‘ശരിദൂരം’കടന്ന് പ്രശാന്ത്; ബിജെപിക്കും യുഡിഎഫിനും കനത്ത പ്രഹരം

Mail This Article
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് ആവേശോജ്വലമായ അട്ടിമറി വിജയം. സമുദായ സംഘടനകളുടെ നിലപാടിനപ്പുറം വോട്ടർമാർ ചിന്തിച്ചപ്പോൾ എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി. ‘ശരിദൂര’ നിലപാടിനെ തള്ളി വോട്ടർമാർ പ്രശാന്തിനൊപ്പം നിന്നപ്പോൾ, യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തിലെ പരാജയത്തിന്റെ കാരണം വിശദീകരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. പ്രചാരണം മോശമാണെന്ന യുഡിഎഫ് സ്ഥാനാർഥി കെ.മോഹന്‍കുമാറിന്റെ ആരോപണം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകും. വോട്ടു കച്ചവടമെന്ന പതിവ് ആരോപണവും മുന്നണികള്‍ ഉയര്‍ത്താം.
കുമ്മനം രാജശേഖരനിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്കു പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. സ്ഥാനാര്‍ഥി നിര്‍ണയം ശരിയായില്ലെന്ന ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ പ്രതികരണം പാര്‍ട്ടിയില്‍ ഉണ്ടാകാനിരിക്കുന്ന പൊട്ടിത്തെറികളുടെ സൂചനയാണ്. വലിയ വോട്ടുവ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷ് വീഴുമ്പോള്‍ ആ വീഴ്ചയുടെ കാരണം കണ്ടെത്താനും അത് വിശദീകരിക്കാനും ബിജെപി നേതൃത്വവും ബാധ്യസ്ഥരാകും.
മണ്ഡലം രൂപീകരിച്ച 2011 നു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ച യുഡിഎഫ് ആദ്യമായി പ്രതിരോധത്തിലാകുന്നത് മേയര്‍ വി.കെ. പ്രശാന്തിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെയാണ്. പ്രളയബാധിതരെ സഹായിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച പ്രശാന്തിനെ നേരിടാനാണ് മുന്‍ എംഎല്‍എ കൂടിയായ കെ.മോഹന്‍ കുമാറിനെ യുഡിഎഫ് രംഗത്തിറക്കിയത്. നായര്‍ സമുദായത്തില്‍നിന്നുള്ളയാളെന്ന പരിഗണനയും ലഭിച്ചു. പിന്നാലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതൃത്വം യുഡിഎഫിനു പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണത്തിനിറങ്ങുകയും ചെയ്തതോടെ 80% ബൂത്തുകളിലും നായര്‍ സമുദായത്തിന് 30 ശതമാനത്തിലേറെ മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചാണ് യുഡിഎഫ് പ്രചാരണരംഗത്ത് തിളങ്ങിയത്.
മറുവശത്ത് എല്‍ഡിഎഫിന് ആശ്രയിക്കാനുണ്ടായിരുന്നത് തിരുവനന്തപുരം മേയർ കൂടിയായ വി.കെ.പ്രശാന്തിന്റെ പ്രതിച്ഛായ മാത്രമായിരുന്നു. പ്രശാന്തിനു കീഴില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം മൊത്തത്തില്‍ അണിനിരന്നു. അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് പ്രശാന്തിനായി രംഗത്തിറങ്ങാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. പ്രശാന്തിനായി സര്‍വ തന്ത്രങ്ങളും മണ്ഡലത്തില്‍ പരീക്ഷിക്കപ്പെട്ടു. രഹസ്യ സര്‍വേകള്‍ പലതവണ നടന്നു. സര്‍വേ ഫലങ്ങള്‍ ഓരോ ദിവസം അവലോകനം ചെയ്ത ജില്ലാ കമ്മിറ്റി അതനുസരിച്ച് പ്രചാരണ പരിപാടികള്‍ രൂപപ്പെടുത്തി. ഇതിനെല്ലാം അപ്പുറം, മേയറെന്ന നിലയിലുള്ള പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കിയപ്പോള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ചുവപ്പണിഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ സമയത്തുതന്നെ യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നു. എൻ.പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കണമെന്ന കെ.മുരളീധരന്റെ ആവശ്യത്തെ പ്രാദേശിക നേതൃത്വം എതിര്‍ത്തതോടെയാണ് കെ.മോഹന്‍കുമാറിന് അവസരം ലഭിച്ചത്. തുടക്കത്തില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ സജീവമല്ലെന്ന പരാതി സ്ഥാനാര്‍ഥിക്കുണ്ടായിരുന്നു. താന്‍ മത്സരിച്ചപ്പോഴും ആരുടെയും പിന്തുണ ഉണ്ടായില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പിന്നീട് കെപിസിസി നേതൃത്വം ഇടപെട്ടതോടെയാണ് പ്രചാരണം ഉഷാറായത്.
തോൽവിക്കു പിന്നാലെ, പ്രചാരണം കാര്യക്ഷമമായിരുന്നില്ലെന്ന ആദ്യപ്രതികരണം കെ.മോഹന്‍കുമാറില്‍നിന്നു വന്നു കഴിഞ്ഞു. ഇതു വരുംദിവസങ്ങളില്‍ കടുത്ത അഭിപ്രായ ഭിന്നതകളിലേക്ക് കടക്കാം. പരാജയത്തിന്റെ കാരണങ്ങള്‍ മുന്‍ എംഎല്‍എ കെ.മുരളീധരനും വിശദീകരിക്കേണ്ട സാഹചര്യമുണ്ടാകാം. പ്രചാരണത്തിലെ വീഴ്ചയും പാര്‍ട്ടിയിലെ തര്‍ക്കങ്ങളുമാണ് പരാജയ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കോണ്‍ഗ്രസിനെയും ബിജെപിയെയും പിന്തുണച്ച വലിയൊരു വിഭാഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകളും വലിയ രീതിയില്‍ സമാഹരിക്കാനായി. കഴിഞ്ഞ തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അപാകതയാണ് പരാജയ കാരണമെന്ന എല്‍ഡിഎഫ് വിലയിരുത്തലിനെ ശരിവയ്ക്കുന്നതായി ഫലം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പ്രശാന്ത് ലീഡ് ചെയ്തു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നേറി. കൈവശമുള്ള 10 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ക്കു പുറമേ യുഡിഎഫിന്റെ 6 വാര്‍ഡുകളിലും ബിജെപിയുടെ കൈവശമുള്ള 9 വാര്‍ഡുകളിലും പ്രകടനം മെച്ചപ്പെടുത്തി. പ്രശാന്തിന്റെ വിജയം മുന്നണിക്കും സര്‍ക്കാരിനും വലിയ ആത്മവിശ്വാസം പകരും.
ബിജെപിക്കു കനത്ത നിരാശ നല്‍കുന്നതാണ് ഫലം. വലിയ രീതിയില്‍ അവരുടെ വോട്ടു ചോര്‍ന്നു. സിപിഎമ്മിനു കോണ്‍ഗ്രസ് വോട്ടു മറിച്ചുവെന്നാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷിന്റെ ആരോപണം. എന്നാല്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ നേടിയ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതിന്റെ കാരണങ്ങള്‍ നേതൃത്വത്തിനു വിശദീകരിക്കേണ്ടിവരും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളും ചര്‍ച്ചയാകും.
English Summary: V.K.Prasath Wins,Vattiyoorkavu Assembly byelection Analysis