‍ഷവും ഇഷ്ടമുള്ള റെജിം സ്വീകരിക്കാനുള്ള അര്‍ഹതയുമില്ല സ്വാതന്ത്ര്യവുമില്ല. ഒരു വര്‍ഷം ന്യൂ ടാക്‌സ് റെജിം വേണ്ട ഓള്‍ഡ് റെജിം മതി എന്ന് തീരുമാനിച്ചു എന്നിരിക്കട്ടെ. അടുത്തവര്‍ഷം ന്യൂ റെജിം സ്വീകരിച്ചാല്‍ പിന്നെ അതിനടുത്തവര്‍ഷം ഓള്‍ഡ് റെജിമിലേക്ക് തിരികെ പോകാന്‍ കഴിയില്ല. ന്യൂ ടാക്‌സ് റെജിം തന്നെ പിന്നീടുള്ള എല്ലാ വര്‍ഷവും സ്വീകരിക്കണം.
(പെഴ്‌സണല്‍ ഫിനാന്‍സ് അനിലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇമെയ്ല്‍ jayakumarkk8@gmail.com)