പോളിടെക്നിക് കോളജിൽ കഞ്ചാവെത്തിച്ച ഇതര സംസ്ഥാനക്കാരൻ കാണാമറയത്ത്

Mail This Article
കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിന്റെ പെരിയാർ ഹോസ്റ്റലിൽ നിന്നു പൊലീസ് പിടിച്ചെടുത്ത 2 കിലോഗ്രാം കഞ്ചാവ് കളമശേരിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി കേസ് റജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ ഫോൺ ഓണാക്കിയിട്ടില്ല.
ഇയാൾ കളമശേരി പ്രദേശത്തു സ്ഥിരമായി ലഹരി പദാർഥങ്ങൾ എത്തിച്ചിരുന്ന റാക്കറ്റിന്റെ കണ്ണിയാണ്. ഈ നമ്പറിലേക്കു സ്ഥിരമായി വിളിച്ചിരുന്ന പല നമ്പറുകളും സംഭവത്തിനു ശേഷം നിർജീവമാണ്. അതിഥി തൊഴിലാളി കേസിലെ പ്രതികളുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നു മറ്റു സിം കാർഡുകൾ ഉപയോഗിച്ചും പുറത്തേക്കു വിളിച്ചിട്ടില്ല.
സാധാരണ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന ഇതരസംസ്ഥാനക്കാർ ചെയ്യുന്ന രീതികളല്ല കഞ്ചാവ് എത്തിച്ച അതിഥി തൊഴിലാളിയുടേത്. കേസ് റജിസ്റ്റർ ചെയ്തു രണ്ടാം ദിവസം തന്നെ ഇയാളെ പിടികൂടാൻ കഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാൽ തന്നിലേക്കു പൊലീസിനെ നയിക്കുന്ന എല്ലാ തെളിവുകളും ഇല്ലാതാക്കിയാണ് അതിഥി തൊഴിലാളി ഒളിവിൽ പോയത്. രാസലഹരി പദാർഥങ്ങളുമായി പൊലീസും എക്സൈസും നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ള പല പ്രതികളുമായും ഇയാൾക്കു വർഷങ്ങളുടെ അടുപ്പമുണ്ട്.
കേസിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ഇടപാടുകളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.