വാഗമണ്ണിൽ പറന്നിറങ്ങിയ ത്രില്ലിൽ നെഹാൽ

Mail This Article
വാഗമൺ ∙ സുനിത വില്യംസ് ഭൂമിയിൽ തിരികെയെത്തിയതിന്റെ സന്തോഷദിവസത്തിൽ കേരളത്തിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറന്നതിന്റെ ആവേശത്തിലാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പാരാഗ്ലെഡറായ നെഹാൽ അൽ ഹിലാൽ. ജസാൻ സർവകലാശാലയിൽ ലക്ചററായ നെഹാൽ 2019ൽ ആണു പാരാഗ്ലൈഡിങ് പരിശീലനം ആരംഭിച്ചത്. ‘‘പൈലറ്റ് ലൈസൻസ് ഉണ്ട്. മത്സരങ്ങൾക്കായി ധാരാളം യാത്ര ചെയ്യുന്നു. അത് എന്റെ ആത്മവിശ്വാസം ഉയർത്തുന്നു’’ – നെഹാൽ പറയുന്നു.
വൈകാരിക സന്തുലനം, മനക്കരുത്ത്, ശരിയായ തീരുമാനം വേഗത്തിലെടുക്കാനുള്ള പക്വത ഇതെല്ലാമാണ് പാരാഗ്ലൈഡിങ്ങിലൂടെ ലഭിച്ചതെന്നും ഇവർ പറയുന്നു. സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ 23 വരെയുണ്ട്.
സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. 11 വിദേശ രാജ്യങ്ങളിൽ നിന്ന് 49 പേർ പങ്കെടുക്കും. ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇന്റർനാഷനൽ, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം. ഫ്ലൈ വാഗമണ്ണാണ് പ്രാദേശിക സംഘാടകർ. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ഒന്നരലക്ഷം, ഒരു ലക്ഷം, 50000 രൂപ വീതമാണ് സമ്മാനം. ഇടുക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വൺ അഡ്വഞ്ചർ പ്രതിനിധി വിനിൽ തോമസ്, പാരാഗ്ലൈഡിങ് കോഴ്സ് ഡയറക്ടർ വിജയ് സോണി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.