ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാൻ കേരളം ഏപ്രില്‍ 23നു പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും പരസ്യപ്രചാരണം 21നു വൈകിട്ട് അവസാനിച്ചു. വിട്ടുപോയ വോട്ടുകൾ കൂടി പെട്ടിയിലാക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു നിശബ്ദ പ്രചാരണവും അവസാനിച്ചു.

മഴയില്ലാതെ തെളിഞ്ഞ അന്തരീക്ഷത്തിലായിരിക്കും വോട്ടെടുപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. അപ്പോഴും അങ്ങിങ്ങായി നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഇതേ മനസ്സോടെയാണ് വിവിധ പാർട്ടികളും വോട്ടെടുപ്പിനെ നേരിടുന്നത്. എല്ലാവർക്കുമുണ്ട് വിജയപ്രതീക്ഷ, പക്ഷേ ആശങ്കയുടെ ചില കാർമേഘങ്ങൾ ഓരോ സ്ഥാനാർഥിയുടെ പ്രതീക്ഷകൾക്കു മുകളിലും ഇപ്പോഴും ചുറ്റിത്തിരിയുന്നു. ഏഴു ഘട്ടങ്ങളായി രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ്. വിജയികളെ അറിയാൻ മേയ് 23 വരെ കാത്തിരിക്കണം. എന്താണ് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സാഹചര്യം? മനോരമ ഓൺലൈൻ വിലയിരുത്തുന്നു...

Thiruvananthapuram lok sabha constituency candidates 2019

തിരുവനന്തപുരം

തിരുവനന്തപുരത്ത് പോരാട്ടം മൂന്നു സ്ഥാനാർഥികൾ തമ്മിൽ. യുഡിഎഫിനായി സിറ്റിങ് എംപി ശശി തരൂരും എൽഡിഎഫിനായി മുൻ മന്ത്രി സി. ദിവാകരനും പോരാട്ടത്തിനിറങ്ങുന്നു. വിജയം മാത്രം ലക്ഷ്യമാക്കി, എൻഡിഎയ്ക്കു വേണ്ടി മൽസരിക്കുന്നത് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. മൂന്നു പേരും ഒപ്പത്തിനൊപ്പം പ്രചാരണവുമായി മുന്നോട്ടു പോകുന്നു. ആവശ്യമായ സഹകരണം തരൂരിനു പാർട്ടിയിൽനിന്നു ലഭിക്കുന്നില്ലെന്ന് പ്രചാരണത്തിനിടെ പരാതി ഉയർന്നിരുന്നു. കേന്ദ്രനേതൃത്വം ഇടപെട്ടു പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ തരൂരിന്റെ തലയിൽ ത്രാസ് പൊട്ടിവീണു. എങ്കിലും പരുക്കിൽനിന്നു മുക്തനായി അദ്ദേഹം തിരിച്ചെത്തി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ ബിജെപി പൂർണപ്രതീക്ഷയിലാണ്. സംഘടനാശേഷി പൂര്‍ണമായും സമാഹരിച്ച് എൽഡിഎഫും സജീവം.

Attingal lok sabha constituency candidates 2019

ആറ്റിങ്ങൽ

എൽഡിഎഫ് സ്ഥാനാര്‍ഥി മൂന്നു തവണ വിജയിച്ച എ. സമ്പത്ത്. കോന്നി സിറ്റിങ് എംഎൽഎ അടൂർ പ്രകാശ് യുഡിഎഫിനായും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ എൻഡിഎയ്ക്കു വേണ്ടിയും രംഗത്ത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള രണ്ടാമത്തെ മണ്ഡലം. ആകെ 19 പേരാണ് ആറ്റിങ്ങലിൽ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഒരു മേഖലയിൽതന്നെ നാലും അഞ്ചും തവണ എൽഡിഎഫ് കയറിയിറങ്ങിക്കഴിഞ്ഞു. മൂന്ന് തവണ ജയിച്ചിട്ടും സമ്പത്ത് എന്തു ചെയ്തെന്ന് യുഡിഎഫ് ചോദിക്കുന്നു. കോന്നി നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കരിയറിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ജയിച്ചത്. സാമുദായിക വോട്ടുകളും അടൂർ പ്രകാശിനൊപ്പം. വിശ്വാസി വോട്ടുകളിൽ പ്രതീക്ഷ വയ്ക്കുകയാണ് ശോഭാ സുരേന്ദ്രൻ. മണ്ഡലത്തിലെ ആറ് നിയമസഭാ സീറ്റുകളും എൽഡിഎഫിനൊപ്പം. വോട്ടിങ് ശതമാനം ഉയരാൻ സാധ്യത.

