ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരണം; ഡ്രൈവറുടെ ലൈസൻസ് പോയി

Mail This Article
കാക്കനാട്∙ ഓടുന്ന കാറിന്റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ കാർ ഡ്രൈവർ വയനാട് സ്വദേശി അമൽ ദേവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സീപോർട്ട് എയർപോർട്ട് റോഡിൽ തിരക്കേറിയ സമയത്തായിരുന്നു ആഡംബര കാറിന്റെ റീൽസ് ചിത്രീകരിച്ചത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു പോയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിമിന്റെ ശ്രദ്ധയിൽ റീൽസ് ചിത്രീകരണം പെട്ടതാണ് ഷൂട്ടിങ് സംഘം കുടുങ്ങാൻ കാരണം. സംഭവം ഫോണിൽ പകർത്തിയ എംവിഐ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കാർ ഉടമയെ തിരിച്ചറിഞ്ഞു. ആഡംബര കാറുകളുടെ റീൽസ് ചിത്രീകരിക്കുന്ന സംഘത്തിൽ അംഗമാണ് കാർ ഡ്രൈവർ എന്നു വ്യക്തമായി. അപകടകരമായി വാഹനം ഓടിച്ച കുറ്റത്തിനാണ് ആർടിഒ ടി.എം.ജെർസൺ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഗതാഗത നിയമ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.