ആരാണ് മുഖ്യം, ഇരയോ പ്രതിയോ?; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിന്

Mail This Article
കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടുമൊരു സമരത്തിനിറങ്ങുകയാണ്.
എന്തുകൊണ്ട് വീണ്ടുമൊരു സമരം?
2017 ലാണു പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 ൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പരാതിപ്പെട്ടപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ് എന്ന കെട്ടിപ്പിടിച്ചു പറഞ്ഞതു സർക്കാർ ഒപ്പമുണ്ട് എന്നാണ്. എന്നാൽ, മന്ത്രിയോ സർക്കാരോ നീതി പുലർത്തിയില്ല. വാക്കിൽ എനിക്കൊപ്പവും പ്രവൃത്തിയിൽ പ്രതികൾക്കൊപ്പവും എന്നതാണ് സർക്കാർ നിലപാട്. ഡോക്ടർമാർ അടക്കമുള്ളവരെ പ്രതികളാക്കി നൽകിയ കേസിന്റെ വിചാരണ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ്. അതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിലേക്കു സമരം മാറ്റുകയാണ്.
കേസ് അട്ടിമറിക്കാൻ നീക്കമെന്നു സംശയിക്കുന്നതെന്ത്?
എന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്നു സ്ഥിരീകരിക്കാൻ ഒട്ടേറെ അന്വേഷണ കമ്മിറ്റികൾ വേണ്ടി വന്നു. ഒടുവിൽ പൊലീസാണ് അതു സ്ഥിരീകരിച്ചത്. ഈ റിപ്പോർട്ട് സഹിതം കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങേണ്ടതായിരുന്നു. എന്നാൽ, അതിനു 2 ദിവസം മുൻപു വിചാരണ തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കിട്ടി. പ്രോസിക്യൂഷൻ മൗനം പാലിച്ചതു കൊണ്ടാണു സ്റ്റേ ലഭിച്ചത്. 6 മാസം കഴിഞ്ഞിട്ടും കേസ് വീണ്ടും പരിഗണിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടാത്തത് അട്ടിമറിയാണെന്നു സംശയിക്കുന്നു.
ഇപ്പോഴത്തെ അവസ്ഥ?
26–ാം വയസ്സിലാണു കത്രിക കുടുങ്ങിയത്. അതിനു ശേഷം 9 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. നിരന്തരം മരുന്നു വേണ്ടി വന്നതോടെ ആരോഗ്യം നശിച്ചു. ഇനി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനാകില്ല. ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി. മക്കളുടെ പഠനം പോലും മുടങ്ങി. സംഭവത്തിൽ 1.92 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സർക്കാരിനെയും മെഡിക്കൽ കോളജിലെ 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും എതിർകക്ഷിയാക്കി കോഴിക്കോട് സിവിൽ കോടതിയിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്.