Kollam lok sabha constituency candidates 2019

കൊല്ലം

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനും എൽഡിഎഫിലെ കെ.എൻ. ബാലഗോപാലും നേർക്കുനേര്‍. ഇരുവര്‍ക്കും അഭിമാന പോരാട്ടം. തിരഞ്ഞെടുപ്പുകളിൽ പലകുറി പോരാടിയിട്ടുള്ള കെ.വി. സാബു എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നു. മുക്കാൽ ലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് ഇക്കുറി ഇവിടെയുള്ളത്. യുവവോട്ടർമാർ കൊല്ലത്തിന്റെ വിധി തീരുമാനിക്കുമെന്ന് വ്യക്തം. എണ്ണൂറോളം സ്വകാര്യ കശുവണ്ടി ഫാക്ടറികളിൽ ഭൂരിഭാഗവും മാസങ്ങളായി അടഞ്ഞുകിടക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ളവ തുറന്നുപ്രവർത്തിക്കുന്നു. കശുവണ്ടി തൊഴിലാളികളുടെ വോട്ടുകളും നിർണായകമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിലാണ് കൊല്ലത്തെ എൽഡിഎഫ് പ്രചാരണം. പതിനായിരത്തിലേറെ കുടുംബങ്ങള്‍ക്കു പണം നല്‍കി വോട്ട് മറിക്കാൻ സിപിഎം കോഴിക്കോട് ആസ്ഥാനമായ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന യുഡിഎഫ് ആരോപണം സിപിഎം തള്ളി. പ്രേമചന്ദ്രൻ സംഘിയാണെന്ന് എല്‍ഡിഎഫ് ആരോപണം.

Pathanamthitta lok sabha constituency candidates 2019

പത്തനംതിട്ട

പ്രളയത്തിനു ശേഷമുള്ള പത്തനംതിട്ടയുടെ ആദ്യ തിരഞ്ഞെടുപ്പ്. ദേശീയതലത്തില്‍ ശ്രദ്ധയാകർഷിച്ച മത്സരം. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമുള്ള, ശക്തമായ ത്രികോണ മത്സരം. പ്രളയവും ശബരിമല വിവാദവും മണ്ഡലത്തിൽ നിർണായകമാകും. യുഡിഎഫിനായി സിറ്റിങ് എംപി ആന്റോ ആന്റണി മൂന്നാം തവണയും പോരാട്ടത്തിനിറങ്ങുന്നു. എൽഡിഎഫിനായി ആറന്‍മുള എംഎൽഎ വീണ ജോർജ് ഇറങ്ങുന്നു. എൻഡിഎ സ്ഥാനാർഥിയായി കെ. സുരേന്ദ്രനുമെത്തി. പ്രളയത്തെ നേരിട്ടതിൽ സർക്കാരിന്റെ വീഴ്ച ഉയർത്തി യുഡിഎഫ്. വിശ്വാസികൾക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധിയെകൊണ്ടുവന്ന് കോൺഗ്രസ് പറയിച്ചു. വികസനമാണ് വീണയുടെ അജൻഡ. വിശ്വാസവും ശബരിമലയും ഉയർത്തിപ്പിടിച്ച് കെ. സുരേന്ദ്രന്റെ പ്രചാരണം. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും അമിത് ഷായും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പര്യടനത്തിനെത്തി.

Idukki lok sabha constituency candidates 2019

ഇടുക്കി

ഇടുക്കിയിലെയും എറണാകുളത്തെയും നിയമസഭാ മണ്ഡലങ്ങൾ ചേർന്ന ലോക്സഭാ സീറ്റ്. യുഡിഎഫിനുവേണ്ടി ഡീൻ കുര്യാക്കോസും എൽഡിഎഫിന് വേണ്ടി ഇടത് സ്വതന്ത്രനും സിറ്റിങ് എംപിയുമായ ജോയ്സ് ജോർജും രംഗത്ത്. ബിജു കൃഷ്ണനാണ് എൻഡിഎ സ്ഥാനാര്‍ഥി. കർഷക ആത്മഹത്യ മുതൽ പ്രളയാനന്തര പ്രവർത്തനങ്ങൾ വരെ ചർച്ചാ വിഷയം. കഴിഞ്ഞ തവണത്തെ പരാജയത്തിനു കണക്ക് തീർക്കാൻ യു‍ഡിഎഫും ഡീൻ കുര്യാക്കോസും. വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി ജോയ്സ് ജോർജ്. പോരായ്മകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി ഡീൻ. യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുന്നത് ഗുണം ചെയ്യുമെന്ന് ഡീൻ കുര്യാക്കോസിന് പ്രതീക്ഷ.

