കടൽഖനനം: പരിസ്ഥിതി ആഘാതം പഠിച്ചിട്ട് ഖനനം; വിശദീകരണവുമായി കേന്ദ്ര ഖനിമന്ത്രാലയം

Mail This Article
ന്യൂഡൽഹി ∙ കേരള തീരത്ത് കടൽമണൽ ഖനനം ആരംഭിക്കുന്നതിനു മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളത്തിലെ വിവാദങ്ങൾക്കിടെയാണ് ഖനി മന്ത്രാലയം സെക്രട്ടറി കെ.എൽ.കാന്ത റാവുവിന്റെ പ്രതികരണം. ലേല നടപടികളുടെ തുടക്കം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും പഠന–പര്യവേക്ഷണ പ്രവർത്തനങ്ങൾക്കായി 2–3 വർഷമെടുക്കുമെന്നും കാന്ത റാവു പറഞ്ഞു. അതു കഴിഞ്ഞേ ഖനനം തുടങ്ങൂ.
മത്സ്യബന്ധനം നടക്കുന്ന മേഖലയ്ക്കും വളരെ അപ്പുറത്താണ് ഖനനം നടത്തുന്നത്. 25 കിലോമീറ്റർ ദൂരെ വരെയാണ് മത്സ്യബന്ധനം നടക്കുന്നതെങ്കിൽ ഏകദേശം 50 കിലോമീറ്റർ വരെ അകലെയായിരിക്കും ഖനനം. എങ്കിലും ഇതു മത്സ്യബന്ധനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇക്കാരണം മുൻനിർത്തി പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് കൊച്ചിയിൽ നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ ഉണ്ടായിരുന്നതായും കാന്തറാവു പറഞ്ഞു. കരയിൽ ഖനികൾക്കുള്ള ലേലം നടക്കുമ്പോൾ ഏതൊക്കെ തരം പരിസ്ഥിതി ആഘാത പഠനങ്ങൾ നടക്കുമോ, അതുപോലെ തന്നെ കടലിലും നടക്കും. അനുമതി നൽകേണ്ട മന്ത്രാലയങ്ങൾ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ അത് പരിഗണിച്ചായിരിക്കും തുടർനടപടികൾ.
സസ്യ–ജന്തുജാലങ്ങൾ കുറവും ധാതുക്കളുടെ അളവ് കൂടുതലുമുള്ള സ്ഥലങ്ങളാണ് കടൽഖനനത്തിനായി കണ്ടെത്തുന്നത്. ഗുജറാത്തിലെ പോർബന്തറിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഇതേ രീതിയിലാണ് സ്ഥലങ്ങൾ കണ്ടെത്തിയത്. പരിസ്ഥിതി ആഘാതപഠനവും തുടർനടപടികളും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചാണ് ഖനി മന്ത്രാലയം ഏതു തീരുമാനവുമെടുക്കുന്നതെന്നും കാന്ത റാവു പറഞ്ഞു.
മത്സ്യമേഖല നിശ്ചലമായി
തിരുവനന്തപുരം ∙ കടൽമണൽ ഖനനത്തിന് എതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ പൂർണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. ഹാർബറുകൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ, മത്സ്യമാർക്കറ്റുകൾ എന്നിവ പ്രവർത്തിച്ചില്ല. കോൺഗ്രസും സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളും ഹർത്താലിനു പിന്തുണ നൽകി.
കേരളവും ധാതുലേല ഭൂപടത്തിലേക്ക്
ന്യൂഡൽഹി ∙ ഇന്ത്യയുടെ ധാതു ലേല (മിനറൽ ഓക‍്ഷൻ മാപ്പ്) ഭൂപടത്തിൽ കേരളമടക്കം 3 സംസ്ഥാനങ്ങൾ ഉടൻ ഇടംപിടിക്കുമെന്ന് കേന്ദ്ര ഖനി മന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. കേരളത്തിനു പുറമേ ജമ്മു കശ്മീർ, അസം എന്നിവയാണ് ഭൂപടത്തിൽ ഇടംപിടിക്കാനൊരുങ്ങുന്നത്. നിലവിൽ 14 സംസ്ഥാനങ്ങൾ ഈ ഭൂപടത്തിലുണ്ട്. സംസ്ഥാനങ്ങൾക്കു ഗണ്യമായ വരുമാനം ഇതിലൂടെ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 4.15 ലക്ഷം കോടി രൂപയാണ് റോയൽറ്റി അടക്കം വിവിധ ഇനങ്ങളിലായി സംസ്ഥാനങ്ങൾക്ക് ഇതുവരെ ലഭിച്ചത്.