കെ സ്മാർട്: ഏപ്രിൽ മുതൽ ഡിജിറ്റൽ കോസ്റ്റ്; നിലവിൽ ഫീസ് ഇല്ലാത്തവയ്ക്കും ഫീസ്

Mail This Article
തിരുവനന്തപുരം ∙ നഗരസഭ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നു നൽകുന്ന ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കും കെട്ടിടപെർമിറ്റുകൾക്കും നിലവിലുള്ള ഫീസിനു പുറമേ ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധികഫീസ് ഏർപ്പെടുത്താൻ സർക്കാർ അനുമതി. നിലവിൽ ഫീസ് ഇല്ലാത്തവയ്ക്കും അധികഫീസ് ബാധകമായിരിക്കും. ഏപ്രിൽ മുതൽ നടപ്പാകും.
കെ സ്മാർട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾ നൽകുമ്പോൾത്തന്നെ ഫീസ് ഈടാക്കും. കെ സ്മാർട്ടിന്റെ സാങ്കേതിക ചുമതല വഹിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ (ഐകെഎം) പ്രവർത്തനങ്ങൾക്കു ഫണ്ട് തികയാത്ത സാഹചര്യത്തിലാണ് പുതിയ ഫീസ്. ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടറും തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറും ഇതു സംബന്ധിച്ച് ശുപാർശ നൽകിയിരുന്നു. നിലവിൽ ബജറ്റ് വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ് ഐകെഎമ്മിന്റെ ഫണ്ട്. .
6 കോർപറേഷനുകളിലും 87 നഗരസഭകളിലുമാണ് നിലവിൽ കെ സ്മാർട്ടിന്റെ സേവനം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചില പഞ്ചായത്തുകളിൽ പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ വരുമാന വർധനയ്ക്കായി പുതിയ ഫീസുകൾ ചുമത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ പരാമർശത്തിനു പിന്നാലെയാണു ഫീസ് വർധനയ്ക്കുള്ള നടപടി.
അധിക ഫീസ് ഇങ്ങനെ
∙ ജനന– മരണ സർട്ടിഫിക്കറ്റുകൾ: 5 രൂപ
∙ വിവാഹം, റസിഡൻഷ്യൽ (തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഒഴികെയുള്ള) സർട്ടിഫിക്കറ്റുകൾ: 10 രൂപ
∙ ബിൽഡിങ് ഏജ്, നികുതി ഒഴിവാക്കൽ, നികുതി ബാധ്യത ഇല്ല, ബിൽഡിങ് യൂസേജ്, ഫ്ലോർ ആൻഡ് റൂഫ്, ഉടമസ്ഥത സർട്ടിഫിക്കറ്റുകൾ: 10 രൂപ
∙ ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും: 10 രൂപ
∙ കെട്ടിട പെർമിറ്റ് സേവനങ്ങൾ: 10 രൂപ
∙ വസ്തുനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ (നികുതി അടയ്ക്കുന്നതിനു വേണ്ട): 10 രൂപ
∙ മറ്റു പൗരസേവനങ്ങൾ: 5 രൂപ
(വിവരാവകാശം, ബിപിഎൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അധിക ഫീസ് ഇല്ല)