ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ 3 പേർ മരിച്ചു

Mail This Article
രാജാക്കാട്∙ പന്നിയാർകുട്ടി– അമ്പലക്കുന്ന് റോഡിൽ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു മറിഞ്ഞ് ദമ്പതികളുൾപ്പെടെ 3 പേർ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്(59), ഭാര്യ റീന(54), ജീപ്പ് ഓടിച്ചിരുന്ന ഇവരുടെ ബന്ധു ഉണ്ടമല തത്തംപിള്ളിൽ ഏബ്രഹാം(അവറാച്ചൻ–70) എന്നിവരാണ് മരിച്ചത്. ഒളിംപ്യൻമാരായ കെ.എം.ബീനാമോളുടെയും കെ.എം.ബിനുവിന്റെയും സഹോദരിയാണ് റീന. മരിച്ച ഏബ്രഹാമിന്റെ മൂത്ത മകൾ നീതുവിന്റെ ഭർത്താവാണ് ഒളിംപ്യൻ കെ.എം.ബിനു.
വെള്ളിയാഴ്ച വൈകിട്ട് 7ന് ജോസ്ഗിരിയിലുള്ള ബന്ധുവീട്ടിൽ പോയ ശേഷം രാത്രി 10നു ശേഷം പന്നിയാർകുട്ടിയിലെ ബോസിന്റെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അമ്പലക്കുന്നിനും പന്നിയാർകുട്ടി പള്ളിക്കും ഇടയിലുള്ള കുത്തിറക്കത്തിൽ വച്ച് ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് നൂറടിയിലധികം താഴ്ചയുള്ള കാെക്കയിലേക്കു മറിഞ്ഞത്. വീതി കുറഞ്ഞ കോൺക്രീറ്റ് റോഡിന്റെ ഒരു വശത്ത് ജൽജീവൻ പദ്ധതിക്കായുള്ള ഹോസ് കിടക്കുന്നുണ്ടായിരുന്നു. ഇൗ ഹോസിൽ കയറിയ ജീപ്പ് തിട്ടയിലിടിച്ച ശേഷം ഇടതു ഭാഗത്തെ കാെക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. റോഡിന്റെ ഇടതുഭാഗത്തെ കല്ലിലും മരത്തിലും ഇടിച്ച ശേഷമാണ് വാഹനം താഴേക്കു മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബോസിനെയും ഏബ്രഹാമിനെയും പുറത്തെടുത്തെങ്കിലും തകർന്ന ജീപ്പിനുള്ളിൽ കുടുങ്ങിയ റീനയെ അരമണിക്കൂറോളം നേരത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്. ബോസ് തൽക്ഷണം മരിച്ചു.

റീനയെ അടിമാലിയിലെ ആശുപത്രിയിലേക്കു കാെണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ ആദ്യം രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കാെണ്ടുപോയെങ്കിലും മരിച്ചു.

അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന 3 പേരുടെയും മൃതദേഹങ്ങൾ ഇന്നു വൈകുന്നേരം 4ന് പന്നിയാർകുട്ടിയിലെയും ഉണ്ടമലയിലെയും വീടുകളിലെത്തിക്കും. നാളെ രാവിലെ 10ന് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ സംസ്കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകും. ബോസ്–റീന ദമ്പതികളുടെ മക്കൾ: ആനി(യുകെ), മരിയൻ(നഴ്സ്, ആസ്റ്റർ മെഡിസിറ്റി, കാെച്ചി), അബിയ (ബിരുദ വിദ്യാർഥി, സായ് സെന്റർ തലശേരി). ഏബ്രഹാമിന്റെ ഭാര്യ: ഓമന. മക്കൾ: നീതു, ആനന്ദ് (എൻജിനീയർ, പഞ്ചാബ്), അശ്വതി. മരുമക്കൾ: കെ.എം.ബിനു, ജോമോൻ, ജ്യോതിസ്സ്.