മാലിന്യ സംസ്കരണം സ്കൂൾ സിലബസിൽ; വൃത്തിയുള്ള പുതിയ ഇന്ത്യയ്ക്കായി കേന്ദ്രം
Mail This Article
പത്തനംതിട്ട ∙ 2022 ന് മുൻപ് നഗരങ്ങളെ മാലിന്യവിമുക്തമാക്കാൻ കേന്ദ്രസർക്കാരിന് വിപുലമായ പദ്ധതി. സ്വച്ഛ് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടമായി, വിപുലമായ മാലിന്യ സംസ്കരണപദ്ധതിക്കും അതുവഴി പുതിയൊരു വൃത്തി സംസ്കാരത്തിനും തുടക്കമിടാനാണ് വകുപ്പുകൾക്കുള്ള നിതി ആയോഗിന്റെ നിർദേശം.
മാലിന്യസംസ്കരണത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിൽനിന്നുതന്നെ തുടങ്ങുന്നതിന് മാലിന്യ സംസ്കരണ രീതികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്കൂൾ സിലബസുകളിൽ ഉൾപ്പെടുത്തും. ഇത് പഠിപ്പിക്കാൻ അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. നിതി ആയോഗിന്റെ ‘പുതിയ ഇന്ത്യ’ എന്ന പദ്ധതിരേഖയിലാണ് ഇൗ പദ്ധതികൾ ഉൾപ്പെടുത്തിയത്.
കേന്ദ്രത്തിന്റെ എല്ലാ വകുപ്പുകളിലേക്കും സ്വച്ഛ് പദ്ധതി ‘കണക്ട്’ചെയ്യാനും നിതി ആയോഗിൽ തീരുമാനമുണ്ട്. 100 ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക സ്വച്ഛ് ടൂറിസം പദ്ധതിയിൽപ്പെടുത്തി മാലിന്യസംസ്കരണ പ്ലാന്റുകളും ആത്മീയ, പൈതൃക പ്രാധാന്യമുള്ള 100 നഗരങ്ങളിൽ മാലിന്യസംസ്കരണപദ്ധതികളും നടപ്പാക്കാനാണ് ടൂറിസം വകുപ്പിനോടു നിർദേശിച്ചിട്ടുണ്ട്.
അധികാരത്തിലേക്കുള്ള രണ്ടാവരവിനു ബിജെപിയെ സഹായിച്ച ശുചിമുറി പദ്ധതി ഗ്രാമീണ മേഖലയിൽ കൂടുതൽ വ്യാപിപ്പിക്കും. 81% ഗ്രാമങ്ങളിലും ഇപ്പോൾത്തന്നെ പദ്ധതി വഴി വീടുകളിൽ ശുചിമുറി സ്ഥാപിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. ബാക്കി ഗ്രാമങ്ങളിൽക്കൂടി പദ്ധതി പൂർത്തിയാക്കും. ദേശീയ പാതയ്ക്കരികിലും പൊതു സ്ഥലങ്ങളിലും ശുചിമുറി കോംപ്ലക്സുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്.
∙ ആശുപത്രികളുടെയും സർക്കാർ ഓഫിസുകളുടെയും ശൂചീകരണത്തിനും മാലിന്യസംസ്കരണത്തിനും കേന്ദ്രം സാമ്പത്തിക സഹായം പ്രഖ്യാപിക്കും.
∙ നദികളിലേക്കു മാലിന്യമൊഴുകുന്ന പൈപ്പുകളും സ്വീവിജ് വഴികളും പൂർണമായും തടയും .ഇതിനാവശ്യമായ സ്വീവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ 2022 നg മുൻപ് പൂർത്തിയാക്കാൻ പണം നൽകും.
∙ നഗരങ്ങളുടെ വികസനത്തിന് അമൃത്, നഗരഭവന പദ്ധതികളിൽ ശുചിത്വ പദ്ധതി ഉൾപ്പെടുത്തി.
∙ 99 നഗരങ്ങളിൽ സ്മാർട്സിറ്റി പദ്ധതിയിൽപ്പെടുത്തി വികസനം നടന്നുവരുകയാണ്. 2.04 ലക്ഷം കോടി രൂപയാണ് ഇതിനു ചെലവിടുന്നത്. ഇൗ നഗരങ്ങളിലെല്ലാം പുതിയ സാങ്കേതിക വിദ്യയിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു.
∙ കഴിഞ്ഞ 5 വർഷമായി 62,436 വാർഡുകളിൽ വീടുകളിൽനിന്ന് മാലിന്യശേഖരണം നടത്തി വിവിധ മാർഗങ്ങളിലൂടെ വിജയകരമായി സംസ്കരിക്കുന്നുണ്ട്. ഇത് ബാക്കി വാർഡുകളിലേക്കും വ്യാപിപ്പിക്കും.
∙ രാജ്യത്തെ 2648 നഗരങ്ങളിൽ പൂർണമായും ശുചിമുറി സൗകര്യം ഏർപ്പെടുത്തിയെന്നു പ്രഖ്യാപനം നടന്നു. ബാക്കി നഗരങ്ങളുടെ പ്രഖ്യാപനം 2022 ൽ നടക്കും.
∙ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദന പദ്ധതി വഴി നിലവിൽ 88.4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. 415 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിനുള്ള മാലിന്യ സംസ്കരണ പദ്ധതികൾ നിർമാണ ഘട്ടത്തിലാണ്.
∙ ശുചിത്വമേഖലയിൽ, താഴെത്തട്ടിൽ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നവരുടേതുൾപ്പെടെ ശമ്പളം ഉയർത്തും.
∙ പഞ്ചായത്തുകളും സ്ഥാപനങ്ങളുമായി ചേർന്ന് വിപുലമായ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തും.
∙ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന് റസിഡൻസ് അസോസിയേഷനുകൾക്ക് ബോധവൽക്കരണവും പദ്ധതിയും പ്രഖ്യാപിക്കും.