വെഞ്ഞാറമ്മൂട്ടിലെ കൂട്ടക്കൊല: പൊലീസ് തിരയുന്നു; സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറമെന്ത് ?

Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക ബാധ്യതയെന്ന പ്രതിയുടെ വാദം ശരിയാണെങ്കിലും ഇത്രയും പേരെ കൊലപ്പെടുത്താൻ മറ്റു കുടുംബപ്രശ്നങ്ങളും കാരണമായിട്ടുണ്ടാകുമെന്നാണു പൊലീസ് നിഗമനം. കൂട്ടക്കൊലയ്ക്കു ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് അഫാൻ മദ്യത്തിൽ എലിവിഷം കലർത്തി കുടിച്ചത്. ഇതു ഫലപ്രദമല്ലെന്നു തോന്നിയതോടെ പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ചെന്നും കൂസലൊന്നുമില്ലാതെ പ്രതി പൊലീസിനോടു വിവരിച്ചു.
വിദേശത്ത് പിതാവ് കടബാധ്യതയിലായതും അമ്മയുടെ അസുഖവും സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചു. മുത്തശ്ശി സൽമാബീവിയാണു ഇടയ്ക്കിടെ പ്രതിക്കു പണം നൽകിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നൽകി. എന്നാൽ, പണം തിരികെ ലഭിക്കാനുള്ള ചിലർ ശല്യപ്പെടുത്താൻ തുടങ്ങി. പ്രതിയുടെ പിതാവ് അബ്ദുൽ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നൽകാത്തതിനാൽ അദ്ദേഹം യാത്രാ വിലക്കിലുമാണ്. ഇതോടെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായി. മുത്തശ്ശിയെ സമീപിച്ചപ്പോൾ സ്വർണമാല നൽകാത്തതിനാലാണ് അവരെ കൊലപ്പെടുത്തിയത്. ആ മാല പണയം വച്ച പണത്തിനാണ് മദ്യപിച്ചതും ഭക്ഷണം വാങ്ങിയതും. പിതാവിന്റെ സഹോദരൻ അബ്ദുൽ ലത്തീഫാണ് ഇവരുടെ കുടുംബ കാര്യങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടിരുന്നത്.
ഇതിൽ അഫാന് അതൃപ്തിയുണ്ടായിരുന്നു. സൽമാബീവിയെ കൊലപ്പെടുത്തി മടങ്ങുന്നതിനിടെ അഫാനെ ലത്തീഫ് ഫോണിൽ വിളിച്ചു. അഫാന്റെ അമ്മയെയും മുത്തശ്ശിയെയും ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു പരിഭവം പറഞ്ഞു. ഇതിന്റെ പേരിൽ നേരിയ തർക്കവുമുണ്ടായി. ഇതിനു പിന്നാലെയാണ് ലത്തീഫിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യയെയും കൊലപ്പെടുത്തിയത്. താൻ ഇല്ലാതാകുന്നതോടെ ഒറ്റപ്പെടുമെന്ന ചിന്തയിലാണ് ഫർസാനയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അഫാൻ പൊലീസിനോടു പറഞ്ഞത്. അനുജനെ കൊലപ്പെടുത്തിയ ശേഷം സമീപത്ത്, കൈവശം ബാക്കിയുണ്ടായിരുന്ന പണം വിതറി. പ്രതി മദ്യത്തിനോ ലഹരിക്കോ അടിമയല്ലെന്നു പൊലീസ് പറഞ്ഞു.
ബാറിലെത്തിയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം∙ പ്രതി അഫാനെ ലഹരി സ്വാധീനിച്ചിരുന്നോ എന്ന പരിശോധനയുടെ ഫലം വന്നിട്ടില്ലെങ്കിലും കൊലപാതകങ്ങളുടെ ഇടവേളയിൽ പ്രതി മദ്യത്തെ കൂട്ടുപിടിച്ചു. വെഞ്ഞാറമൂട്ടിലെ ബാറിലെത്തിയാണു മദ്യപിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. അമ്മ ഷെമി മരിച്ചെന്നു കരുതി വീട്ടിൽനിന്നിറങ്ങിയശേഷമാണു പിതാവിന്റെ മാതാവ് സൽമാ ബീവിയെയും പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിത ബീഗത്തെയും കൊലപ്പെടുത്തിയത്.
ഇതിനുശേഷം ബാറിലെത്തി. അഫാന്റെ മദ്യപാന ശീലത്തെപ്പറ്റി ബന്ധുക്കൾക്കോ, നാട്ടുകാർക്കോ അറിവില്ല. ഉറ്റബന്ധുക്കളായ മൂന്നു പേരെ കൊലപ്പെടുത്തിയശേഷം മദ്യം കഴിച്ചു വിശ്രമിച്ച പ്രതിയുടെ മാനസികാവസ്ഥയെ ‘അതിവിചിത്രം’ എന്നാണു പൊലീസ് വിശേഷിപ്പിക്കുന്നത്. ആസൂത്രിതമായ കൂട്ടക്കൊല കൃത്യമായ പദ്ധതിയോടെയാണു നടപ്പാക്കിയതെന്നു പൊലീസ് കരുതുന്നു. ഇതിനായി ഇന്റർനെറ്റിൽ എന്തെങ്കിലും തിരച്ചിലുകൾ പ്രതി നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.