Kottayam lok sabha constituency 2019

കോട്ടയം

കടുത്ത ത്രികോണ മത്സരം. തോമസ് ചാഴികാടൻ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനായി വി.എന്‍. വാസവനും എൻഡിഎയ്ക്കുവേണ്ടി പി.സി. തോമസും രംഗത്ത്. കോട്ടയം എംപിയായിരുന്ന ജോസ് കെ.മാണി രാജ്യസഭാംഗമാകാൻ കഴിഞ്ഞ വർഷം കോട്ടയത്തെ ലോക്സഭാംഗത്വം രാജി വച്ചു. പി.ജെ.ജോസഫ് ഇത്തവണ സ്ഥാനാർഥി മോഹവുമായി എത്തിയെങ്കിലും തോമസ് ചാഴികാടനെയായിരുന്നു കേരള കോൺഗ്രസ് തീരുമാനിച്ചത്.

യുഡിഎഫ് ഒറ്റക്കെട്ടായി പ്രചാരണം നടത്തുന്നു. ജനതാദളിൽനിന്ന് സീറ്റ് പിടിച്ചെടുത്താണ് സിപിഎം വാസവനെ ഇറക്കിയത്. കെ.എം. മാണിയുടെ വേർപാടിനെ തുടർന്ന് ആഘോഷപരമായ പ്രചാരണങ്ങൾ യുഡിഎഫ് നിർത്തിവച്ചു. സഹതാപതരംഗം ഉണ്ടാകുമോയെന്ന ആശങ്കയിൽ കുടുംബസദസ്സുകളിലേക്ക് എൽഡിഎഫും വഴിമാറി. കാര്യമായ വോട്ടു പിടിക്കാമെന്ന പ്രതീക്ഷയിൽ പി.സി. തോമസും എൻഡിഎയും പ്രചാരണത്തിൽ. റബർ വിലയിടിവും ശബരിമലയും ചര്‍ച്ച് ആക്ടും വിധിയെഴുത്തിൽ പ്രതിഫലിക്കുമെന്ന് മുന്നണികൾ കരുതുന്നു. ഏഴിൽ 5 നിയമസഭാ സീറ്റുകളിലും ഭൂരിപക്ഷം യുഡിഎഫിനാണ്.

Mavelikkara lok sabha constituency candidates 2019

മാവേലിക്കര

പ്രളയം ബാധിച്ച പ്രദേശങ്ങളുള്ള മണ്ഡലം. പ്രളയം തന്നെ തിരഞ്ഞെടുപ്പിലും മുഖ്യവിഷയം. സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ യുഡിഎഫും എൻഡിഎയും ഉയര്‍ത്തിക്കാട്ടുന്നു. സർക്കാരിന്റെ ഇടപെടലുകൾ എല്‍ഡിഎഫും ആയുധമാക്കുന്നു. യുഡിഎഫിനായി സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷും എല്‍ഡിഎഫിനായി ചിറ്റയം ഗോപകുമാറും എൻഡിഎയ്ക്കായി തഴവ സഹദേവനും സ്ഥാനാർഥികൾ. റെയിൽവേ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കൊടിക്കുന്നിൽ സുരേഷിന്റെ പര്യടനം. വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസ് പ്രവര്‍ത്തകരിൽ ഊർജ്ജമാകുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കരയില്‍ ഉള്ളത്. ശബരിമല വിഷയത്തിലെ സമരങ്ങൾ നടന്ന പ്രദേശങ്ങൾ മണ്ഡലത്തിലാണ്. ആർ. ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നു.

