ഓണറേറിയം: രാഹുലിന്റെ പരാതിയിൽ പ്രതികരിക്കാതെ മന്ത്രി വീണ

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്ന വാദത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിൽ മറുപടി നൽകാതെ മന്ത്രി വീണാ ജോർജ്. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നു കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ സ്പീക്കർക്കു പരാതി നൽകുകയായിരുന്നു. രാഹുലിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതു സംബന്ധിച്ച രേഖ തന്റെ പക്കലുണ്ടെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഡീൻ കുര്യാക്കോസ് എംപിക്കു കേന്ദ്രമന്ത്രി നൽകിയ മറുപടിയും മനോരമ വാർത്തയും സിക്കിം സർക്കാരിന്റെ വിജ്ഞാപനവും അടക്കമുള്ള രേഖകൾ സഹിതം രാഹുൽ സ്പീക്കർക്കു പരാതി നൽകുകയായിരുന്നു. സിക്കിമിൽ 10,000 രൂപ ഓണറേറിയമായി നൽകുമ്പോൾ 6,000 രൂപ മാത്രമേ നൽകുന്നുള്ളൂ എന്നായിരുന്നു മന്ത്രിയുടെ വാദം. ഇതു സംബന്ധിച്ച രേഖകൾ കയ്യിലുണ്ടെന്നു സഭയിൽ പറഞ്ഞെങ്കിലും രാഹുലിന്റെ പരാതിക്കു ശേഷവും മന്ത്രി രേഖ പുറത്തുവിട്ടിട്ടില്ല. സിക്കിമിലെ പ്രോഗ്രാം ഓഫിസർ തങ്ങൾ ആശമാർക്ക് 10,000 രൂപ ഓണറേറിയം നൽകുന്നെന്നു മനോരമയിലൂടെ വ്യക്തമാക്കിയിരുന്നു.