ഗാന്ധിമാർഗത്തിൽ, ഗുരുസാഗരത്തിൽ...; ഗാന്ധിജി–ഗുരു കൂടിക്കാഴ്ച നടന്ന മണ്ണിൽ തുഷാർ ഗാന്ധി

Mail This Article
ശിവഗിരി∙ ഒരു നൂറ്റാണ്ടു മുൻപ് മഹാത്മാഗാന്ധി, ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വനജാക്ഷി മന്ദിരത്തിലേക്ക് ചെരിപ്പഴിച്ചുവച്ച് തൊഴുകൈകളോടെ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പ്രവേശിച്ചു. ഗാന്ധിജിയുടെ വരവും ഗുരുവുമായുള്ള കൂടിക്കാഴ്ചയും മന്ദിരത്തിലെ ചിത്രങ്ങളിൽ കണ്ടറിഞ്ഞു. ഗുരുവിന്റെ ചിത്രത്തിനു മുന്നിൽ കൊളുത്തിവച്ച വിളക്കിന് അരികിൽ, നൂൽനൂൽക്കുന്ന ചർക്ക സമർപ്പിച്ചു. തുടർന്നു ലോക ശാന്തിക്കും സമാധാനത്തിനുമായി നടന്ന പ്രാർഥനയിൽ പങ്കെടുത്തു.
ശിവഗിരിക്കുന്നിലെ ശ്രീനാരായണ ഗുരുവിന്റെ സമാധിമന്ദിരത്തിലും ശാരദാമഠത്തിലും ദർശനം നടത്തിയ ശേഷമാണ് തുഷാർ ഗാന്ധി വനജാക്ഷി മന്ദിരത്തിൽ എത്തിയത്. ശിവഗിരി മഠത്തിൽ ഗാന്ധി തങ്ങിയ വൈദികമഠത്തിലും സന്ദർശനം നടത്തി. അവിടെ ഗുരു ഉപയോഗിച്ചിരുന്ന വസ്തുക്കൾ കൗതുകപൂർവം കണ്ടു. ഗുരു രചിച്ച ‘ദൈവദശകം’ ഗുജറാത്തിയിൽ ആലപിച്ച ശേഷം സ്വാതന്ത്ര്യ സമരകാലത്തെ രക്തരൂഷിതമായ ഒരു ചരിത്രവേള തുഷാർഗാന്ധി ഓർമപ്പെടുത്തി.
രക്തച്ചൊരിച്ചിലുണ്ടായ നവഖാലിയിലേക്ക് ഗാന്ധിജി എത്താതിരിക്കാൻ പ്രതിയോഗികൾ ശ്രമിച്ചു. വഴിയിൽ അവർ മാലിന്യം വിതറി. അവിടെയെത്തിയ ഗാന്ധി മടങ്ങാതെ ദുർഗന്ധം വമിച്ച മാലിന്യം ഒരു ചൂലുണ്ടാക്കി തൂത്തു വൃത്തിയാക്കി. ശുദ്ധീകരണം സംശുദ്ധിയാണ്. ആ സന്ദേശമാണ് ഗാന്ധി നൽകിയത്. ആത്മീയതയാണ് ശുദ്ധീകരണത്തിനു കരുത്തു പകരുന്നത്. ആത്മീയത തന്നെയാണ് രാഷ്ട്രീയത്തെയും സംശുദ്ധമാക്കുന്നത്. എല്ലാത്തരം അഴുക്കും വിഭാഗീയതയും ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്– അദ്ദേഹം പറഞ്ഞു.
വനജാക്ഷി മന്ദിരം മ്യൂസിയമായി പുതുക്കിപ്പണിതതു തുഷാർ ഗാന്ധി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തുടർന്നു ശിവഗിരി മഠത്തിലേക്ക് ‘ലോകമൊന്ന്, മാനവരൊന്ന്’ എന്ന സന്ദേശമുയർത്തി ‘ഏകലോക സങ്കൽപയാത്ര’ നടത്തി. തുഷാർ ഗാന്ധിയും സന്യാസിമാരുമടക്കം കാൽനടയായാണ് മഠത്തിലെ മാവിൻചുവട്ടിൽ എത്തിച്ചേർന്നത്. മാവിലെ ഇലകൾ കാഴ്ചയിൽ വ്യത്യസ്തമാണെങ്കിലും അതിന്റെയെല്ലാം രസം ഒന്നായിരിക്കുമെന്നു ഗുരു ഗാന്ധിജിയോടു പറഞ്ഞത് ശിവഗിരി മഠത്തിലെ ഒരു മാവിനെ ചൂണ്ടിക്കാട്ടിയായിരുന്നു. മനുഷ്യർ കാഴ്ചയിൽ വ്യത്യസ്തരെങ്കിലും അവരുടെ ഉള്ള് ഒന്നെന്നായിരുന്നു അതിനർഥം. ചരിത്രസംഗമത്തിന്റെ പുനരാവിഷ്കരണവും നടന്നു.