Alapuzha lok sabha constituency candidates 2019

ആലപ്പുഴ

വിവാദങ്ങളില്ലെങ്കിലും ആലപ്പുഴയിൽ മത്സരം കടുക്കും. എൽഡിഎഫ് അരൂർ എംഎൽഎ എ.എം. ആരിഫിനെയും യുഡിഎഫ് ഷാനിമോള്‍ ഉസ്മാനെയും എൻഡിഎ കെ.എസ്. രാധാകൃഷ്ണനെയും രംഗത്തിറക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടത്തിയ തിളക്കമേറിയ പ്രകടനം എൽഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സിറ്റിങ് എംപി കെ.സി. വേണുഗോപാൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് ഷാനിമോൾക്ക് നറുക്ക് വീണത്.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം വർഗീയതവിരുദ്ധതയ്ക്കും ആരിഫ് പരിഗണന നൽകുന്നു. പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും അപവാദ പ്രചാരണങ്ങള്‍ക്ക് ഇടമില്ലാതെ മാന്യമാണ് ആലപ്പുഴയിലെ മത്സരം. സിറ്റിങ് എംഎൽഎയെ മത്സരിപ്പിച്ച് ലോക്സഭയിലേക്ക് ജയിപ്പിക്കുകയെന്നത് 2009ൽ യുഡിഎഫ് പയറ്റിയ തന്ത്രമാണ്. ഇക്കുറി അതേതന്ത്രം എൽഡിഎഫ് ഏറ്റെടുത്തു. വേണുഗോപാലിന്റ വികസന പ്രവർത്തനങ്ങള്‍ തുടരാൻ ഷാനിമോള്‍ക്ക് ജനം അവസരം നൽകുമെന്ന് യുഡിഎഫ് കരുതുന്നു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബിജെപി സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം.

Ernakulam lok sabha constituency candidates 2019

എറണാകുളം

എറണാകുളത്ത് പാരമ്പര്യം തുടരുമോ അതോ പുതുചരിത്രം എഴുതുമോയെന്ന് എല്ലാവർക്കും സംശയം. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ശക്തർ. എൽഡിഎഫിന്റെ പി. രാജീവും യുഡിഎഫിന്റെ ഹൈബി ഈഡനും എൻഡിഎയുടെ അല്‍ഫോന്‍സ് കണ്ണന്താനവും സ്ഥാനാർഥികൾ. ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ 18 തിരഞ്ഞെടുപ്പുകളിൽ 13 ലും യു‍ഡിഎഫിനായിരുന്നു എറണാകുളത്ത് വിജയം. സിറ്റിങ് എംപി കെ.വി. തോമസിനെ മാറ്റിയാണ് യുഡിഎഫ് ഹൈബിക്ക് അവസരം നൽകിയത്. പ്രചാരണത്തിൽ എൽഡിഎഫിന് മുൻതൂക്കമുണ്ട്. ആരോപണങ്ങളോ വിവാദങ്ങളോ ഇല്ലാതെ വികസനത്തിലൂന്നിയാണ് മൂന്ന് മുന്നണികളുടെയും പ്രചാരണം. കണ്ണന്താനത്തിലൂടെ മണ്ഡലത്തിൽ ശക്തിയാർജിക്കാമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്.

Chalakkudy-lok-sabha-constituency-candidates-2019-new

ചാലക്കുടി

എറണാകുളം, തൃശൂർ ജില്ലകളെ ചേർത്തുവച്ചാണ് ചാലക്കുടി മണ്ഡലം രൂപീകരിച്ചത്. മുകുന്ദപുരമായിരുന്ന മണ്ഡലം ചാലക്കുടിയായത് 2009ല്‍. ചാലക്കുടിയില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഓരോ വിജയം നേടി. വിജയമാവർത്തിക്കാന്‍ ഇടതുമുന്നണിക്കായി ഇന്നസന്റ് ഇറങ്ങുന്നു. എതിരാളികൾ യുഡിഎഫിലെ ബെന്നി ബെഹനാനും എൻഡിഎയുടെ എ.എൻ. രാധാകൃഷ്ണനും. ബെന്നി ബെഹനാൻ എറണാകുളം, തൃശൂർ ജില്ലകളിൽ സുപരിചിതനാണ്. രോഗബാധിതനായി ഒന്നര ആഴ്ചയോളം പ്രചാരണത്തിനിറങ്ങാൻ അദ്ദേഹത്തിനായില്ല. വികസന നേട്ടങ്ങൾ എണ്ണിപ്പറയുകയാണ് ഇന്നസന്റ്. എന്നാൽ എംപിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് യുഡിഎഫും എൻഡിഎയും പറയുന്നു. ഇന്നസന്റിന്റെ പരിപാടികളിൽ സ്ത്രീവോട്ടർമാരുടെ വർധന പ്രകടമാണ്. ഇതു വോട്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥി നേടുന്ന വോട്ടുകളും ഫലത്തിൽ നിർണായകമാകും.

