അതിഥിത്തൊഴിലാളിയുടെ മരണം ഭർത്താവിന്റെ മർദനംമൂലം

Mail This Article
നെടുങ്കണ്ടം∙ തൂക്കുപാലം പുഷ്പകണ്ടത്ത് അതിഥിത്തൊഴിലാളി ബാലെ ടുടുവിന്റെ (50) മരണം ഭർത്താവിന്റെ ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവ് ഷെനിച്ചാർ മാർടി (53) അറസ്റ്റിൽ.ഞായറാഴ്ച രാത്രിയിൽ തന്റെ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടെതിൽ പ്രകോപിതനായ ഷെനിച്ചാർ, ടുടുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. വടി കൊണ്ടുള്ള മർദനത്തിൽ ഇവരുടെ തുടയെല്ലുകൾ തകരുകയും വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും കൈകൾ പിടിച്ച് ഒടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയതിനെത്തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ, നെടുങ്കണ്ടം സിഐ ജർലിൻ.വി.സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.