Thrissur lok sabha constituency candidates 2019

തൃശൂർ

കെ.പി. രാജേന്ദ്രൻ, സിറ്റിങ് എംപി സി.എന്‍. ജയദേവൻ, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളാണ് സിപിഐ സ്ഥാനാർഥി ലിസ്റ്റിലുണ്ടായിരുന്നത്. ചർച്ചകള്‍ക്കൊടുവിൽ രാജാജിക്കു നറുക്ക് വീഴുകയായിരുന്നു. ജയദേവൻ മണ്ഡ‍ലത്തിലില്ലെന്ന പരാതിയാണ് സിറ്റിങ് എംപിക്കു തിരിച്ചടിയായത്. എന്‍ഡിഎയിൽ ആദ്യം തുഷാർ വെള്ളാപ്പള്ളിയാണ് തൃശൂർ സ്ഥാനാർഥിയായെത്തിയത്. എന്നാൽ പിന്നീട് തുഷാർ മാറി സുരേഷ് ഗോപിയെത്തി. ഒരു ഗ്രൂപ്പ് കളിയുമില്ലാതെയാണ് യുഡിഎഫ് സ്ഥാനാർഥിയായി ടി.എൻ. പ്രതാപനെത്തിയത്.

ശബരിമലയാണ് തൃശൂരിലെ പ്രധാന ചർച്ച. പൂരങ്ങളുടെയും ഉൽസവങ്ങളുടെയും നാട്ടിൽ വിശ്വാസം തന്നെയാണ് വിഷയം. തൃശൂരിന് പ്രത്യേക രാഷ്ട്രീയ ചായ്‍വില്ല, അതുകൊണ്ടുതന്നെ ഫോട്ടോഫിനിഷിലേക്കു കടക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിൽ ഒരു രാഷ്ട്രീയ തരംഗമുണ്ടായാൽ അതിനോടൊപ്പമായ‌ിരിക്കും തൃശൂരും നിൽക്കുക. ചരിത്രവും അതാണ് തെളിയിക്കുന്നത്.

Alathur lok sabha constituency candidates 2019

ആലത്തൂര്‍

തുടക്കത്തിൽ സാധാരണ മല്‍സരമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ പിന്നീട് കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. ചെറുപ്പത്തിന്റെ ഊർജവുമായി രണ്ട് സ്ഥാനാർഥികൾ നേർക്കുനേർ. രണ്ട് തവണ വിജയിച്ചതിന്റെ ആവേശത്തിൽ ആദ്യം പ്രചാരണം തുടങ്ങിയത് എൽഡിഎഫിന്റെ സിറ്റിങ് എംപി പി.കെ. ബിജു. നാടന്‍പാട്ടും പാടി വോട്ടർമാരെ കയ്യിലെടുക്കുകയാണ് രമ്യ ഹരിദാസെന്ന യുഡിഎഫ് സ്ഥാനാർഥി. വോട്ടു പിടിക്കുമെന്നാണ് എൻഡിഎ സ്ഥാനാർഥി ടി.വി. ബാബുവും രംഗത്തുണ്ട്. രമ്യയുടെ പാട്ടിനെച്ചൊല്ലി ആലത്തൂരില്‍ വിവാദവുമുയർന്നു. ആലത്തൂരിൽ വിജയത്തിൽ കുറഞ്ഞൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. അട്ടിമറിയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Palakkad lok sabha constituency candidates 2019

പാലക്കാട്

സിറ്റിങ് എംപി എം.ബി. രാജേഷ് മൂന്നാം തവണ മത്സരിക്കുന്നു. യുഡിഎഫിനായി വി.കെ. ശ്രീകണ്ഠനും എൻഡിഎയ്ക്കായി സി. കൃഷ്ണകുമാറുമാണ് സ്ഥാനാ‍ർഥികൾ. മൂവർക്കും പ്രായം 48 വയസ്സ്. ജയിക്കുമെന്ന് സിപിഎം ഉറപ്പായും പറയുന്ന മണ്ഡലമാണ് പാലക്കാട്. വിട്ടുകൊടുക്കാതിരിക്കാൻ കോൺഗ്രസും എൻഡിഎയും സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനും മുകളിലാണ് രാജേഷിന്റെ ഭൂരിപക്ഷം. 1996 മുതൽ 23 വർഷമായി സിപിഎം മാത്രമാണ് ഇവിടെ ജയിച്ചിട്ടുള്ളത്.

അതേസമയം, കേരളത്തിൽ ‍ബിജെപി ഭരിക്കുന്ന ഏക നഗരസഭ പാലക്കാടാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തി. രാജേഷിന്റെ എല്ലാ വാദങ്ങൾക്കും ശ്രീകണ്ഠന് മറുപടിയുണ്ട്. ഇരുവർക്കുമെതിരെ കേന്ദ്രപദ്ധതികളുയർത്തി ബിജെപിയും സജീവം. ജയ്ഹോയെന്ന പേരിൽ നടത്തിയ ശ്രീകണ്ഠന്റെ പദയാത്രയോടെ ജില്ലയില്‍ സജീവമായെന്നാണു കോൺഗ്രസ് വിലയിരുത്തൽ.

Ponnani lok sabha constituency candidates 2019

പൊന്നാനി

പൊന്നാനിയിൽ യുഡിഎഫ് ഭൂരിപക്ഷം കുറയുന്നതിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ ഇത്തവണ അത്തരം സാഹചര്യങ്ങളില്ലെന്ന് യുഡ‍ിഎഫ് നേതൃത്വം വിശ്വസിക്കുന്നു. പൊന്നാനി മുസ്‍ലിം ലീഗിനെ ഒരിക്കലും ചതിച്ചിട്ടില്ല. മലപ്പുറത്ത് തോറ്റപ്പോള്‍ പോലും പൊന്നാനിയിൽ ലീഗ് ഉറച്ചുനിന്നു. വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് വാദം. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വവും യുഡിഎഫിന് അനുകൂലമാകുമെന്നും നേതാക്കൾ.

കഴിഞ്ഞ രണ്ടു തവണ ജയിച്ച ഇ.ടി. മുഹമ്മദ് ബഷീറാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പുതിയ പരീക്ഷണവുമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അൻവറാണ് എല്‍ഡിഎഫിനായി രംഗത്ത്. അൻവറിന് പ്രതീക്ഷിച്ച കപ്പും സോസറും ചിഹ്നം കിട്ടാത്തത് തിരിച്ചടിയാകാൻ സാധ്യത. കഴിഞ്ഞ തവണ എൽഡിഎഫിലെ വി.അബ്ദുറഹ്മാന് കപ്പും സോസറും ചിഹ്നമായി കിട്ടിയിരുന്നു. ലീഗ് നേതാക്കൾ എസ്ഡിപിഐയുമായി ചർച്ച നടത്തിയെന്ന ആരോപണം തുടക്കത്തിൽ വിവാദമുണ്ടാക്കി. മഹിളാ മോർച്ച നേതാവ് വി.ടി. രമ എൻഡിഎയ്ക്കായി ജനവിധി തേടുന്നു. എസ്ഡിപിഐ, പിഡിപി വോട്ടുകളും നിർണായകം.

Malappuram lok sabha constituency candidates 2019, kerala infographics, chart, graph

മലപ്പുറം

അട്ടിമറിയെന്ന സ്വപ്നവുമായി വന്ന എല്‍ഡിഎഫിന് മുന്നിൽ കരുത്തോടെ നിൽക്കുന്ന യുഡിഎഫ് എന്നതാണ് മലപ്പുറത്തെ ചിത്രം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയ പ്രതിനിധിയാണ് യുഡിഎഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവാണ് എൽഡിഎഫ് സ്ഥാനാർഥി. എസ്എഫ്ഐയുടെ സംഘടനാശേഷി ആകെയും മുതിർന്ന സിപിഎം നേതാക്കളും സാനുവിന് വേണ്ടി മണ്ഡലത്തില്‍ വന്നു. പക്ഷേ ലീഗിന്റെ അടിത്തറ ഇളക്കാൻ ഇതൊക്കെ മതിയോ എന്നതാണു ചോദ്യം.

എൻഡിഎയ്ക്ക് മണ്ഡലത്തിൽ നിർണായകമായ വോട്ടുകളുണ്ട്. മണ്ഡലത്തിൽ മുഴുവൻ പരിചയമുള്ളയാളാണ് എൻഡിഎ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണന്‍. ന്യൂനപക്ഷവോട്ടുകളിൽ കണ്ണുവച്ച് എസ്ഡിപിഐ, പിഡിപി കക്ഷികളും മലപ്പുറത്ത് മത്സരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വം യുഡിഎഫിനു ഗുണകരമാകുമെന്നു വിലയിരുത്തൽ. 2004ൽ മാത്രമാണ് മണ്ഡലത്തിൽ സിപിഎം ജയിച്ചത്. അതിലാണ് എല്‍ഡിഎഫ് ഇന്നും പ്രതീക്ഷ വയ്ക്കുന്നത്.

Wayanad lok sabha constituency candidates 2019

വയനാട്

രാഹുൽ ഗാന്ധി വന്നതോടെ വയനാടിന്റെ രാഷ്ട്രീയം തന്നെ മാറി. കാർഷിക വിഷയങ്ങളും പ്രാദേശിക തർക്കങ്ങളും വിവിഐപി രാഷ്ട്രീയത്തിനു വഴിമാറി. എല്‍ഡിഎഫ് സ്ഥാനാർഥി പി.പി. സുനീർ മൂന്ന് റൗണ്ട് പര്യടനം പൂർത്തിയാക്കിയപ്പോഴാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായത്. വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുൽ ഉറപ്പു നൽകിയത് യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫും ആളെക്കൂട്ടി റോഡ് ഷോ സംഘടിപ്പിച്ചു. രാഹുൽ വീണ്ടും വയനാട്ടിലെത്തിയപ്പോൾ സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ് മറുപടിയൊരുക്കി. എന്‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും വയനാട്ടിൽ സജീവമാണ്.

Kozhikode lok sabha constituency candidates 2019

കോഴിക്കോട്

എം.കെ. രാഘവൻ (യുഡിഎഫ്), എ. പ്രദീപ് കുമാർ (എൽഡിഎഫ്), കെ.പി.പ്രകാശ് ബാബു (എന്‍ഡിഎ) എന്നിവരാണ് കോഴിക്കോട്ടെ പ്രധാന സ്ഥാനാർഥികൾ. സിറ്റിങ് എംപിയും എംഎല്‍എയും തമ്മിലുള്ള പോര് വികസനം പറഞ്ഞ്. ശബരിമല കേസുമായി ബന്ധപ്പെട്ട് എൻഡിഎ സ്ഥാനാർഥി ജയിലിലായത് എന്‍ഡിഎയ്ക്കു തിരിച്ചടിയായി. ഒളിക്യാമറ വിവാദവുമായി എം.കെ. രാഘവനെതിരെ കേരളത്തിനു പുറത്തുനിന്ന് ഒരു മാധ്യമം രംഗത്തെത്തിയത് യുഡിഎഫിനു തിരിച്ചടിയായി. നിരപരാധിയാണെന്ന് രാഘവനും യുഡിഎഫും. പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമടക്കം സ്ഥാനാർഥികൾക്കു വേണ്ടി കോഴിക്കോട്ടെത്തി. 1980ന് ശേഷം സിപിഎമ്മിന്റെ ഒരു സ്ഥാനാർഥി കോഴിക്കോട് ജയിച്ചിട്ടില്ല. പക്ഷേ എം.പി. വീരേന്ദ്രകുമാർ ഇടതുപിന്തുണയോടെ ജയിച്ചിട്ടുണ്ട്. എ. പ്രദീപ് കുമാറിലൂടെ ജയിച്ചുകയറാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. സീറ്റ് നിലനിർത്താന്‍ എം.കെ. രാഘവനും സജീവമാണ്.

Vadakara lok sabha constituency candidates 2019

വടകര

വടകരയില്‍ പി.ജയരാജനും കെ. മുരളീധരനും നേര്‍ക്കുനേർ. പി. ജയരാജൻ ആദ്യം പ്രചാരണം തുടങ്ങി. സിറ്റിങ് എംപി മുല്ലപ്പള്ളിക്ക് പകരക്കാരനായി വട്ടിയൂര്‍ക്കാവിൽനിന്ന് കെ. മുരളീധരനെത്തി. കൊലപാതക രാഷ്ട്രീയമാണ് മുരളീധരന്റെ മുഖ്യആയുധം. പിന്തുണയുമായി ആർഎംപിയും യുഡിഎഫിനൊപ്പമുണ്ട്. കരുത്തറിയിക്കാൻ വി.കെ. സജീവനെ എൻഡിഎ ഇറക്കിയതോടെ രംഗം കൊഴുത്തു. തീപാറുന്ന പോരാട്ടം എന്ന് ശരിക്കും പറയേണ്ടത് വടകരയെയാണ്. ജയം ആര്‍ക്കൊപ്പമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. ലോക്താന്ത്രിക് ജനതാദള്‍ ഇടതുപക്ഷത്താണെങ്കിലും അവരുടെ ജില്ലാ ഘടകത്തിനുള്ള മുറുമുറുപ്പ് പ്രകടമാണ്.

Kannur lok sabha constituency candidates 2019

കണ്ണൂർ

കണ്ണൂരിൽ പി.കെ. ശ്രീമതി (എൽഡിഎഫ്)യും കെ. സുധാകരനും (യുഡിഎഫ്) നേർക്കുനേർ പോരാടുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ അതേ സ്ഥാനാർഥികൾ. എന്‍ഡിഎയ്ക്കായി സി.കെ. പത്മനാഭനും രംഗത്ത്. ആൺകുട്ടി, പുലിക്കുട്ടി പ്രയോഗങ്ങൾ കണ്ണൂരിൽ കെ. സുധാകരനോടൊപ്പം പണ്ടുമുതലേ ചേർത്തുവയ്ക്കാറുണ്ട്. എതിർ സ്ഥാനാർഥി സ്ത്രീയായപ്പോള്‍ കെ. സുധാകരന്റെ പേരിനോടൊപ്പം സ്ഥിരം ചേർത്തുവച്ചിരുന്ന ആൺകുട്ടി പ്രയോഗം വിവാദമായി. പിന്നീട് കേസും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പിൽ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്.

5 വർഷത്തെ വികസനമായിരുന്നു ശ്രീമതിയുടെ ആദ്യഘട്ടങ്ങളിലെ ആയുധം. എന്നാല്‍ പിന്നീട് വിഷയം രാഷ്ട്രീയമായി. യുഡിഎഫ് സ്ഥാനാർഥി ബിജെപിയിലേക്കു പോകാന്‍ സാധ്യതയുണ്ടെന്ന് സുധാകരന്റെ പേരുപറയാതെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഏഴ് മണ്ഡലങ്ങളുടെയും കണക്കെടുത്താൽ എല്‍ഡിഎഫിന് കണ്ണൂരിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ ലോക്സഭയിൽ ഇത് പ്രതിഫലിക്കുമോ എന്നാണ് കാണേണ്ടത്. എസ്ഡിപിഐയും വോട്ട് പിടിക്കാൻ സജീവം. കള്ളവോട്ടും ബൂത്തുപിടിക്കലും കണ്ണൂരില്‍ ഇക്കുറിയും ആരോപിക്കപ്പെടുന്നുണ്ട്.

Kasaragod lok sabha constituency candidates 2019

കാസർകോട്

35 വര്‍ഷമായി കാസർകോട് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം. മൂന്നു മുന്നണികളും രംഗത്തിറക്കിയത് ഏറ്റവും ശക്തരായ സ്ഥാനാർഥികളെ. മുൻ എംഎൽഎ കെ.പി. സതീഷ് ചന്ദ്രൻ എല്‍ഡിഎഫിനും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ യുഡിഎഫിനും വേണ്ടി രംഗത്തിറങ്ങി. കന്നഡ വോട്ടുകളിൽ ഏറെ സ്വാധീനമുള്ള രവീശ തന്ത്രി കുണ്ടാറാണ് എന്‍ഡിഎ സ്ഥാനാർഥി. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇതു മറികടക്കുന്നതിനാണ് സതീഷ് ചന്ദ്രനെ സ്ഥാനാർഥിയാക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവർത്തകരിൽ പുതിയ ഊർജമായി. ശക്തമായ ത്രികോണ മത്സരമാണ് ആദ്യം പ്രവചിച്ചതെങ്കിലും എൽഡിഎഫ്– യുഡിഎഫ് നേര്‍ക്കുനേർ പോരാട്ടമാണ് ഇപ്പോൾ. യുഡിഎഫ് പ്രചാരണത്തില്‍ മുസ്‍ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ സജീവമായുണ്ട്. ലീഗ് വോട്ടുകൾ എത്രത്തോളമുണ്ടാകുമെന്നതിനെ അനുസരിച്ചാണ് യുഡിഎഫിന്റെ പ്രതീക്ഷകൾ ഫലം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com